ശ്രീലങ്കയില്‍ ബുര്‍ഖ നിരോധിച്ചു; തീവ്രവാദത്തിന്റെ അടയാളമെന്ന് മന്ത്രി, നിയമ ലംഘനമെന്ന് യുഎന്‍

0
582

കൊളംബോ: ശ്രീലങ്കയില്‍ പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിക്കാന്‍ മന്ത്രിസഭാ തീരുമാനം. ദേശസുരക്ഷ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി. പൊതുസുരക്ഷാ മന്ത്രി ശരത് വീരശേഖരയാണ് ഈ നിര്‍ദേശം മന്ത്രിസഭയില്‍ വച്ചത്. മന്ത്രിസഭ തന്റെ നിര്‍ദേശം അംഗീകരിച്ചുവെന്ന് മന്ത്രി പറഞ്ഞു. ബുര്‍ഖ തീവ്രവാദത്തിന്റെ അടയാളമാണെന്ന് പറഞ്ഞ അദ്ദേഹം നിരോധനം മൂലം ദേശസുരക്ഷ മെച്ചപ്പെടുമെന്നും അവകാശപ്പെട്ടു. മന്ത്രിസഭാ തീരുമാനം അറ്റോര്‍ണി ജനറലിന്റെ വകുപ്പിന് കൈമാറി. പാര്‍ലമെന്റിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ മാത്രമേ നിയമമാകൂ. പാര്‍ലമെന്റില്‍ സര്‍ക്കാരിന് മികച്ച ഭൂരിപക്ഷമുള്ളതിനാല്‍ നിയമമാക്കുന്നതില്‍ തടസമുണ്ടാകില്ല.

2019ല്‍ ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ ബുര്‍ഖ താല്‍ക്കാലികമായി നിരോധിച്ചിരുന്നു. ഐസിസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പ്രാദേശിക മുസ്ലിം സംഘടനകളാണ് ആക്രമണം നടത്തിയത് എന്നാണ് പോലീസ് കണ്ടെത്തിയത്. പിന്നാടാണ് ബുര്‍ഖ നിരോധിക്കണമെന്ന് സര്‍ക്കാരിലെ ചില മുതിര്‍ന്ന നേതാക്കള്‍ ആവശ്യമുന്നയിച്ചത്. ഇപ്പോള്‍ തീരുമാനം മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നു.

മുസ്ലിങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന നടപടിയാണിതെന്ന് പാകിസ്താന്‍ അംബാസഡര്‍ സഅദ് ഖട്ടക്ക് പറഞ്ഞു. അന്താരാഷ്ട്ര നിയമ ലംഘനമാണ് മന്ത്രിസഭാ തീരുമാനം എന്ന് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി അഹമ്മദ് ഷഹീദ് പ്രതികരിച്ചു. 2.2 കോടി വരുന്ന ശ്രീലങ്കന്‍ ജനസംഖ്യയില്‍ 9 ശതമാനമാണ് മുസ്ലിങ്ങള്‍. 70 ശതമാനത്തിലധികം ബുദ്ധരാണ്. തമിഴ് വംശജരായ ഹിന്ദുക്കള്‍ 15 ശതമാനം വരും. സര്‍ക്കാരില്‍ ബുദ്ധര്‍ക്കാണ് സ്വാധീനം.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here