എൻ.സി.പിയിൽ പൊട്ടിത്തെറി; താരിഖ് അൻവർ രാജിവെച്ചു. ലക്ഷദ്വീപിലും പാർട്ടി പിളരുമോ?

0
1580

മുംബൈ: മഹാസഖ്യത്തിലെ നിർണ്ണായക കക്ഷിയായ എൻ.സി.പി ബി.ജെ.പിയുമായി അടുക്കുന്നുവെന്ന സൂചന കഴിഞ്ഞ ദിവസം തന്നെ ഉണ്ടായിരുന്നു. പാർട്ടി അധ്യക്ഷൻ ശരത് പവാർ റാഫേൽ ഇടപാടിൽ മോദിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പക്ഷേ ഇത് പാർട്ടിയിലെ മറ്റ് നേതാക്കൾക്കിടയിൽ നല്ല രീതിയിൽ അല്ല പ്രതിഫലിച്ചത്. പാർട്ടിയിൽ നിന്ന് താരിഖ് അൻവർ എം.പി രാജിവെച്ചിരിക്കുകയാണ്. പവാറിന്റെ മോദി സ്തുതിയിൽ പ്രകോപിതനായാണ് രാജി.
ഇതോടെ പാർട്ടിയിൽ വൻ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലും അതിന് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്കൊപ്പം ചേരാനുള്ള നീക്കങ്ങളാണ് പവാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതിന് വൻ തിരിച്ചടിയാണ് താരിഖ് അൻവറിന്റെ രാജിയിലൂടെ ഉണ്ടായിരിക്കുന്നത്. ബീഹാറിൽ പാർട്ടിയുടെ ന്യൂനപക്ഷ മുഖം കൂടിയാണ് താരിഖ് അൻവർ. ഇത് ദേശീയ തലത്തിൽ എൻ.സി.പിക്ക് ഗുണം ചെയ്യില്ലെന്നാണ് റിപ്പോർട്ട്.

To advertise here, Whatsapp us.

പവാറിന്റെ വലംകൈ…
എൻ.സി.പിയിലെ പ്രമുഖനും ശരത് പവാറിന്റെ വലംകൈയുമായിട്ടാണ് താരിഖ് അൻവർ പാർട്ടിയിൽ അറിയപ്പെടുന്നത്. എന്നാൽ റാഫേൽ ഇടപാടിൽ രാജ്യം മുഴുവൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിർക്കുമ്പോൾ അതിനെ പിന്തുണയ്ക്കാതെ പിന്നിൽ നിന്ന് കുത്തുന്ന നയമാണ് പവാർ സ്വീകരിച്ചത്. ഇതേ തുടർന്നാണ് പാർട്ടിയിൽ നിന്ന് രാജിവെക്കാൻ തീരുമാനിച്ചത്. പാർട്ടി അംഗത്വവും എം.പി സ്ഥാനവും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. എൻ.സി.പി ഒരിക്കലും വിചാരിക്കാത്ത തിരിച്ചടിയാണ് ഇത്.

Tariq anwar and Sharad pawar

രാജി എൻ.സി.പിയെ ബാധിക്കുമോ?
ബീഹാറിലെ കാത്തിഹാറിൽ നിന്നുള്ള എം.പിയാണ് താരിഖ് അൻവർ. ബീഹാറിൽ മഹാസഖ്യം കെട്ടിപ്പടുക്കുന്നതിനിടെ പവാറിൽ നിന്നുണ്ടായ ഈ പരാമർശം അങ്ങേയറ്റം ക്ഷമിക്കാനാവാത്തതാണെന്ന് താരിഖ് അൻവർ പറയുന്നു. മുസ്ലീം വോട്ടുകൾ വലിയ രീതിയിൽ ആകർഷിക്കാൻ താരിഖ് അൻവറിലൂടെ പാർട്ടിക്ക് സാധിച്ചിരുന്നു. എന്നാൽ ഇനി പാർട്ടിക്ക് വൻ തിരിച്ചടിയുണ്ടാവും. താരിഖ് അൻവർ ആർ.ജെ.ഡിയിലോ കോൺഗ്രസിലോ ചേരുമെന്നാണ് റിപ്പോർട്ട്.

ലക്ഷദ്വീപിലെ എൻ.സി.പി പിളരുമോ?
ബി.ജെ.പി പ്രസിഡന്റ് അമിത്ഷാ ലക്ഷദ്വീപ് സന്ദർശനം നടത്തിയപ്പോൾ ലക്ഷദ്വീപ് എം.പി പി.പി.മുഹമ്മദ് ഫൈസൽ അടക്കമുള്ള എൻ.സി.പി നേതാക്കൾ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. കൂടാതെ കവരത്തി പഞ്ചായത്ത് സ്റ്റേജിൽ ബി.ജെ.പി സംഘടിപ്പിച്ച പൊതുയോഗത്തിൽ എം.പിയും എൻ.സി.പി ലക്ഷദ്വീപ് സ്റ്റേറ്റ് പ്രസിഡന്റ് ശ്രീ.അബ്ദുൽ മുത്തലിബും അടക്കമുള്ള മുതിർന്ന നേതാക്കൾ സദസ്സിന്റെ മുൻനിരയിൽ തന്നെ ഇരുന്നത് അന്ന് വിവാദമായിരുന്നു. എം.പി അടക്കമുള്ള ലക്ഷദ്വീപിലെ എൻ.സി.പി കൂട്ടത്തോടെ ബി.ജെ.പിയിൽ ചേരുന്നു എന്ന തരത്തിലുള്ള വാർത്തകൾ അന്ന് മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സംഭവം വിവാദമായതോടെ “രാജ്യം ഭരിക്കുന്ന പാർട്ടിയുടെ പ്രസിഡന്റ് സ്വന്തം നാട്ടിൽ എത്തിയപ്പോൾ ആദിത്യ മര്യാദ കണക്കിലെടുത്ത് അദ്ദേഹത്തെ സന്ദർശിക്കുക മാത്രമാണ് ഉണ്ടായതെന്നും ബി.ജെ.പിയിൽ ചേരുന്നു എന്ന വാർത്ത തികച്ചും തെറ്റാണെന്നും” അന്ന് പി.പി.മുഹമ്മദ് ഫൈസൽ പത്രപ്രസ്താവനയിലൂടെ പ്രതികരിച്ചിരുന്നു. ബി.ജെ.പിയോടുള്ള മൃദുസമീപനത്തിൽ ലക്ഷദ്വീപിലെ പാർട്ടി അണികൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. കവരത്തിയിൽ ബി.ജെ.പി സംഘടിപ്പിച്ച ചടങ്ങിൽ പാർട്ടി നേതാക്കൾ പങ്കെടുത്തതിന് വ്യക്തമായ വിശദീകരണം വേണമെന്ന് അന്ന് പാർട്ടി യോഗത്തിൽ ആവശ്യമുയർന്നിരുന്നു. തൃപ്തികരമായ വിശദീകരണം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പാർട്ടിയുടെ യുവജന വിഭാഗം സ്റ്റേറ്റ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പാർട്ടിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ എൻ.സി.പി ലക്ഷദ്വീപ് ഘടകം ആർക്കൊപ്പം നിൽക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. താരിഖ് അൻവറിനോടൊപ്പം പാർട്ടി വിടുമോ അതോ പവാറിനൊപ്പം ഉറച്ചു നിൽക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ബി.ജെ.പി അനുകൂല നിലപാടുമായി പവാറിനൊപ്പം നിൽക്കാനാണ് കൂടുതൽ സാധ്യത. അങ്ങിനെയെങ്കിൽ അസംതൃപ്തരായ അണികൾ എടുക്കുന്ന നിലപാടുകൾ നിർണ്ണായകമാവും.

ചരിത്രം ഇങ്ങനെ…

താരിഖ് അൻവർ പണ്ട് കോൺഗ്രസിലെ ശക്തനായ നേതാവായിരുന്നു. എന്നാൽ സോണിയാ ഗാന്ധി വിദേശ പൗരയാണെന്നും ഇന്ത്യയെ നയിക്കാൻ അനുവദിക്കരുതെന്നുമുള്ള പ്രചാരണം തുടങ്ങിയത് താരിഖ് അൻവറായിരുന്നു. അന്ന് പി.എ സാംഗ്മയും ഒപ്പമുണ്ടായിരുന്നു. പിന്നീട് ഇവർ കോൺഗ്രസിൽ നിന്ന് രാജിവെച്ച ശേഷമാണ് പവാറുമായി ചേർന്ന് എൻ.സി.പി രൂപീകരിച്ചത്. പാർട്ടിയുടെ ജനറൽ സെക്രട്ടറിയാണ് അദ്ദേഹം. റാഫേലിൽ അഴിമതി ഉണ്ടെന്ന് വ്യക്തമായിട്ടും പവാറിന്റെ മോദി സ്തുതി ദുരൂഹമാണെന്ന് താരിഖ് അൻവർ പറയുന്നു.

പവാര് പറഞ്ഞതിങ്ങനെ…
റാഫേൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താല്പര്യങ്ങളിൽ സംശയിക്കേണ്ടതില്ല. പ്രതിരോധ ഇടപാടിലെ രഹസ്യ സ്വഭാവം കാരണം റാഫേൽ വിമാനങ്ങളുടെ വില വിവരങ്ങൾ പരസ്യമാക്കാനാവില്ലെന്ന് എല്ലാവർക്കും അറിയാം. ഇത് പരസ്യമാക്കണമെന്ന് എന്തിനാണ് പ്രതിപക്ഷ കക്ഷികൾ വാശിപിടിക്കുന്നതെന്നായിരുന്നു പവാറിന്റെ പ്രസ്താവന. എന്നാൽ പവാർ അങ്ങനെ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും എൻ.സി.പി വക്താവ് നവാബ് മാലിക് പറഞ്ഞു. ഇടപാടിൽ അന്വേഷണം വേണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

എൻ.സി.പി ബി.ജെ.പിയുമായി അടുക്കുന്നു
പവാർ മോദിയുമായി അടുക്കുന്നുവെന്നാണ് മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്. മോദിയുടെ ഭരണ രീതിയിൽ പവാർ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ കൂടെ നിന്നാൽ നിലനിൽപില്ലെന്നാണ് പവാറിന്റെ വാദം. മഹാരാഷ്ട്രയിൽ എൻ.സി.പി, കോൺഗ്രസ് സഖ്യം ശക്തമായ പ്രകടനം കാഴ്ച്ചവെക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന സമയത്താണ് പവാർ കാലുമാറാൻ ഒരുങ്ങുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി അടുത്ത ദിവസം തന്നെ പവാർ കൂടിക്കാഴ്ച്ച നടത്തുമെന്നാണ് റിപ്പോർട്ട്.

മഹാരാഷ്ട്രയിൽ മഹാസഖ്യമില്ല.
രാജ്യം മുഴുവൻ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ മഹാസഖ്യം വരുമ്പോൾ മഹാരാഷ്ട്രയിൽ അത് സാധ്യമാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇവിടെ 48 ലോക്സഭാ സീറ്റാണ് ഉള്ളത്. ഇതിൽ 15 സീറ്റ് പാർട്ടിക്ക് കൊടുക്കാമെന്നാണ് ധാരണ. അങ്ങിനെയെങ്കിൽ ശിവസേനയ്ക്കോ എന്നതാണ് പ്രധാന പ്രശ്നം. അവർ ഇടഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് സാധ്യത. അതേസമയം മഹാരാഷ്ട്രയിലും ദേശീയ തലത്തിലും ബി. ജെ.പിക്ക് സന്തോഷം പകരുന്നതാണ് എൻ.സിപിയുടെ നീക്കങ്ങൾ.

കോൺഗ്രസിന് വൻ തിരിച്ചടി
എൻ.സി.പി കോൺഗ്രസിന്റെ സുപ്രധാന കക്ഷിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. മഹാരാഷ്ട്രയിലും ദേശീയ തലത്തിലും അവർ കൈവിട്ടാൽ കോൺഗ്രസിന് വൻ തിരിച്ചടിയാണ്. മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻ.സി.പി സഖ്യം 30 സീറ്റുകൾ വരെ നേടാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രവചനം. കർഷക-ദളിത് വിഭാഗം ഈ സഖ്യവുമായി ധാരണയിലെത്തിയതായും റിപ്പോർട്ടുണ്ട്. അതേസമയം പവാറിനെതിരെ താരിഖ് അൻവറിനെ മുന്നിൽ നിർത്തി കളിക്കാനാവും കോൺഗ്രസിന്റെ തീരുമാനം. പവാറിനെതിരെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുക രാഹുൽ ഗാന്ധിയായിരിക്കും.

കടപ്പാട് : ഒൺ ഇന്ത്യ മലയാളം


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here