ആന്ത്രോത്ത്: ബഹുമാനപ്പെട്ട ഖാളി സയ്യിദ് ഉമറുൽ ഫാറൂഖ് അൽബുഖാരി പൊസോട്ട് തങ്ങളുടെ ആശീർവാദത്തോടെ ആന്ത്രോത്ത് മള്ഹറു നൂരിൽ ഇസ്ലാമിതാ’ലീമിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മുപ്പത് വർഷമായി റമളാൻ 25-ആം രാവിൽ നടന്നുവരുന്ന ആന്ത്രോത്ത് ദ്വീപിലെ മഹാന്മാരുടെ മഖ്ബറകളിലേക്കുള്ള സിയാറത്ത് യാത്ര പ്രൗഢമായി സമാപിച്ചു. ഇന്നലെ ളുഹ്ർ നിസ്കാരത്തിന് ശേഷം മുമ്പ് മൗലാ തങ്ങൾ ആന്ത്രോത്ത് ദ്വീപിൽ ആദ്യമായി സുജൂദ് ചെയ്ത കണ്ടെത്തിക്കുന്ന് സിയാറത്തോടെയാണ് സിയാറത്ത് ഔദ്യോഗികമായി ആരംഭിച്ചത്. അസർ നിസ്കാരത്തിന് ശേഷം പി.പി.പി ആറ്റക്കോയ തങ്ങളുടെ മഖ്ബറ സിയാറത്ത് ചെയ്തു. തുടർന്ന് കുഞ്ഞുമ്മാ പള്ളിയിൽ വെച്ച് മുഹ്‌യിദ്ദീൻ മാല പാരായണം നടന്നു. തറാവീഹിന് ശേഷം കുഞ്ഞുമാ ഖോജാ (ഖ.സ) സന്നിധിയിൽ നിന്നും സിയാറത്ത് യാത്ര ആരംഭിച്ചു. ഡോ.കോയാ തങ്ങൾ പതാക കൈമാറി. ബാഹിർ മുസ്‌ലിയാർ, സയ്യിദ് ഖുത്ബുദ്ദീൻ സഖാഫി, എസ്.വി.പി സയ്യിദ് ബഷീർ തങ്ങൾ, സുൽഫി മാസ്റ്റർ, പി.എസ്.എം അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ദീൻ ബുഖാരി തുടങ്ങിയവർ ചേർന്ന് പതാക സ്വീകരിച്ചു. തുടർന്ന് ആന്ത്രോത്ത് ദ്വീപിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാന്മാരുടെ മഖ്ബറകൾ സന്ദർശിച്ച് പ്രത്യേക പ്രാർത്ഥനകൾ നടത്തി. സയ്യിദ് ഖുത്ബുദ്ദീൻ സഖാഫി, പി.എസ്.എം ബാഹർ മുസ്‌ലിയാർ, പി.എ മഅറൂഫ് ലത്വീഫി എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക