മൂന്നാമത് മഹിളാ ശക്തി മേള; ആന്ത്രോത്ത് ദ്വീപിൽ പ്രൗഡമായ തുടക്കം.

0
2172
www.dweepmalayali.com
ആന്ത്രോത്ത്: ലക്ഷദ്വീപ് വനിതാ-ശിശു വികസന വകുപ്പിന് കീഴിൽ നടക്കുന്ന മൂന്നാമത് മഹിളാ ശക്തി മേളയ്ക്ക് ആന്ത്രോത്ത് ദ്വീപിൽ പ്രൗഡമായ തുടക്കം. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം അഡ്മിനിസ്ട്രേറ്ററുടെ മുഖ്യ ഉപദേഷ്ടാവ് ശ്രീ.മിഹിർ വർധൻ ഐ.എ.എസ്, ലക്ഷദ്വീപ് എം.പി ശ്രീ.മുഹമ്മദ് ഫൈസൽ എന്നിവർ ചേർന്ന് നിർവഹിച്ചു. ആന്ത്രോത്ത് മഹാത്മാ ഗാന്ധി സീനിയർ സെക്കണ്ടറി സ്കൂൾ കൊയർ ടീമിന്റെ പ്രാർഥനയോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു കൊണ്ട് ലക്ഷദ്വീപ് വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടർ ശ്രീ.ടി.കാസിം സംസാരിച്ചു. വകുപ്പിന് കീഴിൽ നടന്നുവരുന്ന പോഷകാഹാര വിതരണ പദ്ധതി, അംഗൻവാടി നവീകരണ പ്രവർത്തനങ്ങൾ, ഗർഭിണികളായ സ്ത്രീകൾക്ക് നൽകി വരുന്ന സാമ്പത്തിക സഹായങ്ങൾ ഉൾപ്പെടെയുള്ള വിവിധ പദ്ധതികളെ കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു. സ്ത്രീ ശാക്തീകരണത്തിനായി നടത്തി വരുന്ന പദ്ധതികൾക്ക് പൊതുജനങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും അതിന് ലക്ഷദ്വീപിലെ എല്ലാ ജനങ്ങളോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
www.dweepmalayali.com
ആന്ത്രോത്ത് വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയർപേഴ്സൺ ശ്രീമതി.തസ്ലീന ബീഗം അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ ആന്ത്രോത്ത് സബ് ഡിവിഷണൽ ഓഫീസർ ശ്രീ.കെ.കെ.ഖലീൽ, മെഡിക്കൽ ഓഫീസർ ശ്രീ.കെ.മുഹമ്മദ് സാലിഹ് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. അടുത്ത വർഷം മുതൽ ആന്ത്രോത്ത് ദ്വീപിൽ “ആന്ത്രോ ഫെസ്റ്റ്” സംഘടിപ്പിക്കുന്നതിന് വേണ്ട നടപടികൾ ഉണ്ടാവണമെന്ന് സബ് ഡിവിഷണൽ ഓഫീസർ ശ്രീ.കെ.കെ ഖലീൽ അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകനായ ശ്രീ.മിഹിർ വർധനോട് ആവശ്യപ്പെട്ടു. സ്ത്രീ ശാക്തീകരണത്തിനായി ലക്ഷദ്വീപ് വനിതാ-ശിശു വികസന വകുപ്പ് നടത്തി വരുന്ന പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും ആശംസകളും അറിയിക്കുന്നതായി ഡോ.സാലിഹ് തന്റെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു.

www.dweepmalayali.com
രോഗം കാരണം അവശത അനുഭവിക്കുമ്പോഴും കവരത്തി മുട്ടിയാർ ബീച്ചിനടുത്ത് അപകടത്തിൽ പെട്ട പിഞ്ചുകുഞ്ഞിനെ രക്ഷിക്കുന്നതിന് വേണ്ടി സധൈര്യമായി മുന്നിട്ടിറങ്ങി ലക്ഷദ്വീപിന് മാതൃകയായ ആന്ത്രോത്ത് ദ്വീപ് സ്വദേശിനി ശ്രീമതി.ശഹർബാൻ കണ്ണത്തിമാട എന്ന സഹോദരിക്ക് ലക്ഷദ്വീപ് വനിതാ-ശിശു വികസന വകുപ്പിന്റെ ധീരതക്കുള്ള അവാർഡ് നൽകി ചടങ്ങിൽ ആദരിച്ചു.
www.dweepmalayali.com
മികച്ച അംഗൻവാടി പ്രവർത്തകയായി തിരഞ്ഞെടുത്ത കടമത്ത് ദ്വീപ് സ്വദേശിനി ശ്രീമതി.നസീമാ, മികച്ച അംഗൻവാടി ഹെൽപ്പറായി തിരഞ്ഞെടുത്ത കൽപ്പേനി ദ്വീപ് സ്വദേശിനി ശ്രീമതി.നഫീസത്ത്, മികച്ച സാമൂഹിക പ്രവർത്തകയായി തിരഞ്ഞെടുത്ത കവരത്തി ദ്വീപ് സ്വദേശിനി ശ്രീമതി.ഷാഹിദാബി, മികച്ച തുന്നൽ അധ്യാപികയായി തിരഞ്ഞെടുത്ത അഗത്തി ദ്വീപ് സ്വദേശിനി ശ്രീമതി.കമറുന്നീസ ആർ.എം, മികച്ച സ്വയം സഹായ സംഘമായി തിരഞ്ഞെടുത്ത കവരത്തിയിലെ അൽ-ബറക ടീം എന്നിവർക്ക് വനിതാ-ശിശു വികസന വകുപ്പിന്റെ പ്രത്യേക അവാർഡുകൾ നൽകി.
www.dweepmalayali.com
ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസലൽ ഉദ്ഘാടന പ്രഭാഷണം നടത്തി. അംഗൻവാടി അധ്യാപകരും ആഷാ പ്രവർത്തകരും ഈ സമൂഹത്തിൽ നടത്തുന്ന ദൗത്യം വളരെ വലുതാണെന്നും അവർ അർഹിക്കുന്ന അംഗീകാരം നൽകി അവരെ ആദരിക്കേണ്ടത് നമ്മുടെ കർത്തവ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആറു മാസം വരെ വൈകിയാണ് അവർക്ക് പലപ്പോഴും അവരുടെ വേതനം ലഭിക്കുന്നത്. എന്നാലും അവർ അവരുടെ ജോലിയിൽ കാണിക്കുന്ന ആത്മാർഥത ഏറ്റവും പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇനിമുതൽ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ലഭിക്കുന്ന ഫണ്ടിൽ നിന്നും ഒരു ഭാഗം മാറ്റിവെച്ചു കൊണ്ട് അംഗൻവാടി അധ്യാപകരുടെയും ആഷാ പ്രവർത്തകരുടെയും വേതനം കാലതാമസമില്ലാതെ നൽകുന്നതിന് വേണ്ട നടപടികൾ അഡ്മിനിസ്ട്രേഷൻ തലത്തിൽ എടുത്തു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. മേളയോടനുബന്ധിച്ച് സജ്ജീകരിച്ച ഫുഡ് ഫെസ്റ്റിലെ സ്റ്റാളുകൾ വിശിഷ്ടാതിഥികൾ സന്ദർശിച്ചു. തദ്ദേശീയമായ വിഭവങ്ങൾ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെയും ടൂറിസം വകുപ്പിന്റെയും ഔട്ട്ലെറ്റുകൾ വഴി വിൽപ്പന നടത്തുന്നതിന് വേണ്ട പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് അഡ്മിനിസ്ട്രേറ്ററുടെ അഡ്വൈസറായ ശ്രീ.മിഹിർ വർധനോട് താൻ ആവശ്യപ്പെട്ടതായി ശ്രീ.മുഹമ്മദ് ഫൈസൽ പറഞ്ഞു.
www.dweepmalayali.com
മുഖ്യാതിഥിയായി പങ്കെടുത്ത ശ്രീ.മിഹിർ വർധൻ ഐ.എ.എസ് മലയാളത്തിൽ പ്രസംഗിച്ചു കൊണ്ട് ഏവരെയും ഞെട്ടിച്ചു. രാജ്യത്തെ ഏറ്റവും മികച്ച മത്സ്യ വിഭവങ്ങൾ ലഭിക്കുന്നത് ലക്ഷദ്വീപിലാണെന്ന് തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അതിന് ലക്ഷദ്വീപിലെ സ്ത്രീ സമൂഹത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആന്ത്രോത്ത് സബ് ഡിവിഷണൽ ഓഫീസർ ശ്രീ.കെ.കെ ഖലീൽ ആവശ്യപ്പെട്ടതു പോലെ അടുത്ത വർഷം മുതൽ ആന്ത്രോത്ത് ദ്വീപിൽ “ആന്ത്രോ ഫെസ്റ്റ്” സംഘടിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആന്ത്രോത്ത് മഹാത്മാ ഗാന്ധി സീനിയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ.ഇ.രവീന്ദ്രൻ മാസ്റ്റർ നന്ദി പറഞ്ഞു.
www.dweepmalayali.com
നാലു ദിവസങ്ങളിലായി നടക്കുന്ന സ്ത്രീ ശക്തി മേള ഈ മാസം 31-ന് ചൊവ്വാഴ്ച സമാപിക്കും. നാലു ദിവസം നീണ്ടു നിൽക്കുന്ന സ്ത്രീ ശക്തി മേളയുടെ വിവിധ സെഷനുകളിലായി വ്യക്തിത്വ വികസന ക്ലാസുകൾ, സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ, വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയ വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. എറണാകുളം ജനറൽ ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഇന്നും നാളെയുമായി ജെ.ബി.സ്കൂൾ സെന്ററിൽ വെച്ച് നടക്കുന്ന മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ദിനേഷ്വർ ഷർമ്മ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. ലോകപ്രശസ്ത മജീഷ്യൻ സാംറാജും സംഘവും അവതരിപ്പിക്കുന്ന മാജിക് ഷോ, കേരളത്തിലെ പ്രമുഖ മ്യൂസിക് ബാന്റായ മ്യൂസിക് മാംഗോ അവതരിപ്പിക്കുന്ന മിമിക്സ് ഗാനമേള എന്നിവയും ദ്വീപിലെ തനതു കലകളും, വിവിധ ദ്വീപുകളിൽ നിന്നെത്തിയ ഗ്രൂപ്പുകൾ അവതരിപ്പിക്കുന്ന നാടകങ്ങൾ എന്നിവ വരും ദിവസങ്ങളിൽ അരങ്ങേറും.

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here