കവരത്തി: ലക്ഷദ്വീപിലെ കപ്പലുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതികൾ സി.ബി.ഐ അന്വേഷിക്കണമെന്ന് എൻ.സി.പി ആവശ്യപ്പെട്ടു. എൻ.സി.പി ലക്ഷദ്വീപ് ഘടകത്തിന് വേണ്ടി പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.പി.മുഹ്സിൻ ആണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫാറൂഖ് ഖാൻ മുമ്പാകെ പരാതി സമർപ്പിച്ചിരിക്കുന്നത്. സി.ബി.ഐ പോലുള്ള പുറത്ത് നിന്നുള്ള ഏജൻസികൾ അന്വേഷണം നടത്തിയാൽ മാത്രമേ യഥാർത്ഥ വസ്തുതകൾ പുറത്ത് കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. ആയതിനാൽ സി.ബി.ഐ തന്നെ അന്വേഷണം നടത്തണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

ലക്ഷദ്വീപിലെ ബഹുഭൂരിപക്ഷം ജനങ്ങളും അവരുടെ യാത്രകൾക്കായി കപ്പലുകളെയാണ് ആശ്രയിക്കുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്ന അവർ, ദ്വീപുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ അവരുടെ ആരോഗ്യ-വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വൻകരയുമായി നിരന്തരം ബന്ധപ്പെടുന്നവരാണ്. വേനലവധിക്കാലത്താണ് ഏറ്റവും കൂടുതൽ ആളുകൾ വൻകരയിലേക്ക് അവരുടെ ചികിത്സാവശ്യങ്ങൾക്കായി പോവുന്നത്. അതുകൊണ്ട് തന്നെ ഈ അവധിക്കാലത്ത് കപ്പലുകൾ പണിമുടക്കുന്നത് യാത്രക്കാരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു എന്ന് പരാതിയിൽ പറയുന്നു.
അടുത്തിടെ അറ്റകുറ്റപ്പണികൾ കഴിഞ്ഞെത്തിയ എം.വി.കവരത്തി കപ്പൽ വീണ്ടും പണിമുടക്കിയിരിക്കുന്നു. വലിയ തകരാറുകൾ ആയതിനാൽ ഇനി എന്ന് മുതൽ സർവ്വീസ് പുനരാരംഭിക്കാനാവും എന്ന് അധികൃതർക്ക് പോലും ധാരണയില്ല. ഏഴ് കോടി രൂപ ചിലവഴിച്ച് മൂന്ന് മാസത്തിലേറെ ഡോക്കിലയച്ചാണ് എം.വി.കവരത്തിയുടെ അറ്റകുറ്റപ്പണികൾ നടത്തിയത്. ഈ മാസം പകുതി കഴിഞ്ഞ് മാത്രം സർവ്വീസ് ആരംഭിച്ച കപ്പൽ അതിന്റെ രണ്ടാമത്തെ യാത്ര കഴിഞ്ഞ് വീണ്ടും പണിമുടക്കിയിരിക്കുകയാണ്. 750 യാത്രക്കാരെ വഹിക്കാവുന്ന കപ്പലിന്റെ മുഴുവൻ ടിക്കറ്റുകളും മുൻകൂട്ടി ബുക്കിംഗ് ചെയ്തു കഴിഞ്ഞതാണ്. ബുക്ക് ചെയ്ത എല്ലാ യാത്രക്കാരും തന്നെ പലവിധ അത്യാവശ്യങ്ങൾ ഉള്ളവരാണ്. എന്നാൽ പൊടുന്നനെ കപ്പൽ ഓടില്ല എന്ന് അറിഞ്ഞതോടെ യാത്രക്കാർ വൻകരയിലും പല ദ്വീപുകളിലുമായി കുടുങ്ങിക്കിടക്കുകയാണ്. -പരാതിയിൽ പറയുന്നു.
അറ്റകുറ്റപ്പണികൾക്കെന്ന പേരിൽ മൂന്ന് മാസം ഡോക്കിൽ കയറ്റിയ കപ്പലിൽ അത്യാവശ്യമായി ചെയ്യേണ്ട പണികൾ പോലും ചെയ്തിട്ടില്ല. അതിനാലാണ് കപ്പൽ ഇപ്പോൾ വീണ്ടും തകരാറിലായിരിക്കുന്നത്. അറ്റകുറ്റപ്പണികളുടെ പേരിൽ വലിയ അഴിമതികൾ നടക്കുന്നതിനാലാണ് കപ്പലുകൾ ഇങ്ങനെ പെട്ടെന്ന് തന്നെ കട്ടപ്പുറത്താവുന്നത്. എൽ.ഡി.സി.എൽ ഉദ്യോഗസ്ഥർക്ക് ഇതിൽ കുറ്റകരമായ പങ്കുണ്ട്. ഓരോ കപ്പലിനും അതാത് സമയങ്ങളിൽ വേണ്ട അറ്റകുറ്റപ്പണികളുടെ പട്ടിക അതാത് കപ്പലുകളിലെ ക്യാപ്റ്റന്മാർ എഴുതി നൽകാറുണ്ട്. എന്നാൽ ഈ പട്ടിക എൽ.ഡി.സി.എൽ മൂടിവെക്കുന്നു. കൂടാതെ, കപ്പലിന്റെ അറ്റകുറ്റപ്പണികൾക്കായി എൽ.ഡി.സി.എൽ സ്ഥിരമായി പുറം കരാർ നൽകുകയാണ്. ഇങ്ങനെ പുറം കരാർ ലഭിക്കുന്നലരും എൽ.ഡി.സി.എൽ ഉദ്യോഗസ്ഥരും ഒത്തുകളിക്കുന്നതിലൂടെ കോടികളുടെ തിരിമറികൾ നടക്കുന്നു. വിഷയം ഇത്രയും ഗൗരവമുള്ളതിനാൽ, സി.ബി.ഐ പോലൊരു ഏജൻസിയുടെ അന്വേഷണം കൊണ്ട് മാത്രമേ ഇത്രയും വലിയ അഴിമതി പുറത്ത് കൊണ്ട് വരാനാവുകയുള്ളൂ. ആയതിനാൽ ദ്വീപുകാരുടെ മൊത്തത്തിലുള്ള ആവശ്യമായി പരിഗണിച്ച് ഈ വിഷയത്തിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് എൻ.സി.പി സമർപ്പിച്ച പരാതിയിൽ ആവശ്യപ്പെട്ടു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക