ക്രമസമാധാനം താറുമാറായി. അമിനി സി.ഐ അലി അക്ബറിനെ സസ്പെൻഡ് ചെയ്തു.

0
1398

കവരത്തി: തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ വ്യാപകമായ രാഷ്ട്രീയ ഗുണ്ടായിസം. അക്രമങ്ങളിൽ കോൺഗ്രസ്, എൻ.സി.പി പ്രവർത്തകർക്ക് പരിക്കേറ്റു. പലരും ആശുപത്രികളിൽ ചികിത്സ തേടി. കവരത്തിയിൽ എൻ.സി.പി പ്രവർത്തകരുടെ വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. എന്നാൽ, അമിനിയിലെ അക്രമ സംഭവങ്ങൾ എല്ലാ പരിധിയും ലംഘിച്ച് ഇപ്പോഴും തുടരുകയാണ്. നിരവധി വാഹനങ്ങൾ അഗ്നിക്കിരയായി. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് പത്തൊമ്പത് ബൈക്കുകൾ കത്തിച്ചു എന്നാണ് അറിയുന്നത്.

പള്ളികൾ വരെ ആക്രമിക്കപ്പെട്ടിട്ടും അമിനിയിലെ പോലീസ് നിഷ്ക്രിയത്വം തുടർന്നതിനാലാണ് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. പ്രശ്നങ്ങളിൽ ഇടപെട്ട് നാടിന്റെ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ എത്തിയ പ്രവർത്തകർക്ക് നേരെ സ്റ്റേഷൻ സി.ഐ അലി അക്ബർ കയർത്തു സംസാരിച്ചു. അദ്ദേഹത്തിന്റെ മുന്നിൽ വച്ച്  എൻ.വൈ.സി സ്റ്റേറ്റ് ജനറൽ സെക്രട്ടറി അഡ്വ.കോയ അറഫ മിറാജിനെ കോൺഗ്രസ് പ്രവർത്തകർ അക്രമിക്കാൻ ശ്രമിച്ചിട്ടും സി.ഐ ഇടപെട്ടില്ല എന്ന് എൻ.സി.പി പ്രവർത്തകർ ആരോപിക്കുന്നു.

സി.ഐ അലി അക്ബറിനെ മാറ്റി നിർത്തി അമിനിയൽ നടന്ന അക്രമ സംഭവങ്ങൾ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നിയുക്ത എം.പി പി.പി മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിൽ എൻ.സി.പി പ്രവർത്തകർ കവരത്തി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. ലക്ഷദ്വീപ് പോലീസ് തലവനുമായി കൂടിക്കാഴ്ച നടത്തിയ നേതാക്കൾ, അലി അക്ബറിനെ അടിയന്തിരമായി സസ്പെൻഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ടു. തുടർന്നാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫാറൂഖ് ഖാൻ പുറപ്പെടുവിച്ചത്.

അലി അക്ബറിനെ അടിയന്തിരമായി സസ്പെൻഡ് ചെയ്ത ഉത്തരവിൽ അദ്ദേഹം ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ കവരത്തിയിലെ പോലീസ് ആസ്ഥാനത്ത് തുടരണം എന്നും ലക്ഷദ്വീപ് പോലീസ് സൂപ്രണ്ടിന്റെ മുൻകൂട്ടിയുള്ള അനുമതി ലഭിക്കാതെ കവരത്തി ദ്വീപ് വിട്ട് പോകരുതെന്നും നിർദേശിക്കുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here