കൊച്ചി/കവരത്തി: വിവിധ വകുപ്പുകളിൽ കോടികളുടെ അഴിമതി നടന്നെന്ന സംശയത്തെ തുടർന്ന് പരിശോധനയ്ക്കായി സി.ബി.ഐ. സംഘം ലക്ഷദ്വീപിലെത്തി. ടൂറിസം ഉൾപ്പെടെയുള്ള വകുപ്പുകളാണ് നിരീക്ഷണത്തിലുള്ളത്.
കൊച്ചി സി.ബി.ഐ. ഓഫീസിൽനിന്നുള്ള പത്തംഗ സംഘമാണ് പരിശോധനയ്ക്കെത്തിയത്. ലക്ഷദ്വീപ് ആസ്ഥാനത്ത് സി.ബി.ഐ. താത്കാലിക ഓഫീസ് പ്രവർത്തനം തുടങ്ങി. ലക്ഷദ്വീപ് കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ കോടികളുടെ അഴിമതി നടത്തിയെന്ന പരാതി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ലഭിച്ചതിനു പിന്നാലെയാണ് പരിശോധനാ സംഘമെത്തിയത്.
ലക്ഷദ്വീപിലേക്ക് ഏറ്റവുമധികം വരുമാനമെത്തിക്കുന്ന ‘സൊസൈറ്റി ഫോർ പ്രമോഷൻ ഓഫ് നാച്വർ ടൂറിസം ആൻഡ് സ്പോർട്‌സ്’ കൈകാര്യംചെയ്യുന്ന ടൂറിസം വകുപ്പിലാണ് ഏറ്റവും കൂടുതൽ അഴിമതിയെന്നാണ് സൂചന.
അഞ്ചുവർഷം മുമ്പ് ലക്ഷദ്വീപിന് ബോട്ടുകൾ വാങ്ങിയതും സംശയത്തിന്റെ നിഴലിലാണ്. അന്വേഷണം തുടങ്ങിയിട്ടേയുള്ളൂവെന്നും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും സി.ബി.ഐ. പ്രതിനിധി വ്യക്തമാക്കി.

കളക്ടർക്കെതിരേ 20 കോടിയുടെ അഴിമതിയാരോപണം:
ലക്ഷദ്വീപ് കളക്ടർ എസ്. അസ്‌കർ അലി അഞ്ചുവർഷംകൊണ്ട് 20 കോടി രൂപയുടെ അഴിമതി നടത്തിയതായാണ് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പരാതി ലഭിച്ചത്. കളക്ടർ സ്വദേശമായ മണിപ്പൂരിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഭാര്യയുടെ കമ്പനിയിൽ വൻതോതിൽ പണം നിക്ഷേപിച്ചെന്നും കവരത്തി സ്വദേശിയായ ടി.പി. അബ്ദുൾ റസാഖ് നൽകിയ പരാതിയിൽ പറയുന്നു.
2018-ലാണ് അസ്‌കർ അലി ലക്ഷദ്വീപ് കളക്ടറായി സ്ഥാനമേറ്റത്. ടൂറിസം ഡയറക്ടർ സ്ഥാനംവഹിക്കുന്ന കളക്ടർ, വകുപ്പിൽ മൂന്നുവർഷംകൊണ്ട് 16 കോടിയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. ടൂറിസം പരസ്യ ചിത്രീകരണത്തിനും ഡോക്യുമെന്ററിക്കും 2.97 കോടിയുടെ കരാർ സ്വകാര്യകമ്പനിക്ക് ഓപ്പൺ ടെൻഡറില്ലാതെ നൽകി. ഇതിന് ടൂറിസം വകുപ്പ് 1.48 കോടി മുൻകൂറായി അനുവദിച്ചു. ഇത് നിയമവിരുദ്ധമാണെന്ന് തിരച്ചറിഞ്ഞപ്പോൾ കരാർ റദ്ദാക്കാൻ ടൂറിസം വകുപ്പ് നൽകിയ നിർദേശം അസ്‌കർ അലി ഇടപെട്ട് കീറിക്കളഞ്ഞതായും പരാതിയിൽ പറയുന്നു.
കടപ്പാട്: mathrubhumi.com
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക