അനുഭവക്കുറിപ്പ്: ഡോ. ഖലീൽ ഖാൻ.
കോവിഡ് 19 എന്ന മഹാമാരി സംഹാരതാണ്ടവമാടുന്ന ഈ കാലയളവിൽ നെഗറ്റീവ് വാർത്തകൾ മാത്രം കേട്ടു മനം മടുത്തിരിക്കുന്ന ദ്വീപുജനതയുടെ മനസ്സിനെ കുളിർമ്മയണിയിക്കുന്ന ഒരു വാർത്തയുമായിട്ട് നിങ്ങളുടെ മുമ്പിൽ അമിനി CHCയെ പ്രതിനിധീകരിച്ചു വരാൻ സാധിച്ചതിൽ ഞാൻ അങ്ങേയറ്റം സന്തോഷിക്കുന്നു. മുഴുവൻ ലക്ഷദ്വീപിനും ലോകത്തിന്റെ മുമ്പിൽ ആത്മാഭിമാനത്തോടെ തല ഉയർത്തിനിൽക്കാൻ വക നൽകുന്ന ചില കാര്യങ്ങൾ പൊതുസമൂഹവുമായി പങ്കുവെക്കുകയാണ്.

ഡു ഓർ ഡൈ (Do or Die) എന്ന് എല്ലാരും കേട്ടിട്ടുണ്ടാവും, എന്നാൽ അങ്ങനത്ത സിറ്റുവേഷൻ ജീവിതത്തിൽ അഭിമുഖീകരച്ചവർ വിരളമായിരിക്കും. ഈ കഴിഞ്ഞ ജൂൺ മാസത്തിൽ അമ്മേനിയിൽ ഞങ്ങൾക്ക് അങ്ങനെയൊരു വെല്ലുവിളി നേരിടേണ്ടി വന്നു.
28 ആഴ്ച്ച പോലും പൂർത്തിയാക്കാത്ത ഒരു ഗർഭിണി പ്രസവ ലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ഗർഭസ്ത്ഥ ശിശുവിനു പൂർണ്ണ വളർച്ച കൈവരിക്കാൻ 40 ആഴ്ചയാണു വേണ്ടത്. ഗൈനക്കോളജിസ്റ്റ് ഡോക്ടർ സാതിജയുമായി സംസാരിച്ചപ്പോൾ ഈ അവസ്ഥയിൽ ഒരു പ്രസവം നടന്നാൽ കുട്ടി ജീവിക്കാനുള്ള സാധ്യത ഒട്ടും ഇല്ലാത്തതിനാൽ കഴിയുന്നതും പ്രസവം നടക്കാതെ എങ്ങെനെയെങ്കിലും നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്ന മറുപടി ലഭിച്ചു.
സമാധാനമായി.

എന്നാൽ ഒരു ദിവസം കൂടി കഴിഞ്ഞപ്പോൾ ഡോക്ടർ ആ കൈപ്പേറിയ സത്യം തുറന്നു പറഞ്ഞു. കുട്ടിയുടെ തല ഇറങ്ങി വന്നു ഗർഭപാത്രത്തിന്റെ ആമുഖം വികാസം പ്രാപിച്ചു തുടങ്ങിക്കഴിഞ്ഞു, ഇനി രക്ഷയില്ല. പ്രസവം നടക്കുക തന്നെ ചെയ്യും. അന്നേക്ക് ഗർഭസ്ത്ഥ ശിശുവിനു പ്രായം 28 ആഴ്ച്ച ആയിട്ടുണ്ട്. പക്ഷേ വെറും 28 ആഴ്ച്ചയിൽ കുഞ്ഞിന്റെ ബാഹ്യവും ആന്തരികവുമായ വളർച്ച പൂർത്തിയായിട്ടുണ്ടാകില്ല എന്നു മാത്രമല്ല കുഞ്ഞിനു രോഗപ്രതിരോധ ശക്തി ഒട്ടും ഉണ്ടാവില്ല. ഇത്തരം Early preterm babies നെ പരിചരിക്കാനും രക്ഷപ്പെടുത്താനും ലോകോത്തര നിലവാരമുള്ള Neonatal ICU ഉള്ള ആശുപത്രിയും കഴിവുള്ള നവജാത ശിശു വിദഗ്ധനും (Neonatologist) ഈ മേഘലയിൽ പ്രത്യേകം പരിശീലനം ലഭിച്ച നേഴ്സുമാരും അത്യന്താപേക്ഷിതമാണത്രേ. അഗത്തിയിലും കവരത്തിയിലും വിളിച്ചന്വേഷിച്ചപ്പോൾ ഒരു 34 ആഴ്ച്ചയെങ്കിലും പൂർത്തിയായിട്ടില്ലെങ്കിൽ കുഞ്ഞ് രക്ഷപ്പെടാനുള്ള സാധ്യത കുറവാണത്രേ. കൊച്ചിയിലേക്ക് വിടുന്നതാണു നല്ലത്.

കൊച്ചിയിലാണെങ്കിൽ കോവിഡ്-19 എന്ന മഹാമാരി സംഹാരതാണ്ടവം ആരംഭിച്ചുകൊണ്ടിരിക്കുകയാണ്. രോഗിയും, കൂടെ പോകാനുള്ള ബന്ധുക്കളും എല്ലാം പ്രഷർ പ്രമേഹം പോലുള്ള അസുഖബാധിതരും കോവിഡ്-19 കാരണമുള്ള പ്രശ്നങ്ങൾക്ക് ഏറെ റിസ്ക് ഉള്ളവരുമാണ്. രക്ഷപ്പെടാൻ സാധ്യത കുറവുള്ള ഇതുവരേ ജനിച്ചിട്ടില്ലാത്ത കുഞ്ഞിനു വേണ്ടി ഒരുപാടു പേരുടെ ആരോഗ്യവും ജീവനും അപകടത്തിലാക്കണോ. ഏതാനും വർഷങ്ങൾക്കു മുമ്പ് അമേനിയിലെ തന്നെ ഇതുപോലുള്ള മറ്റൊരു മാസം തികയാത്ത കുഞ്ഞിനെ കൊച്ചിയിലേക്ക് ഇവാക്കുവേറ്റു ചെയ്തതും മാസങ്ങളോളം നിയോനാറ്റൽ ഐസിയൂവിൽ ചികിത്സിച്ചതും അവർക്കു ഏഴെട്ടു ലക്ഷം രൂപയിലധികം ചിലവായതും ആ കുടുംബം സാമ്പത്തികമായി ഞെരുക്കത്തിലായതും ഒടുക്കം ആ കുഞ്ഞു ദൗർഭാഗ്യവശാൽ മരിച്ചുപോയതുമായ അനുഭവം ഞങ്ങളുടെ മുമ്പിലുണ്ട്.
എന്നാൽ ഈ കേസിൽ ജനിക്കാൻ പോകുന്ന കുഞ്ഞാണെങ്കിൽ ആ ദമ്പതികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന്റേയും ചികിത്സകളുടേയും പ്രാർത്ഥനകളുടേയും ഫലമായി ലഭിച്ച കുഞ്ഞാണ്. വൈദ്യശാസ്ത്ര മേഖലയിലുള്ളവർ പ്രീഷ്യസ് പ്രഗ്നൻസി ( Precious pregnancy ) എന്നു പറയും. അത്തരം കുഞ്ഞുങ്ങളെ രക്ഷിക്കാൻ ഏതറ്റം വരേയും പോകണം. ഡിലമാ സിറ്റുവേഷൻ. നാട്ടിൽ നിന്നാൽ പ്രീഷ്യസായ ബേബിക്ക് അപകടം. കരയിൽ പോയാൽ കുഞ്ഞിന്റെ ഉമ്മയടക്കം ഒരുപാടു പേർക്കു കോവിഡ്-19 മൂലമുള്ള അപകടം. മെഡിക്കൽ എതിക്സ് പ്രകാരം ട്രയാജ് എന്ന തിരഞ്ഞെടുപ്പ് വേണ്ടിവന്നിരിക്കുന്ന സാഹചര്യം. ഗൈനക്കോളജിസ്റ്റ് ഡോക്ടർ സാതിജാ, ശിശുരോഗ വിദഗ്ധയായ ഡോക്ടർ സറീനാ നേഴ്സിംഗ് ഇൻ ചാർജ്ജ് ഷാസിയാ മുതലായവരും രോഗിയുടെ ബന്ധുക്കളുമൊക്കെയായി ഒറ്റക്കൊറ്റക്കായും കൂട്ടായും പല തവണ ചർച്ചകൾ നടത്തി. ഡോക്ടർ സാതിജയും ഡോക്ടർ സറീനയും രോഗിയേയും ബന്ധുക്കളേയും പലതവണ കൗൺസിലിങ്ങിനു വിധേയമാക്കി. അങ്ങനെ എല്ലാവരും കൂടി ഒരു അഭിപ്രായ സമന്വയത്തിലെത്തി. നമുക്കു അമ്മേനിയിൽ തന്നെ ചികിത്സ നടത്താം. എന്തു തന്നെ സംഭവിച്ചാലും പരസ്പരം പഴിചാരില്ലെന്നും ഇരുകൂട്ടർക്കും പരസ്പരം പൂർണ്ണ വിശ്വാസമാണെന്നും ഉറപ്പായതോടെ ഞങ്ങളുടെ കോൺഫിഡൻസ് ലവൽ കുത്തനെ ഉയർന്നു. ഇരുകൂട്ടരും പടച്ചവനിൽ ഭരമർപ്പിച്ചുകൊണ്ടു മുന്നോട്ടു പോകാൻ തീരുമാനിച്ചു. ‘തവക്കൽത്തു അലള്ളാഹ്.’
പിന്നെ നടന്നത് അക്ഷരാർത്ഥത്തിൽ യുദ്ധകാലടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ്. നിയോനാറ്റൽ ഐസിയുവിലെ വയറിംഗ് പൂർത്തിയാക്കി വാതിൽ ഘടിപ്പിച്ചത് തൊട്ടടുത്ത ദിവസങ്ങളിലായിരുന്നു. NICUവിലേക്കുള്ള എയർക്കണ്ടീഷനർക്കുള്ള ഓർഡർ ജെമ്മിനാണു കൊടുത്തിട്ടുള്ളത്. ഇതുവരെ ഏസി കിട്ടാത്തതിനാൽ NICU പ്രവർത്തന സജ്ജമാക്കാൻ സാധിക്കില്ല. കാരണം പുറത്തേക്ക് ജനലോ വെന്റിലേഷനോ ഇല്ലാത്ത റൂമാണ്. അണുബാധ പൂർണ്ണമായും തടയേണ്ടതുണ്ട്. ഉടനെ മെക്കാനിക്കിനെ വിളിച്ച് എക്സറേ റൂമിലുണ്ടായിരുന്ന കേടായ ഏസി റിപ്പയർ ചെയ്തിട്ട് NICUവിലേക്ക് മാറ്റി. ബേബി വാർമ്മർ ഫോട്ടോതെറാപ്പി യൂണിറ്റ്, ഇൻ ഫ്യൂഷൻ പമ്പുകൾ ഇൻഫന്റ് ബിലിറുബിനോമീറ്റർ ഇലക്ട്രോണിക് ബേബി വേയിംഗ് മെഷീൻ മുതലായ ഉപകരണങ്ങൾ സജ്ജമാക്കി NICU ഫ്യൂമിഗേറ്റു ചെയ്തു അണുവിമുക്തമാക്കി റെഡിയാക്കിയിട്ടു.
NICUവിലേക്കുള്ള നേഴ്സുമാരുടെ ഒരു ഡെഡിക്കേറ്റഡ് ടീമിനെ റെഡിയാക്കി അവർക്കു ഡോക്ടർ സറീന ആവശ്യമായ ട്രെയിനിംഗ് നൽകി. അണുബാധ ഒഴിവാക്കുന്നതിന്റെ ഭാഗമായി ആ നേഴ്സുമാർ മറ്റു രോഗികളുമായി ഇടപെടുന്നതും പുറത്തു ധരിക്കുന്ന ഏപ്രൺ ധരിക്കുന്നതും മറ്റും ഒഴിവാക്കി. ഒറ്റ ദിവസം കൊണ്ട് NICU സ്റ്റാഫിനുള്ള ഗൗണുകൾ അമിനിയിലെ കടകളിൽ ലഭ്യമായ തുണികൾ സംഘടിപ്പിച്ച് ടൈലറെക്കൊണ്ടു തയ്പ്പിച്ചു അണുവിമുക്തീകരിച്ചു റെഡിയാക്കി വെച്ചു. കുഞ്ഞിനു വേണ്ടി വരികയാണെങ്കിൽ കൃത്രിമ ശ്വാസോച്ച്വാസം നൽകാൻ bag and maask വെന്റിലേഷനു പുറമേ എന്റോട്രക്കിയൽ ട്യൂബുകൾ ലാരിൻജ്യോ സ്കോപ്പ്, ഓക്സിജൻ, വെന്റിലേറ്റർ മുതലായവ സജ്ജീകരിച്ചു വെച്ചു. അങ്ങനെ സാതിജാ മേഡം സുരക്ഷിതമായ പ്രസവത്തിലൂടെ മാസം തികയാത്ത കുഞ്ഞിനെ പുറത്തെടുത്തപ്പോഴേക്കും ഉമ്മയുടെ ഗർഭപാത്രം പോലെ ഭദ്രാമായ ഒരു NICU റെഡിയാക്കി സറീനാ ഡോക്ടർ കാത്തിരിപ്പുണ്ടായിരുന്നു. ഡോക്ടറുടെ കൈകളിൽ ആ കുഞ്ഞു പൈതൽ സുരക്ഷിതനായിരുന്നു.
ഇത്തരം കുഞ്ഞുങ്ങൾ നേരിടുന്ന ഏറ്റവും അടിയന്തിര വെല്ലുവിളി അവരുടെ ശ്വാസകോശം വികസിക്കാതെ ഒട്ടിപ്പിടിക്കുന്നതു മൂലമുള്ള പ്രശനങ്ങളാണ്. അത് ഒഴ്വാക്കാൻ സർഫാക്റ്റന്റ് എന്ന മരുന്ന് അടിയന്തിരമായി നൽകേണ്ടതുണ്ട്. എന്നാൽ ആ മരുന്ന് ലഭ്യമല്ലാത്തതിനാൽ അതുമൂലമുള്ള പ്രശ്നങ്ങൾ ഞങ്ങൾ ഭയന്നിരുന്നു. എന്നാൽ ഇതു മുൻ കൂട്ടിക്കണ്ടുകൊണ്ട് ഗൈനക്കോളജിസ്റ്റ് സാതിജാ ഡോക്ടർ പ്രസവത്തിനു മുമ്പ് കൃത്യമായ സമയത്ത് ഉമ്മക്കു നൽകിയ സ്റ്റീറോയിഡ് അടങ്ങിയ മരുന്നിന്റെ പ്രവർത്തനം കാരണം ആ കോമ്പ്ലിക്കേഷൻ ഉണ്ടായില്ല.
പക്ഷേ അതുകൊണ്ടു മാത്രമായില്ല. കുട്ടിയുടെ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് വളരെ കുറവ്. വളർച്ചയില്ലാത്ത കുഞ്ഞിനു മുലപ്പാൽ കുടിക്കാനവില്ല. ഞരമ്പുകളിൽ കൂടി ഗ്ലൂക്കോസു കൊടുക്കാൻ തലനാരിഴ പോലെ നേർത്ത ഞരമ്പുകളിൽ സൂചി കുത്തി ക്യാനുല ഇടണം. കഷ്ടപ്പെട്ടു ഇടുന്ന ക്യാനുല മണിക്കൂറുകൾക്കുള്ളിൽ ഔട്ടാകുന്നു. മൂക്കിൽ കൂടി ഇൻഫാന്റ് ഫീഡിംഗ് ട്യൂബിട്ടുകൊണ്ട് പിഴിഞ്ഞെടുത്ത മുലപ്പാൽ അൽപാൽപം അണുബാധ വരാത്ത രീതിയിൽ കൊടുത്തു തുടങ്ങണം. കുഞ്ഞിന്റെ രക്തത്തിലെ ലവണങ്ങളുടെ നില പരിശോധിച്ചുകൊണ്ട് ഞരമ്പുകളിൽ കൂടി ആവശ്യത്തിനു ലവണങ്ങൾ നൽകണം. കൂടാതെ ഇത്തരം കുഞ്ഞുങ്ങളുടെ ആരോഗ്യനില പരിശോധിക്കുന്ന കാക്കത്തൊള്ളായിരം ടെസ്റ്റുകളുടേയും സ്ക്യാനിങ്ങുകളുടേയും സഹായം കൂടാതെ കണിശമായ ദേഹപരിശോധനയുടെ അടിസ്ഥാനത്തിൽ മാത്രം മുന്നോട്ടു പോകണം. സറീന ഡോക്ടറും ഹാജറോമ്മാബി, ഫസ്നാ, ആരിഫാ, ആസിയാ മുതലായ നേഴ്സുമാരും 24 മണിക്കൂറും കണ്ണിലെണ്ണയൊഴിച്ച് കാതുകൂർപ്പിച്ചുകൊണ്ട് അടയിരിക്കുന്ന തള്ളക്കോഴിയേക്കാൾ ഏറെ ക്ഷമയോടെ ആ പിഞ്ചുപൈതലിനെ പരിചരിച്ചുകൊണ്ട് കാവലിരുന്നു. ഒന്നും രണ്ടുമല്ല, സുദീഘമായ ആറാഴ്ച്ചകൾ.
ഇതിനിടെ അറബിക്കടലിനു നടുവിൽ ഒറ്റപ്പെട്ടു പോയതുകാരണം നേരിടേണ്ടി വരുന്ന അനേകം വെല്ലുവിളികൾ. കോവിഡ് ലോക്ഡൗൺ കാരണമുള്ള സാധങ്ങളുടേയും മരുന്നുകളുടേയും ദൗർലഭ്യവും കപ്പൽ പ്രോഗ്രാമുകളുടെ ദൗർലഭ്യം മൂലം സാധങ്ങൾ എത്തിക്കാൻ നേരിടുന്ന കാലതാമസവും.
എല്ലാം അതിജീവിച്ചുകൊണ്ട് എല്ലാവിധ പ്രതികൂല സാഹചര്യങ്ങളേയും തരണം ചെയ്തുകൊണ്ട് ഇന്നലെ NICUവിൽ ആറാഴ്ച്ച പൂർത്തിയാക്കിയ കുഞ്ഞിനിപ്പോൾ പ്രായം 34 ആഴ്ച്ച പൂർത്തിയായി. അപകട നില തരണം ചെയ്ത കുഞ്ഞ് ഇപ്പോൾ പൂർണ്ണ ആരോഗ്യവാനാണ്. എന്നാൽ ഇനിയും ആറാഴ്ച്ചക്കാലം പ്രത്യേക പരിചരണം നിർബന്ധമാണ്. അതിനുവേണ്ട എല്ലാ മുൻ കരുതലുകളും
എടുത്തുകൊണ്ട് അടുത്ത ബന്ധുക്കൾ വേണ്ട സൗകര്യങ്ങൾ സജ്ജമാക്കി വെച്ചിട്ടുണ്ട്.
എന്നാൽ ഇനി ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ദയവായി കാര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് ആ കുഞ്ഞു പൈതലിന്റെ ജീവൻ നിലനിർത്താൻ സഹകരിക്കണമെന്ന് വളരെ വിനയപൂർവ്വം അഭ്യർത്ഥിക്കുകയാണ്.
പ്രസവാന്തരം ഉമ്മയേയും കുഞ്ഞിനേയും സന്ദർശ്ശിക്കൽ നമ്മുടെ നാട്ടിലെ നാട്ടുനടപ്പും മര്യാദയുടെ ഭാഗവുമാണെങ്കിലും ഈ കേസ് ലേശം വ്യത്യാസമുള്ളതായതിനാൽ ആ പൈതലിന്റെ ആരോഗ്യവും ജീവനും സംരക്ഷിക്കാൻ അടുത്ത ഒന്നര മാസം കഴിയുന്നതുവരെ അവരെ ദയവായി ആരും തന്നെ സന്ദർശ്ശിക്കരുത്. ഇനിയുള്ള നാളുകളിൽ അണുബാധ ഒഴിവാക്കുകയെന്ന ഒരു വലിയ വെല്ലുവിളിയാണു നമുക്കു മുമ്പിലുള്ളത്. അതിനു സന്ദർശ്ശകരെ ഒഴിവാക്കൽ അനിവാര്യമാണ്.
ഈ രണ്ടുമണിക്കൂറു കൂടുമ്പോൾ ഊണും ഉറക്കവും ഒഴിച്ചു കുഞ്ഞിനെ പാലൂട്ടുകയും പത്തുപന്ത്രണ്ടു മണിക്കൂറിലേറെ KMC കെയർ കൊടുക്കാനായി തന്റെ കുഞ്ഞിനേ നെഞ്ചിലേറ്റി നടുവേദനയും ഉറക്കില്ലായ്മയും വകവെക്കാതെ കഴിഞ്ഞ ഒന്നര മാസത്തോളം ഞങ്ങളോടു സഹകരിച്ച ആ മാതൃസ്നേഹത്തിനേയും സൂര്യനു താഴെ ലഭ്യമായ എന്തുകാര്യവും പറയുമ്പോഴേക്കും തന്റെ കുഞ്ഞിനു വേണ്ടി ലഭ്യമാക്കാൻ തയ്യാറായ ആ പിതൃസ്നേഹത്തിനേയും എത്ര തന്നെ അനുമോദിച്ചാലും ആദരിച്ചാലും മതിയാവില്ല. ഞങ്ങളുടെ കയ്യിലുള്ള ഇൻഫാന്റ് ഫീഡിംഗ് ട്യൂബ് തീർന്നപ്പോൾ ഒരു ഫോൺകോളിന്റെ അടിസ്ഥാനത്തിൽ മാത്രം ഞങ്ങൾക്ക് അതു ലഭ്യമാക്കിയ IGH MS Dr. ജലീൽ ബമ്പനേയും കാഫി എന്ന മാലാഖയേയും നന്ദിയോടെ സ്മരിക്കുന്നു. ഇടക്കുവെച്ച് NICUവിലെ ഏസി കേടായപ്പോൾ അതു അടിയന്തിരമായി നന്നാക്കി തന്ന മെക്കാനിക്കുമാർ യുദ്ധകാലടിസ്ഥാനത്തിൽ സിവിൽ വർക്കും എലക്ട്രിഫിക്കേഷൻ വർക്കും പൂർത്തീകരിച്ചു തന്ന ഡിപ്പാർട്ടുമെന്റുകൾ, ജോലിക്കാർ, ഒട്ടും അണുബാധയില്ലാത്ത രീതിയിൽ ശുചീകരണം നടത്തിയ ക്ലീനിംഗ് സ്റ്റാഫ്, എല്ലാ വിധ പിന്തുണയും നൽകിയ ആശുപത്രിയിലുള്ള മറ്റു ജീവനക്കാർ, ഡോക്ടർമ്മാർ മുതലായ ഒരുപാടു പേരോട് കടപ്പാടുണ്ട്.
അതിനേക്കാളേറെ ഞങ്ങളുടെ നാട്ടിൽ PPP അടിസ്ഥാനത്തിൽ ഈ സൗകര്യങ്ങൾ അനുവദിച്ചു തന്ന ഹെൽത് ഡിപ്പാർട്ട്മന്റ്, NHM, ലക്ഷദ്വീപ് administration, കേന്ദ്ര സർക്കാർ മുതലായ എല്ലാവർക്കും ടീം അമിനിയുടെ വക കൃതജ്ഞത അറിയിച്ചുകൊള്ളുന്നു. ഇനിയും മുന്നോട്ടുള്ള പ്രയാണത്തിൽ നിങ്ങളോരോരുത്തരുടേയും പിന്തുണ അഭ്യർത്ഥിച്ചുകൊണ്ട് CHC അമിനിക്കുവേണ്ടി
Dr Khaleel Khan.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല് സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക