കൊച്ചി: എം.വി. കവരത്തി അടക്കമുള്ള വലിയ കപ്പലുകള്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ലക്ഷദ്വീപ് സർവിസിന് ഉപയോഗിക്കാൻ നടപടികള്‍ വേഗത്തിലാക്കണമെന്ന് ഹൈകോടതി. ദ്വീപിലേക്ക് മതിയായ കപ്പല്‍ സർവിസില്ലെന്നത് ലക്ഷദ്വീപ് ഭരണകൂടവും ശരിവെക്കുന്നുണ്ടെങ്കിലും മനഃപൂർവം വീഴ്ചവരുത്തിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
കപ്പൽ സർവിസ് വെട്ടിക്കുറച്ചതോടെ ദ്വീപ് നിവാസികള്‍ യാത്രാദുരിതം അനുഭവിക്കുന്നതായി കാട്ടി ജെഡി(യു) ലക്ഷദ്വീപ് സംസ്ഥാന അധ്യക്ഷൻ ഡോ. കെ.പി. മുഹമ്മദ് സിദ്ദീഖ് സമർപ്പിച്ച പൊതുതാല്പര്യഹരജി തീര്‍പ്പാക്കിയാണ് കോടതിയുടെ ഉത്തരവ്. രണ്ട് വലിയ കപ്പൽ അറ്റകുറ്റപ്പണിക്കായി കയറ്റിയതാണ് പ്രതിസന്ധിക്ക് കാരണം. ജൂണ്‍ അവസാനവാരത്തോടെ ഇതിന്റെ സർവിസ് പുനരാരംഭിക്കുന്നതോടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്നും കോടതി തീർപ്പിലെത്തി.
അഞ്ച് കപ്പലുകളില്‍ രണ്ടെണ്ണം മാത്രമേ സര്‍വിസ് നടത്തുന്നുള്ളൂവെന്നായിരുന്നു ഹരജിയിലെ ആരോപണം. ഏറ്റവും വലിയ കപ്പലായ കവരത്തിയുടെ തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാണെന്ന് ദ്വീപ് ഭരണകൂടം അറിയിച്ചു. മറ്റ് കപ്പലുകളും അറ്റകുറ്റപ്പണിയിലാണ്. മോശം കാലാവസ്ഥ രണ്ട് കപ്പലുകളുടെ സർവിസിനെ ബാധിച്ചിട്ടുണ്ട്. രോഗികളെയും മറ്റും കൊണ്ടുപോകാൻ മൂന്ന് ഹെലികോപ്ടറുണ്ട്. അറ്റകുറ്റപ്പണി നടത്തി എല്ലാ കപ്പലും സർവിസ് പുനരാരംഭിക്കുന്നതോടെ യാത്ര പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക