ഉഡാന്‍ പദ്ധതിയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തെ ഒഴിവാക്കി

0
570
www.dweepmalayali.com

കരിപ്പൂര്‍: കുറഞ്ഞ ചെലവില്‍ രാജ്യത്തെ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വിമാനസര്‍വീസായ ഉഡാന്‍ പദ്ധതിയില്‍നിന്ന് കോഴിക്കോട് വിമാനത്താവളത്തെ ഒഴിവാക്കി. പദ്ധതിയിൽ നിന്നും കോഴിക്കോടിനെ തഴഞ്ഞത് ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തിലെ കുറവ് മൂലമെന്നാണ് സൂചന. വലിയ വിമാനങ്ങള്‍ നിരോധിക്കുകയും പകല്‍യാത്രകള്‍ക്ക് നിയന്ത്രണം വരുകയും ചെയ്ത 2015 – 17 കാലയളവില്‍ വിമാനത്താവളത്തിലെ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ 39 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഉഡാന്‍ പദ്ധതിയുടെ നടത്തിപ്പിന് ഈ കാലയളവിലെ യാത്രക്കാരുടെ എണ്ണം പരിഗണിച്ചതാണ് കോഴിക്കോടിന് വിനയായത്. എന്നാല്‍ 2017 -18 കാലയലവില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 8.5 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
201415 സാമ്പത്തീക വര്‍ഷത്തില്‍ 2,97,171 ആഭ്യന്തരയാത്രക്കാരാണ് കോഴിക്കോട് വഴി പറന്നതെങ്കില്‍ 2017 -18 സാമ്പത്തീക വര്‍ഷത്തില്‍ അത് 5,13,700 ആയി ഉയര്‍ന്നു. ഈ വര്‍ധന പരിഗണിക്കാതെയാണ് ഉഡാന്‍ പദ്ധതിയില്‍ നിന്ന് കോഴിക്കോടിനെ തഴഞ്ഞത്. അതേസമയം, പ്രാഥമിക സര്‍വേകള്‍ മാത്രം പൂര്‍ത്തിയായ കണ്ണൂരിന് ഉഡാന്‍ പദവി അനുവദിക്കുകയും ചെയ്തു. 26,28,000 അന്താരാഷ്ട്ര യാത്രക്കാരുള്ള കോഴിക്കോട് ആഭ്യന്തരയാത്രക്കാര്‍ ശതമാനക്കണക്കില്‍ കുറവാണെന്നാണ് വ്യോമയാനമന്ത്രാലയത്തിന്റെ വാദം. എന്നാല്‍ വലിയ വിമാനങ്ങള്‍ ഇല്ലാത്തതിനാല്‍ കോഴിക്കോട്ടെത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാരുടെ എണ്ണത്തില്‍വന്ന കുറവും ആഭ്യന്തരമേഖലയില്‍ സര്‍വീസ് നടത്തുന്ന പല ചെലവുകുറഞ്ഞ വിമാന കമ്പനികള്‍ക്ക് കോഴിക്കോട് സര്‍വീസിന് അനുമതി നല്‍കാത്തതുമാണ് പ്രധാനമായും ആഭ്യന്തര യാത്രക്കാരെ കുറച്ചത്.
നിലവില്‍ ആഭ്യന്തരമേഖലയില്‍ പറക്കുന്ന വിമാന കമ്പനികളാകട്ടെ ഉഡാന്‍ സര്‍വീസില്‍ താത്പര്യം കാണിച്ചതുമില്ല. ഇതുമായി ബന്ധപ്പെട്ട നിലവിലെ വിമാനത്താവളങ്ങളില്‍ നടത്തിയ സാമ്പത്തീക സര്‍വേയുടെ പഠനമേഖലകള്‍ കോഴിക്കോടിന് ഇണങ്ങുന്നതുമായിരുന്നില്ല. ഉഡാന്‍ പദ്ധതിയില്‍ 2500 രൂപയ്ക്ക് പറക്കാം രണ്ട്, മൂന്ന് കാറ്റഗറികളില്‍ വരുന്ന നഗരങ്ങളെയും വിനോദ സഞ്ചാര മേഖലകളെയും ലക്ഷ്യമാക്കി ചെലവുകുറഞ്ഞ വിമാനസര്‍വീസുകള്‍ വഴി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഉഡാന്‍. ഇതോടൊപ്പം ഉപയോഗശൂന്യമായിക്കിടക്കുന്ന എയര്‍ സ്ട്രിപ്പുകള്‍ വിമാനഗതാഗതത്തിന് ഉപയുക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
അടുത്ത 10 വര്‍ഷത്തിനകം രാജ്യത്തുണ്ടാകാവുന്ന വിമാനയാത്രക്കാരുടെ വര്‍ധന മുന്‍കൂട്ടിക്കണ്ടാണ് സര്‍ക്കാര്‍ നീക്കം. അഞ്ചുവര്‍ഷത്തിനിടെ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ ലോകത്തില്‍ മൂന്നാംസ്ഥാനം ഇന്ത്യക്കായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് അടിസ്ഥാനമൊരുക്കാനാണ് ഉഡാന്‍ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
2500 രൂപയ്ക്ക് ഒരുമണിക്കുര്‍ പറക്കാവുന്ന പദ്ധതിയാണ് ഉഡാന്‍. 500 കിലോമീറ്റര്‍ ദൂരംവരെ പറക്കാന്‍ സാധിക്കുന്ന പദ്ധതി മധ്യവര്‍ഗക്കാരെ കൂടുതലായി വിമാനയാത്രയിലേക്ക് ആകര്‍ഷിക്കാനാണ് ലക്ഷ്യമിടുന്നത്. അഞ്ചുവര്‍ഷത്തിനിടെ ഒന്നരലക്ഷം തൊഴിലവസരങ്ങളും 500 കോടിക്കുമുകളില്‍ അധികവരുമാനവുമാണ് പദ്ധതിവഴി സാധ്യമാവുക. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ സമീപ പട്ടണങ്ങള്‍ക്കായിരിക്കും മുന്‍ഗണന. സംസ്ഥാനത്ത് വയനാട്, ഇടുക്കി എന്നിവയ്ക്കുപുറമെ ഗുരുവായൂര്‍, ശബരിമല എന്നിവയ്ക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്നാണ് കരുതുന്നത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here