കൊച്ചി: വെള്ളപ്പൊക്കത്തെത്തുടർന്നു രണ്ടാഴ്ചയോളം അടച്ചിടേണ്ടി വന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ബുധനാഴ്ച പുനരാരംഭിക്കും. ഉച്ചകഴിഞ്ഞു രണ്ടോടെയാണ് വിമാന സർവീസ് ആരംഭിക്കുക. പെരിയാർ കരകവിഞ്ഞൊഴുകി വിമാനത്താവളം വെള്ളത്തിനടിയിലായതോടെ കഴിഞ്ഞ പതിനഞ്ചിനാണു വിമാനത്താവളം താത്ക്കാലികമായി അടച്ചത്.
അന്താരാഷ്ട്ര, അഭ്യന്തര സർവീസുകൾ ഒരുമിച്ച് ബുധനാഴ്ച തന്നെ തുടങ്ങാൻ കഴിയുന്ന വിധത്തിലാണ് സിയാൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്. എയർലൈൻ, ഗ്രൗണ്ട് ഹാൻഡ്ലിംഗ്, കസ്റ്റംസ്, ഇമിഗ്രേഷൻ തുടങ്ങിയ വിഭാഗങ്ങളെല്ലാം തിങ്കളാഴ്ച ഉച്ചയോടെ ഓഫീസുകൾ പ്രവർത്തിപ്പിച്ചു തുടങ്ങി. നിലവിലുള്ള സമയക്രമം അനുസരിച്ചാണ് വിമാന കന്പനികൾ സർവീസ് നടത്തുക.
വിമാനത്താവള ഓപ്പറേഷൻ മേഖലയിലെ ചുറ്റുമതിൽ വെള്ളപ്പൊക്കത്തിൽ രണ്ടര കിലോമീറ്ററോളം തകർന്നിരുന്നു. വിമാന പാർക്കിംഗ് സ്റ്റാൻഡുകളിലും ടെർമിനൽ കെട്ടിടങ്ങളുടെ അകത്തും വെള്ളം കയറി. റണ്‍വേയ്ക്കു തകരാറൊന്നും സംഭവിച്ചില്ലെങ്കിലും വെള്ളം ഇറങ്ങിയതോടെ ചെളി നിറഞ്ഞു കിടക്കുകയായിരുന്നു. ഏപ്രണ്‍, ലോഞ്ചുകൾ എന്നിങ്ങനെ 30 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ ചെളി നിറഞ്ഞിരുന്നു. 300 കോടിയിലധികം രൂപയുടെ നഷ്ടം സിയാലിന് സംഭവിച്ചതായാണ് പ്രാഥമിക കണക്ക്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക