കവരത്തി: മുപ്പതാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് U19 ഫുട്ബോൾ ഫൈനൽ മത്സരത്തിൽ ആന്ത്രോത്തിന് മിന്നുന്ന വിജയം. അഗത്തി ദ്വീപിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ആന്ത്രോത്ത് ദ്വീപ് ഫുട്ബോൾ കിരീടം സ്വന്തമാക്കിയത്. തുടക്കം മുതൽ ആവേശം അണപൊട്ടിയ മത്സരത്തിൽ ആന്ത്രോത്ത് ദ്വീപിന്റെ പത്താം നമ്പർ താരം സഹലാണ് ആദ്യം വല കുലുക്കിയത്. ആദ്യ പകുതിയിൽ അഗത്തി ദ്വീപ് അവരുടെ എല്ലാ ആയുധങ്ങളും പുറത്തെടുത്തെങ്കിലും ബോൾ വലയിൽ വീഴ്ത്താൻ സനീബും ബസരിയും അടങ്ങുന്ന ആന്ത്രോത്തിന്റെ പ്രതിരോധ നിര അനുവദിച്ചില്ല.
രണ്ടാം പകുതിയിൽ ചിത്രം മറ്റൊന്നായിരുന്നു. അക്രമോത്സുകമായി മൈതാനത്ത് നിറഞ്ഞാടിയ അഗത്തി ടീം ആന്ത്രോത്തിനെ അക്ഷരാർത്ഥത്തിൽ വിയർപ്പിച്ചു. പത്താം നമ്പർ താരം ശാക്കിറിന്റെ മനോഹരമായ കിക്കിലൂടെ അഗത്തി ടീം മറുപടി ഗോൾ നേടിയതോടെ ആന്ത്രോത്ത് ടീം പ്രതിരോധത്തിലായി. കളിയുടെ അവസാന മിനിറ്റുകളിലേക്ക് കടന്നപ്പോൾ പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് പൊവും എന്ന് ഉറപ്പായ ഘട്ടത്തിലാണ് ആന്ത്രോത്തിന്റെ 17-ആം നമ്പർ താരം ശാഹുലിലൂടെ ആന്ത്രോത്തിന്റെ വിജയഗോൾ പിറന്നത്. മൂന്ന് മിനുട്ട് മാത്രം ബാക്കി നിൽക്കെ ശാഹുൽ നേടിയ ആ ഗോളിന് മറുപടി നൽകാൻ അഗത്തി ടീമിന് സാധിച്ചില്ല. വിജയിച്ചത് ആന്ത്രോത്താണെങ്കിലും ഏറ്റവും മനോഹരമായി കളിച്ചത് അഗത്തി ടീം തന്നെയായിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക