ന്യൂഡല്‍ഹി: ചരിത്ര സ്മാരകമായ ചെങ്കോട്ട ഇനി സ്വകാര്യ കമ്പനിയായ ഡാല്‍മിയക്ക് കൈമാറുന്നു.മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മിച്ച ദില്ലിയിലെ ചെങ്കോട്ടയുടെ സംരക്ഷണ നിയന്ത്രണാവകാശമാണ് ഡാല്‍മിയ ഗ്രൂപ്പ് സ്വന്തമാക്കിയത്. അതേസമയം സംഭവത്തില്‍ ബി ജെ പി സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കയാണ്. സ്വാതന്ത്ര്യ ദിനത്തില്‍ മൂവര്‍ണക്കൊടി പാറിക്കളിക്കുന്ന ഡെല്‍ഹിയിലെ ചെങ്കോട്ട ഇന്‍ഡിഗോ എയര്‍ലൈന്‍സ്, ജി.എം.ആര്‍ ഗ്രൂപ്പ് തുടങ്ങിയ കമ്പനികളെ പിന്‍തള്ളിയാണ് ഡാല്‍മിയ ഭാരത് ഗ്രൂപ്പ് സ്വന്തമാക്കിയത്. 25 കോടി രൂപയ്ക്കാണ് കൈമാറ്റം. ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു ചരിത്ര സ്മാരകം കോര്‍പറേറ്റ് കമ്പനിക്ക് വാടകയ്ക്ക് നല്‍കുന്നത്. 17ാം നൂറ്റാണ്ടിലാണ് ഷാജഹാന്‍ ചെങ്കോട്ട നിര്‍മിക്കുന്നത്. ആഗ്രയില്‍ നിന്ന് ദില്ലിയിലേക്ക് രാജ്യ തലസ്ഥാനം മാറ്റുന്നതിനനുബന്ധിച്ചാണ് ചെങ്കോട്ട നിര്‍മിക്കുന്നത്. സ്വാതന്ത്ര ദിനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മുന്നോടിയായി സുരക്ഷാ നടപടികള്‍ക്കായി ജൂലൈയില്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറുമെന്നാണ് വിവരം.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 17ന് രാഷ്ട്രപതി ഉദ്ഘാടനം ചെയ്ത അഡോപ്റ്റ് എ ഹെറിറ്റേജ് എന്ന പദ്ധതി പ്രകാരമാണ് ഡാല്‍മിയ ഗ്രൂപ്പ് ചെങ്കോട്ട ഏറ്റെടുത്തത്. ഇത് സംബന്ധിച്ച് സെപ്തംബറില്‍ തന്നെ സര്‍ക്കാരുമായി കരാറൊപ്പിട്ടിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് ഇത് പുറത്തുവിടുന്നത്. കരാര്‍ അനുസരിച്ച് ആറ് മാസത്തിനകം ചെങ്കോട്ടയുടെ പരിസര പ്രദേശത്ത് കുടിവെള്ള കിയോസ്‌കുകള്‍, തടി ബെഞ്ചുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം. അതിന് ശേഷം ശുചിമുറി, വെളിച്ച സംവിധാനം, നടപ്പാതകള്‍, ദിശാ സൂചികകള്‍, പുല്‍ത്തകിടി, 1000 ചതുരശ്ര അടിയുള്ള സന്ദര്‍ശക വിശ്രമ കേന്ദ്രം, ചെങ്കോട്ടയുടെ അകത്തളത്തിന്റെയും പുറം ഭാഗത്തിന്റെയും ത്രിമാന രൂപം, ബാറ്ററിയില്‍ ഓടുന്ന വാഹനങ്ങള്‍, ഭക്ഷണശാല തുടങ്ങിയവയുടെ പ്രവര്‍ത്തനം ആരംഭിക്കണം.
ഇതിന് ശേഷം ടൂറിസം, കര്‍ച്ചറല്‍ മന്ത്രാലയങ്ങളുടെ അനുമതി കിട്ടിയാല്‍ ചെങ്കോട്ടയിലേക്കുള്ള പ്രവേശനത്തിന് പണം ഈടാക്കാം. ഈ പണം ചെങ്കോട്ടയുടെ പുനര്‍നിര്‍മാണത്തിനും അറ്റകുറ്റപണികള്‍ക്കും വേണ്ടി ഉപയോഗിക്കണം. അതേസമയം, തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു. അടുത്ത ഏത് ചരിത്ര സ്മാരകമാണ് ബി.ജെ.പി സ്വകാര്യവ്യക്തികള്‍ക്ക് തീറെഴുതുന്നതെന്ന് അറിയാന്‍ താത്പര്യമുണ്ടെന്ന് കോണ്‍ഗ്രസ് ട്വിറ്ററിലൂടെ പ്രതികരിച്ചു. ഈ പദ്ധതി പ്രകാരം താജ്മഹല്‍ അടക്കം രാജ്യത്തെ 100 ചരിത്ര സ്മാരകങ്ങളും പൈതൃക ഗ്രാമങ്ങളുമാണ് സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തിലേക്ക് വിട്ടുകൊടുക്കുന്നത്. ഡല്‍ഹിയിലെ കുത്തബ് മിനാര്‍, ജന്തര്‍ മന്ദര്‍, പുരാന ഖില, സഫ്ദാര്‍ജംഗ് ടോംബ്, ആഗ്രാസെന്‍ കി ബഓലി, ഒഡിഷയിലെ സൂര്യക്ഷേത്രം, രാജാറാണി ക്ഷേത്രം, കര്‍ണാടകയിലെ ഹംപി, ജമ്മു കശ്മീരിലെ ലേ കൊട്ടാരം, മഹാരാഷ്ട്രയിലെ അജന്ത എല്ലോറ ഗുഹകള്‍, കൊച്ചിയിലെ മട്ടാഞ്ചേരി, ഉത്തരാഖണ്ഡിലെ ഗംഗോത്രി ക്ഷേത്രം തുടങ്ങിയവയാണ് ഇനി സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക