ബാലറ്റ് പേപ്പര്‍ വോട്ടിലേക്ക് മടങ്ങണമെന്ന് 16 പാര്‍ട്ടികള്‍

0
895

ന്യൂഡല്‍ഹി: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പഴയ ബാലറ്റ് പേപ്പര്‍ വോട്ടെടുപ്പിലേക്കു മടങ്ങണമെന്നു പ്രതിപക്ഷത്തെ 16 കക്ഷികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ വിളിച്ചുകൂട്ടിയ സര്‍വകക്ഷി സമ്മേളനത്തിന് ഇക്കാര്യത്തില്‍ ഒരു ധാരണയിലും എത്താനായില്ല. ബാലറ്റു പേപ്പറിലേക്കു മടങ്ങിയാല്‍ ബൂത്തുപിടിക്കല്‍ വീണ്ടും മടങ്ങി വരുമെന്നു മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത് ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെക്കുറിച്ചും വിവിപാറ്റിനെക്കുറിച്ചും (വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍) ഉയര്‍ന്ന പരാതികള്‍ പരിശോധിക്കുമെന്നും പരിഹാരം കണ്ടെത്തുമെന്നും റാവത്ത് പറഞ്ഞു. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ചു തെരഞ്ഞെടുപ്പു നടത്തുക ഇപ്പോള്‍ സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണം. ദേശീയ പാര്‍ട്ടികളായ ബിജെപി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ബഹുജന്‍ സമാജ് പാര്‍ട്ടി, സിപിഎം, സിപിഐ, എന്‍സിപി എന്നീ കക്ഷികള്‍ക്കു പുറമേ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 41 കക്ഷികളാണ് യോഗത്തിനെത്തിയത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെക്കുറിച്ചു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ കക്ഷികള്‍ വ്യാപകമായ പരാതി ഉന്നയിച്ചു. പത്തു സംസ്ഥാനങ്ങളില്‍ 10300 യന്ത്രങ്ങളെക്കുറിച്ചാണു പരാതി ഉയര്‍ന്നത്. യന്ത്രത്തിലെ ഏതു ബട്ടണ്‍ അമര്‍ത്തിയാലും ബിജെപിക്കു വോട്ടു ലഭിക്കുന്നു എന്നു പല മണ്ഡലങ്ങളില്‍നിന്നും പരാതി വന്നു. 2019ലെ തെരഞ്ഞെടുപ്പിനു ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചു തെരഞ്ഞെടുപ്പു നടത്തണം. രാജ്യത്തെ രാഷ്ട്രീയ കക്ഷികളില്‍ 70 ശതമാനവും ബാലറ്റ് പേപ്പര്‍ വേണം എന്നു വാദിക്കുകയാണെന്നു കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. കേടുവന്ന വോട്ടിങ് യന്ത്രങ്ങള്‍ എവിടെയാണു നന്നാക്കുന്നതെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെളുപ്പെടുത്തണമെന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കല്യാണ്‍ ബാനര്‍ജി ആവശ്യപ്പെട്ടു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here