കോഴിക്കോട്: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ എൻ.ഡി.എ രൂപീകരണത്തിന് ബി.ജെ.പി കേന്ദ്ര നേതൃത്വം അനുമതി നൽകിയതോടെ ദ്രുതഗതിയിലുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ് ബി.ജെ.പി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ സന്ദോശുമായി ലക്ഷദ്വീപ് ജെ.ഡി.യു. അദ്ധ്യക്ഷൻ ഡോ. മുഹമ്മദ് സാദിഖ് ദില്ലിയിൽ വെച്ചു നടത്തിയ ചർച്ചക്കു ശേഷമാണ് ലക്ഷദ്വീപിൽ മുന്നണി രൂപീകരണത്തിന് വഴി തുറന്നത്. മുന്നണി രൂപീകരണത്തോട് ലക്ഷദ്വീപ് ബി.ജെ.പി നേതൃത്വം വിമുഖത കാണിക്കുകയും തീരുമാനം വൈകുകയും ചെയ്തതിനെ തുടർന്ന് കേന്ദ്ര നേതൃത്വം ലക്ഷദ്വീപിന്റെ ചുമതലയുള്ള ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ല കുട്ടിയെ ഡൽഹിയിലേക്ക് വിളിച്ചു വരുത്തി എത്രയും വേഗം മുന്നണി രൂപീകരണത്തിനുള്ള നടപടികൾക്ക് തുടക്കം കുറിക്കണമെന്ന് നിർദ്ദേശിക്കുകയായിരുന്നു.
തുടർന്ന് ഇന്ന് ഉച്ചയ്ക്ക് കോഴിക്കോട് വെച്ച് അബ്ദുല്ല കുട്ടിയുടെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക ചർച്ചയിൽ ലക്ഷദ്വീപ് ജെ.ഡി.യു അധ്യക്ഷൻ ഡോ. മുഹമ്മദ് സാദിഖ്, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഖാസിം, ബി.ജെ.പി വക്താവ് സിറാജ് കോയ തുടങ്ങിയവർ സംബന്ധിച്ചു. ലക്ഷദ്വീപിൽ ആസന്നമായ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി-ജെ.ഡി.യു സഖ്യകക്ഷി സ്ഥാനാർത്ഥികളെ രംഗത്തിറക്കാനും വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ യു.പി.എ ഘടക കക്ഷി എൻ.സി.പിയെ പരാജയപ്പെടുത്തി ലോകസഭാ സീറ്റ് പിടിച്ചെടുക്കുകയും ചെയ്യുക എന്നതാണ് ബി.ജെ.പി ലക്ഷ്യമാക്കുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക