ന്യൂഡൽഹി: ലക്ഷദ്വീപിലേക്കുള്ള കപ്പൽ യാത്ര സേവനങ്ങളുടെ അപര്യാപ്തത അടിയന്തരമായി പരിഹരിക്കണമെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രാജ്യ സഭ നേതാവ് പിവി അബ്ദുൽ വഹാബ് എംപി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ശൂന്യ വേളയിൽ നടന്ന ചർച്ചയിൽ കപ്പലിന്റെ കുറവുകാരണം ലക്ഷദ്വീപ് ജനതയും അവിടുത്തെ ടൂറിസവും അഭിമുകീകരിക്കുന്ന പ്രശ്നങ്ങളിലേക്ക് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കവെയാണ് വഹാബ് എംപി ഈ ആവശ്യം ഉന്നയിച്ചത്. നേരത്തെ ലക്ഷദ്വീപിലേക്ക് 7 യാത്ര കപ്പലുകളായിരുന്നു പ്രവർത്തനത്തിലുണ്ടായിരുന്നത്. ഇത് പുതിയ അഡ്മിനിസ്ട്രേറ്റർ വന്നതോടെ ഒരെണ്ണമായ കുറച്ചു. ബേപ്പൂരിന്ന് സർവീസ് നടത്തിയിരുന്ന അമിനി ദ്വീപ് , മിനിക്കോയ് ദ്വീപ് എന്ന രണ്ടു കപ്പലുകളും യാതൊരു നോട്ടീസുമില്ലാതെ സേവനം നിർത്തിവച്ചു. എംവി കവരത്തി എന്ന 700 പേരെ ഉൾകൊള്ളുന്ന കപ്പൽ ഇടവേളയില്ലാതെ സർവീസ് നടത്തിയതോടെ കാര്യമായ തേയ്മാനം വരുകയും കപ്പലിന് തീ പിടിക്കുകയും ചെയ്തു. ഇത് 650ഓളം യാത്രക്കാര്‍ മണിക്കൂറുകളോളം നടുക്കടലിൽ യാതൊരു സഹായവുമില്ലാതെ കുടുങ്ങുന്നതിന് കാരണമായി. ഇത്തരം സംഭവങ്ങൾക്ക് ശേഷം മാത്രമാണ് 2 പുതിയ കപ്പലുകൾ, എംവി കോറൽസും എംവി ലഗൂൺസും സർവീസ് നടത്താനാരംഭിച്ചത്. 400 പേരുടെ കപ്പാസിറ്റി മാത്രമുള്ള ഈ കപ്പലുകൾ 7 കപ്പലുകളുടെ കപ്പാസിറ്റിയുമായു എങനെ താരതമ്യം ചെയ്യാൻ പറ്റുമെന്ന് വഹാബ് എംപി ചോദിച്ചു. കപ്പലുകളുടെ കുറവ് കാരണം ലക്ഷദ്വീപ് നിവാസികൾ കൊച്ചിയിൽ ആഴ്ചകളോളം താമസിച്ചാണ് ടിക്കറ്റ് തരപ്പെടുത്തുന്നത്. ലക്ഷദ്വീപിന്ന് കേരളത്തിലേക്ക് വരാനുമുള്ള സാഹചര്യം മറ്റൊന്നല്ല. ഇത് ടൂറിസം വ്യവസായത്തെയും കാര്യമായി ബാധിച്ചിരിക്കുന്നു. ദിവസങ്ങളോളം കാത്തു നിന്ന് ടിക്കറ്റ് എടുക്കുക എന്നത് ഒരു ടൂറിസ്റ്റിനെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണ്. ലക്ഷദ്വീപിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവും ഇക്കാരണത്താലാണ്.

കപ്പലുകളുടെ എണ്ണം കുറഞ്ഞതോടെ ടിക്കറ്റ് നിരക്കും ഗണ്യമായി കൂടി. 100 ശതമാനമാണ് ടിക്കറ്റ് നിരക്കിൽ വർദ്ധനവുണ്ടായത്. ലക്ഷദ്വീപ് നിവാസികളുടെ യാത്ര സ്വാതന്ത്ര്യത്തെയാണ് ഇത് ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് എംപി അഭിപ്രായപ്പെട്ടു.
പുതിയ അഡ്മിനിസ്ട്രേറ്ററുടെ ഇത്തരം പ്രവർത്തികളെ കടുത്ത ഭാഷയിൽ എംപി വിമർശിച്ചു. എത്രയും പെട്ടെന്ന് 5 കപ്പൽ സർവീസെങ്കിലും പുനഃസ്ഥാപിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. 2 സർവിസുകൾ ബേപ്പൂരിന്നും 3 എണ്ണം കൊച്ചിയിൽ നിന്നും വേണം. കപ്പൽ അപകടത്തിൽ പെടുന്ന സാഹചര്യമുണ്ടായാൽ ഉടനെ ജീവൻ രക്ഷ പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരു റാപിഡ് റെസ്പോൺസ് ടീമിനെ നിയമിക്കണണെമെന്നും ടിക്കറ്റ് ചാർജിലുണ്ടായ വർദ്ധനവ് പിൻവലിക്കണമെന്നും എംപി ആവശ്യം ഉന്നയിച്ചു.

ലക്ഷദ്വീപിനെ മറ്റൊരു കാശ്മീരാക്കാനുള്ള എല്ലാ ശ്രമത്തെയും പാർട്ടി ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കുമെന്ന് എംപി അഭിപ്രായപ്പെട്ടു. ഇത്തരം അനൗദ്യോഗിക യാത്ര വിലക്കുകൾ സർക്കാരിന്റെയും അഡ്മിനിസ്ട്രേഷന്റെയും ലക്ഷദ്വീപിനോടുള്ള ശത്രുത മനോഭാവമാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക