കൊച്ചി: നിർമാതാവ് ബീന കാസിംനെതിരെ ആരോപണം ഉന്നയിച്ച് സംവിധായിക ഐഷ സുൽത്താന. ബീന കാസിം കേന്ദ്ര സർക്കാറിന് അടിമപ്പണി ചെയ്യുകയാണെന്നാണ് ആരോപണം. ഐഷ സുൽത്താനയുടെ ആദ്യ സിനിമയായ ഫ്ലഷ്ന്റെ നിർമ്മാതാവാണ് ബീന കാസിം.
ലക്ഷദ്വീപിന്റെ ജീവിതം പ്രമേയ മാകുന്ന സിനിമ റിലീസ് ചെയ്യില്ലെന്ന് നിർമാതാവ് പറഞ്ഞ സാഹചര്യത്തിലാണ് ബീന കാസിമിനെതിരെ ഐഷ സുൽത്താന രംഗത്തെത്തിയത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഐഷ സുൽത്താന ഈ കാര്യം പങ്കുവെച്ചത്. കേന്ദ്ര സർക്കാറിനെതിരെ സംസാരിച്ച സിനിമ താനൊരിക്കലും റിലീസ് ചെയ്യില്ലെന്ന് നിർമാതാവ് പറഞ്ഞതായി ഐഷ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഒരു പാട്ടും ട്രെയ്ലറും റിലീസ് ആയ സിനിമയാണ് ഫ്ലഷ്. ഇത് പുറത്തിറക്കുന്നതിന് വേണ്ടി ഓരോ ടീമിനെ ശരിയാക്കി കൊടുത്തപ്പോഴും ഒ.ടി.ടി ടീം വന്നപ്പോഴും നിർമ്മാതാവ് അനുവദിച്ചില്ല. ഒടുവിൽ ഒരു മീഡിയേറ്ററെ വെച്ച് സംസാരിച്ചപ്പോഴാണ് കേന്ദ്ര സർക്കാറിനെതിരെ പറയുന്ന സിനിമ റിലീസ് ചെയ്യില്ലെന്ന് നിർമ്മാതാവ് വ്യക്തമാക്കുന്നത് എന്ന് ഐഷ പറഞ്ഞു സ്വന്തം നിലയിൽ യുട്യൂബിൽ റിലീസ് ചെയ്യുമെന്ന് പറഞ്ഞപ്പോൾ കേസ് കൊടുക്കുമെന്ന് നിർമാതാവ് ഭീഷണിപ്പെടുത്തിയതായും ഐഷ പറയുന്നു.

“അവരുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി എന്നെയും എന്റെ നാടിനെയും നാടിനെക്കുറിച്ച് തുറന്ന് പറഞ്ഞ സിനിമയെയും ഒറ്റിക്കൊടുക്കുകയായിരുന്നു. നിങ്ങളൊക്കെ ചേർന്ന് ഞങ്ങൾ ദ്വീപുകാരെ ഇഞ്ചിഞ്ചായി കൊല്ലുവാണെന്ന് ഓർക്കുമ്പോൾ, നിങ്ങളെന്ന പ്രൊഡ്യൂസറിനോട് എനിക്ക് പുച്ഛം തോന്നുന്നു ” – ഐഷ പറഞ്ഞു .
ലക്ഷദ്വീപ് ബി.ജെ.പി ജനറൽ സെക്രട്ടറിയാണ് നിർമാതാവ് ബീനയുടെ ഭർത്താവ് എച്ച്. കെ മുഹമ്മദ് കാസിം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക