കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാര നടപടികളിൽ വരും ദിവസങ്ങളിൽ ഭാഗത്തുനിന്നുള്ള പ്രതിഷേധം ശക്തമാകുമെന്നു കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്. ഇതേ തുടർന്ന് തീരദേശ മേഖലയിൽ സുരക്ഷ വർധിപ്പിക്കാൻ ലക്ഷദ്വീപ് ഡവലപ്മെന്റ് കോർപറേഷന് ഉത്തരവിട്ടു. സ്ഥാപനങ്ങൾക്കും കപ്പലുകൾക്കും സുരക്ഷ ഇരട്ടിയാക്കി.
സംശയകരമായ സാഹചര്യത്തിൽ എന്തെങ്കിലും കണ്ടാൽ ഭരണകൂടത്തെ അറിയിക്കാനാണ് നിർദേശം. ജനറൽ മാനേജരുടേതാണ് ഉത്തരവ്. ലക്ഷദ്വീപ് നിവാസികൾ പ്രതിഷേധ പരിപാടികൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് വീണ്ടും സർവ്വകക്ഷിയോഗം ചേരുന്നുണ്ട്. ഭാവി സമരപരിപാടികൾ ചർച്ചചെയ്യുന്നതിനും കോർ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിനും ഓൺലൈനായാണ് യോഗം.
ഇതിനിടെ, കവരത്തി വില്ലേജ് പഞ്ചായത്ത് അഡ്മിനിസ്ട്രേറ്റർക്കും കലക്ടർക്കും എതിരെ പ്രമേയം പാസാക്കി. ലക്ഷദ്വീപിനെ ലഹരി ഉപയോഗത്തിന്റെ കേന്ദ്രമാക്കി ചിത്രീകരിച്ചു എന്നാരോപിച്ചാണ് കലക്ടർക്കെതിരെ പ്രമേയം പാസാക്കിയത്. ആദ്യമായാണ് ലക്ഷദ്വീപിലെ ഒരു പഞ്ചായത്ത് വിഷയത്തിൽ പ്രമേയം പാസാക്കുന്നത്.

സിപിഐ പ്രവർത്തകർ കഴിഞ്ഞ രാത്രി കൊച്ചിയിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. കിൽത്താൻ ദ്വീപിൽ കലക്ടർ അസ്കർ അലിയുടെ കോലം കത്തിച്ചതിനെ തുടർന്ന് അറസ്റ്റിലായ 12 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ 7 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 12 പേർക്കും എതിരെ കോവിഡ് പ്രോട്ടോകോൾ ലംഘനം, ക്രിമിനൽ ഗൂഢാലോചന, വ്യക്തിഹത്യ തുടങ്ങിയ വകുപ്പുകൾ ചേർത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക