ലോക്ക് ഡൗൺ; ലക്ഷദ്വീപിലെ നിയന്ത്രണങ്ങൾ എന്തെല്ലാം. ലോക്ക് ഡൗൺ ഉത്തരവിന്റെ പൂർണ്ണ രൂപം വായിക്കാം.

0
1462

കൊവിഡ്19 ലോകത്തെമ്പാടും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, ഈ മഹാമാരിയുടെ വ്യാപനം തടയുന്നതിനായി നമ്മുടെ രാജ്യം 21 ദിവസത്തെ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആർക്കൊക്കെ പുറത്തിറങ്ങാം? ഏതൊക്കെ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാം? എന്തൊക്കെ നിയന്ത്രണങ്ങളാണ് നിലനിൽക്കുന്നത് എന്നതിനെ കുറിച്ച് പൊതുവെ ജനങ്ങൾക്ക് ആശയക്കുഴപ്പമുണ്ട്. ലക്ഷദ്വീപ് ഭരണകൂടം പുറത്തിറക്കിയ ലോക്ക് ഡൗൺ ഉത്തരവിന്റെ പൂർണ്ണമായ വിവരങ്ങൾ ഇവിടെ ചേർക്കുന്നു.

To advertise here, Whatsapp us.

# എല്ലാ സ്വകാര്യ വ്യാപാര സ്ഥാപനങ്ങളും അടച്ചിടണം.
താഴെ പറയുന്ന അവശ്യ സേവനങ്ങൾ തുറന്നു പ്രവർത്തിക്കാവുന്നതാണ്.
1. ഭക്ഷ്യ വസ്തുക്കൾ വിൽപ്പന നടത്തുന്ന കടകൾ, റേഷൻ കട, പലചരക്കു കട, പഴം പച്ചക്കറി കടകൾ, പാൽ കട/ ബൂത്ത്, മത്സ്യ-മാംസ മാർക്കറ്റുകൾ എന്നിവ രാവിലെ പത്ത് മണി മുതൽ ഉച്ചതിരിഞ്ഞ് അഞ്ചു മണി വരെ തുറന്നു പ്രവർത്തിക്കാവുന്നതാണ്. ഈ കടകളിൽ എല്ലാം തന്നെ ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന രണ്ട് മീറ്റർ സാമൂഹിക അകലം കൃത്യമായി പാലിക്കേണ്ടതാണ്. അതാത് വ്യാപാര സ്ഥാപനങ്ങളിൽ കൃത്യമായ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് കടയുടമ ഉറപ്പു വരുത്തേണ്ടതാണ്. അല്ലാത്ത പക്ഷം കടയുടമ കടുത്ത നടപടികൾ നേരിടേണ്ടി വരും.
2. ബാങ്കുകൾ, ഇൻഷുറൻസ് ഓഫീസുകൾ, എ.ടി.എം.
3. അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങൾ.
4. ഇന്റെർനെറ്റ് സേവനങ്ങൾ, വാർത്താ വിനിമയം, ക്യാബിൾ ടി.വി സേവനങ്ങൾ, ഐ.ടി സംബന്ധമായ അവശ്യ സേവനങ്ങൾ.
5. ഇലക്ട്രിക് വ്യാപാരം വഴി ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ഹോം ഡെലിവറി.
6. പെട്രോൾ പമ്പ്, പാചക വാതകം, പെട്രോളിയം-ഗ്യാസ് എന്നിവ സൂക്ഷിക്കുന്ന ഗോഡൗണുകൾ.
7. ഊർജ്ജ ഉൽപാദന-സംപ്രേഷണ-വിതരണ സേവനങ്ങൾ (ഇലക്ട്രിസിറ്റി).
8. കോൾഡ് സ്റ്റോറേജുകൾ, ഗോഡൗണുകൾ.

# എല്ലാ വ്യവസായ സ്ഥാപനങ്ങളും അടച്ചിടണം.
താഴെ പറയുന്ന അവശ്യ സേവനങ്ങൾ തുറന്നു പ്രവർത്തിക്കാവുന്നതാണ്.
1. അവശ്യ വസ്തുക്കളുടെ ഉത്പാദന യൂണിറ്റുകൾ.
2. നിരന്തരമായ പ്രൊസസിങ്ങ് ആവശ്യമായ മറ്റ് ഉദ്പാദന കേന്ദ്രങ്ങൾ. ഇവർ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പ്രത്യേക അനുമതി വാങ്ങണം.

# എല്ലാ അതിഥി/വിനോദസഞ്ചാരി സേവന സ്ഥാപനങ്ങളും അടച്ചിടണം.
താഴെ പറയുന്ന അവശ്യ സേവനങ്ങൾ തുറന്നു പ്രവർത്തിക്കാവുന്നതാണ്.
1. ലോക്ക് ഡൗണിന്റെ ഭാഗമായി കുടുങ്ങിയ ആളുകൾ, മെഡിക്കൽ-അത്യാഹിത സ്റ്റാഫുകൾ, കപ്പൽ-ഫ്ലൈറ്റ് ജീവനക്കാർ എന്നിവർക്ക് താമസസൗകര്യം നൽകുന്ന ഹോംസ്റ്റേകൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, മോട്ടലുകൾ.
2. ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കുന്ന അത്തരം സ്ഥാപനങ്ങൾ.

# എല്ലാ വിദ്യാഭ്യാസ, ഗവേഷണ, ട്രൈനിങ്ങ്, കോച്ചിംഗ് സ്ഥാപനങ്ങളും അടച്ചിടണം.
# എല്ലാ ആരാധനാലയങ്ങളും പൂർണ്ണമായി അടച്ചിടണം. ഒരു കാരണവശാലും ആളുകൾ കൂടുന്ന മതപരമായ ചടങ്ങുകൾ അനുവദിക്കുന്നതല്ല.
# എല്ലാ സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, അക്കാദമിക, സാംസ്കാരിക, മതപരമായ പരിപാടികളും കൂടിച്ചേരലുകളും നിരോധിച്ചിരിക്കുന്നു.
# മരണം ഉണ്ടായാൽ മരണാനന്തര/ സംസ്കാര ചടങ്ങുകൾക്ക് ഇരുപത് പേരിൽ കൂടാത്ത ആളുകൾ പങ്കെടുക്കുന്നതിന് തടസ്സമുണ്ടാവുകയില്ല.
# തൊഴിൽ സ്ഥാപനങ്ങളും തൊഴിൽ ദാതാക്കളും ആരോഗ്യ വകുപ്പ് സമയാസമയം നിർദേശിക്കുന്ന കൊവിഡ് പ്രതിരോധ മുൻകരുതലുകളും സാമൂഹിക അകലവും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
# പെട്രോൾ, ഡീസൽ തുടങ്ങിയ അവശ്യ ഇന്ധനങ്ങൾ പോലീസ്, ഐ.ആർ.ബി.എൻ, ഫയർ സർവ്വീസ്, ആരോഗ്യ വകുപ്പ് തുടങ്ങിയ അത്യാവശ്യ സേവനമനുഷ്ഠിക്കുന്ന വകുപ്പുകൾക്ക് മാത്രം നൽകേണ്ടതാണ്. സ്വകാര്യ വ്യക്തികൾക്ക് ഒരു കാരണവശാലും ഇവ നൽകാൻ പാടുള്ളതല്ല.
# ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഭക്ഷണം പാർസൽ നൽകുന്നതിനായി അടുക്കള പ്രവർത്തിപ്പിക്കുന്നതിന് വിലക്കില്ല.
# ജനങ്ങൾ പുറത്തിറങ്ങുന്നതിനും സഞ്ചരിക്കുന്നതിനുമാണ് ഇത്രയും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. മറിച്ച് അവശ്യ സാധനങ്ങൾ കൊണ്ട് പോവുന്നതിന് ഒരു തടസ്സവും ഉണ്ടാവാൻ പാടുള്ളതല്ല. നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
# ഈ നിർദേശങ്ങൾ ലംഘിക്കുന്ന ആരായാലും, അവർക്കെതിരെ ഐ.പി.സി 188, 2005-ലെ ദുരന്ത മാനേജ്മെന്റ് ആക്ടിന്റെ 51 മുതൽ 60 വരെ വകുപ്പുകൾ ചുമത്തി കേസ് എടുക്കുന്നതാണ്.
# ഈ നിയന്ത്രണങ്ങൾ ശക്തമായി നടപ്പിലാക്കാൻ അതാത് ദ്വീപുകളിലെ സബ് ഡിവിഷണൽ ഓഫീസർമാർ/ ഡെപ്യൂട്ടി കളക്ടർമാർ എന്നിവരെ ഇൻസിഡന്റ് കമാൻഡർമാരായി നിയമിച്ചിട്ടുണ്ട്. ഓരോ ദ്വീപിലേയും നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഇവർക്കായിരിക്കും. ഈ ഘട്ടത്തിൽ മറ്റ് ഉദ്യോഗസ്ഥർ മുഴുവനും ഇൻസിഡന്റ് കമാൻഡർമാരുടെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കണം.
# അവശ്യ സാധനങ്ങൾ ജനങ്ങൾക്ക് ലഭ്യമാവുന്നുണ്ട് എന്ന് അതാത് ദ്വീപുകളിലെ ഇൻസിഡന്റ് കമാൻഡർമാർ ഉറപ്പു വരുത്തണം. ഇവരെ സഹായിക്കുന്നതിനായി എല്ലാ ദ്വീപുകളിലും ഒരോ ദുരന്ത നിർവ്വഹണ കമ്മിറ്റികൾ ഇതിനോടകം രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി അംഗങ്ങളുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന പ്രകാരമാണ്.
1. സബ് ഡിവിഷണൽ ഓഫീസർ/ ഡെപ്യൂട്ടി കളക്ടർ – കൺവീനർ
2. അംഗങ്ങൾ.
-അസിസ്റ്റന്റ് എഞ്ചിനീയർ/ ജൂനിയർ എഞ്ചിനീയർ (പി.ഡബ്ല്യു.ഡി)
-അസിസ്റ്റന്റ് എഞ്ചിനീയർ/ ജൂനിയർ എഞ്ചിനീയർ (ഇലക്ട്രിസിറ്റി)
-മെഡിക്കൽ ഓഫീസർ
-സർക്കിൾ ഇൻസ്പെക്ടർ/ സബ് ഇൻസ്പെക്ടർ (പോലീസ്)
-ഇൻഫർമേഷൻ അസിസ്റ്റന്റ്
-അഗ്രിക്കൾച്ചർ ഓഫീസർ/ അഗ്രിക്കൾച്ചർ ഡെമോൺസ്ട്രേറ്റർ
-അസിസ്റ്റന്റ് ഡയറക്ടർ/ ഇൻസ്പെക്ടർ (ഫിഷറീസ്)
-പ്രിൻസിപ്പാൾ/ ഹെഡ്മാസ്റ്റർ
-വെറ്ററിനറി സർജൻ/ അസിസ്റ്റന്റ് സർജൻ/ ഫാം മാനേജർ
-ബി.എസ്.എൻ.എൽ ടെലികോം ഓഫീസർ
-സെക്രട്ടറി, കോ ഓപ്പറേറ്റീവ് സപ്ലൈ ആൻഡ് മാർക്കറ്റിംഗ് സൊസൈറ്റി.

# എല്ലാ സബ് ഡിവിഷണൽ ഓഫീസർ/ ഡെപ്യൂട്ടി കളക്ടരും 24 മണിക്കുറും പ്രവർത്തിക്കുന്ന ഒരു കൺട്രോൾ റൂം ആരംഭിക്കണം. അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനും കൊവിഡ് വ്യാപനം തടയുന്നതിനും കൺട്രോൾ റൂം പ്രവർത്തനങ്ങൾ ഉപയോഗിക്കണം.
# ആശുപത്രികളിലെ സൗകര്യങ്ങൾ അടിയന്തിരമായി കൂട്ടേണ്ട സാഹചര്യം ഉണ്ടായാൽ അതിനു വേണ്ട സാധനങ്ങൾ, തൊഴിലാളികൾ എന്നിവ യഥാസമയം എത്തിച്ചു കൊണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരു തടസ്സവും ഉണ്ടാവുന്നില്ല എന്ന് ഇൻസിഡന്റ് കമാൻഡർമാരായ എസ്.ഡി.ഒ/ ഡി.സി എന്നിവർ ഉറപ്പു വരുത്തണം.

Advertisement.

ഇതാണ് ലക്ഷദ്വീപ് ജില്ലാ കളക്ടർ പുറത്തിറക്കിയ ലോക്ക് ഡൗൺ ഉത്തരവിന്റെ പൂർണ്ണ രൂപം. നമ്മുടെ നന്മയ്ക്കായി ഭരണകൂടം നൽകുന്ന നിർദേശങ്ങൾ പൂർണ്ണമായി അനുസരിച്ച് കൊണ്ട് നമുക്ക് വീടുകളിൽ ഇരിക്കാം.

സാമൂഹികമായ ഒത്തൊരുമ മുറുകെ പിടിച്ചു കൊണ്ട് തന്നെ ശാരീരികമായ അകലം പാലിക്കാം… ഈ ദുരിതകാലവും കടന്നു പോകും… നമ്മൾ അതിജീവിക്കും…


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here