ലോകകപ്പിലെ ആദ്യ പ്രീ ക്വാർട്ടറിൽ അർജന്റീന ഇന്ന് ഫ്രാൻസിനെ നേരിടും. ഗ്രൂപ്പ് സി ജേതാക്കളായാണ് ഫ്രാൻസ് എത്തുന്നതെങ്കിൽ ഗ്രൂപ്പ് ഡി യിൽ ക്രോയേഷ്യക്ക് പിറകിൽ രണ്ടാം സ്ഥാനകാരായാണ് അർജന്റീന പ്രീ ക്വാർട്ടറിൽ എത്തുന്നത്. എങ്കിലും ലോക ഫുട്ബോളിലെ വൻ ശക്തികൾ തമ്മിൽ ഏറ്റു മുട്ടുമ്പോൾ അത് ആവേശ പോരാട്ടമാകും എന്ന് ഉറപ്പാണ്. ഇന്ത്യൻ സമയം വൈകീട്ട് 7.30 നാണ് കിക്കോഫ്.
മെസ്സിയെ തടയുക എന്നത് തന്നെയാവും ഫ്രാൻസ് ഇന്ന് പയറ്റുന്ന തന്ത്രം. നൈജീരിയക്ക് എതിരെ നേടിയ ഗോളോടെ ആത്മവിശ്വാസം വീണ്ടെടുത്ത മെസ്സി ഇന്ന് അതേ ഫോം തുടർന്നാൽ അത് ഫ്രാൻസ് പ്രതിരോധത്തിന് തടയാവുന്നതിലും അപ്പുറമാകും. എൻഗോളോ കാന്റെയെ ഉപയോഗിച്ച് മെസ്സിയെ മെരുക്കാനാവും ഫ്രാൻസ് പരിശീലകൻ ദിദിയെ ദശാംസിന്റെ ശ്രമം.
മുന്നേറ്റ നിരയിൽ മെസ്സിക്കൊപ്പം ഫോം കണ്ടെത്തിയ ഒരു ആക്രമണ നിര താരം ഇല്ല എന്നതാണ് അർജന്റീനൻ പരിശീലകൻ സാംപൊളി നേരിടുന്ന പ്രധാന പ്രശ്നം. ആദ്യ മത്സരത്തിൽ ഗോൾ നേടിയെങ്കിലും രണ്ടാം മത്സരത്തിൽ അഗ്യൂറോ തീർത്തും നിറം മങ്ങി. നൈജീരിയക്ക് എതിരെ ഹിഗ്വെയ്ൻ ആദ്യ ഇലവനിൽ കളിച്ചെങ്കിലും കാര്യമായി ഒന്നും ചെയ്തില്ല. മധ്യ നിരയിൽ എവർ ബനേഹ മികച്ച ഫോമിൽ ആണെന്നുള്ളത് സംപോളിക്ക് ആശ്വാസമാകും.
ഡെന്മാർക്കിന് എതിരെ ടീമിൽ കാര്യമായ മാറ്റം വരുത്തിയ ഫ്രാൻസ് പരിശീലകൻ പക്ഷെ ഇത്തവണ ശക്തമായ ടീമിനെ തന്നെയാകും ഇറക്കുക. പോഗ്ബ, ഉംറ്റിറ്റി, ഗ്രീസ്മാൻ, മറ്റ്യുടി, വരാൻ, എംബപ്പേ അടക്കമുളള സൂപ്പർ താരങ്ങൾ ആദ്യ ഇലവനിലേക്ക് മടങ്ങി എത്തും.
അവസാനം 2009 ൽ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ എതിരില്ലാത്ത 2 ഗോളിന് അർജന്റീനക്കായിരുന്നു ജയം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക