ഡോ.കെ.കെ.മുഹമ്മദ് കോയ. ചരിത്രത്തിൽ ലക്ഷദ്വീപിലെ സാധാരണക്കാരായ ജനങ്ങളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച രാഷ്ട്രീയ നേതൃത്വം. ലക്ഷദ്വീപിലെ സാമൂഹിക നവോത്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വിസ്മരിക്കാനാവില്ല. ഇരുളടഞ്ഞ ദ്വീപുകളിൽ വെളിച്ചത്തിന്റെ തിരിനാളവുമായി വന്ന ആദർശ പുരുഷന് പക്ഷെ അന്നിന്റെ ശരികളോട് പൊരുത്തപ്പെടാൻ സാധിക്കുമായിരുന്നില്ല. ആളെ കൂടെക്കൂട്ടാനുള്ള പൊടിക്കൈകൾ പ്രയോഗിക്കാൻ അദ്ദേഹത്തിന് അറിയുമായിരുന്നില്ല. കൃത്രിമമായി ചിരിക്കാനോ സംവദിക്കാനോ അദ്ദേഹം ശീലിച്ചില്ല. അതുകൊണ്ട് തന്നെ മേലാളന്മാർക്ക് വഴങ്ങി മാത്രം ശീലിച്ച ഒരു സമൂഹത്തിന് അദ്ദേഹത്തിന്റെ നവോത്ഥാന ആശയങ്ങളെ മനസ്സിലാക്കാനോ അംഗീകരിക്കാനോ കഴിഞ്ഞില്ല.
അദ്ദേഹത്തിന്റെ രാഷ്ട്രീയ തോൽവികൾ ലക്ഷദ്വീപിന്റെ തീരാ നഷ്ടമായിരുന്നു എന്ന് ചരിത്രം അടയാളപ്പെടുത്തുന്നു. മുമ്പേ നടന്ന ആ വികസന-വിപ്ലവ കാഴ്ചപ്പാടുകൾ സ്വപ്നം കാണാൻ പോലും അന്നിന്റെ തലമുറ പ്രാപ്തമായിരുന്നില്ല. വികസനത്തിന്റെ കാര്യത്തിൽ ഇന്നും ഏറ്റവും പിന്നോക്കം നിൽക്കുന്ന ദ്വീപുകൾ പക്ഷെ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ ഇന്ന് മാതൃകാപരമായ മുന്നേറ്റങ്ങൾ നടത്തുന്നു. അന്ന് ഡോ.കോയ കൊളുത്തിയ നവോത്ഥാന വിപ്ലവത്തിന്റെ അനന്തരഫലമാണ് ഇന്നിന്റെ സാമൂഹിക പരിവർത്തനങ്ങൾ.
1942 ജൂലൈ ഒന്നിന് കൽപ്പേനിയിലെ കുന്നാംഗലം തറവാട്ടിൽ ആറ്റബി ഉമ്മയുടെയും കാക്കയില്ലം സൈദ് മുഹമ്മദ് കോയയുടെയും മകനായി ജനനം. ഒരു വയസ്സാവുമ്പോൾ തന്നെ പ്രിയ പിതാവ് ഈ ലോകത്തോട് വിടപറയുന്നു. 1950-ൽ അദ്ദേഹത്തിന് 8 വയസ്സാവുമ്പോൾ തന്നെ തന്റെ പൊന്നുമ്മയേയും നഷ്ടമാവുന്നു. അനാഥമായ ആ ബാല്യം അദ്ദേഹത്തെ കൂടുതൽ സാമൂഹിക പ്രതിബദ്ധതയുള്ളവനാക്കി. പിതാവിന്റെ മരണശേഷം ഉമ്മ ആറ്റബിയെ കാക്കയില്ലം ആറ്റക്കോയ എന്നവർ കല്യാണം കഴിച്ചിരുന്നു. ആറ്റക്കോയയും മുത്തിയോളമ്മയും മാതൃസഹോദരി കുഞ്ഞിബിയും ആ അനാഥ ബാല്യത്തിന് തുണയായി. പിതാമഹൻ അഹമ്മദ് മുസലിയാർ ആ കാലഘട്ടത്തിലെ പ്രമുഖ സൂഫീവര്യനായിരുന്നു. അഞ്ചാം തരം വരെയുള്ള പ്രാഥമിക പഠനം കൽപ്പേനിയിൽ പൂർത്തിയാക്കിയ ശേഷം തുടർപഠനത്തിനായി കോഴിക്കോട് എലത്തൂർ സി.എം.സി ഹൈസ്കൂളിലെത്തി.

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നിന്നും പ്രീഡിഗ്രി പൂർത്തിയാക്കി. ശേഷം എൽ.ഡി.ക്ലർക്ക് ആയി കൽപ്പേനി ഹൈസ്കൂളിൽ സേവനമനുഷ്ഠിച്ചു. ഈ ജോലി രാജി വെച്ചതിന് ശേഷമാണ് ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പഠനത്തിനായി എത്തുന്നത്. അവിടെ നേതൃനിരയിൽ തിളങ്ങിയ അദ്ദേഹം ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജിലെ യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.
1970-ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ലക്ഷദ്വീപിലെ വിദ്യാർത്ഥികൾ സംഘടിപ്പിക്കപ്പെട്ടു. ലക്ഷദ്വീപിന്റെ നവോത്ഥാന മുന്നേറ്റത്തിന് എൽ.എസ്.എ എന്ന സംഘടന നിസ്തുലമായ സംഭാവനകൾ സമ്മാനിച്ചു.
പഠനം പൂർത്തിയാക്കിയ അദ്ദേഹം നാട്ടിൽ ജോലിയിൽ പ്രവേശിച്ചു. നാടിന്റെ അവസ്ഥയിൽ വ്യാകുലനായ അദ്ദേഹം ജോലി ഉപേക്ഷിച്ച് രാഷ്ട്രീയ മുന്നേറ്റത്തിന് നേതൃത്വം നൽകി. പിന്നീടങ്ങോട്ട് ഓരോ തിരഞ്ഞെടുപ്പുകളിലും മത്സരിച്ചു. തുടർച്ചയായ പരാജയങ്ങളായിരുന്നു ഫലം. 1977 തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടു. 1978 കാലഘട്ടത്തിൽ ഷിപ്പിംഗ് കോർപ്പറേഷനു കീഴിൽ മെഡിക്കൽ ഓഫീസറായി കപ്പലിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അദ്ദേഹം വീണ്ടും സജീവമായി. ഓരോ പ്രാവശ്യവും അദ്ദേഹത്തിന് ജനപിന്തുണ കൂടിക്കൊണ്ടിരുന്നു.
ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് രൂപീകരിച്ചതോടെ ആദ്യത്തെ ചീഫ് കൗൺസിലറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. കുറഞ്ഞ മാസങ്ങൾ മാത്രം പ്രായമുള്ള ആ പഞ്ചായത്ത് ലക്ഷദ്വീപിൽ സമൂലമായ മാറ്റങ്ങൾ യാഥാർഥ്യമാക്കി. പിന്നീട് വന്ന ഒരു പഞ്ചായത്തിനും ആ പ്രവർത്തനങ്ങൾക്ക് തുടർച്ചയാവാൻ സാധിച്ചില്ല. ഹൗസിംഗ് ബോർഡ് പോലൊരു പദ്ധതി യാഥാർഥ്യമാക്കാൻ തുടർഭരണം നടത്തിയ ഒരു പഞ്ചായത്തിനും കഴിഞ്ഞില്ല.
താൻ നേതൃത്വം നൽകിയ പ്രസ്ഥാനത്തിന്റെ ശബ്ദം ഇന്ന് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിലാകുന്ന പാർലമെന്റിൽ മുഴങ്ങുമ്പോൾ അതിന് സാക്ഷിയാവാൻ അദ്ദേഹമില്ല എന്നത് ചരിത്രത്തിന്റെ നിയോഗമാവാം. ഡോ.ബംബൻ ഉയർത്തിയ സോഷ്യലിസ്റ്റ് ശബ്ദം എത്ര കണ്ട് തിരസ്കരിക്കപ്പെടുന്നു എന്നത് ആധുനിക ഇന്ത്യയുടെ ഗതിമാറ്റത്തിന്റെ സൂചനകളാണ് നൽകുന്നത്. ആദർശ രാഷ്ട്രീയം പ്രായോഗിക രാഷ്ട്രീയത്തിന് വഴിമാറുന്ന പുതിയ കാലത്ത്, ലക്ഷദ്വീപിന്റെ മനസ്സ് തൊട്ടറിഞ്ഞ, ലക്ഷദ്വീപ് രാഷ്ട്രീയത്തിന് ആദർശപരമായ മുന്നേറ്റം നൽകിയ ഡോ.ബംബന്റെ ഓർമ്മകൾ പുതുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത കൂടിയാണ്.
ദ്വീപുകാരന്റെ വികാരം മനസ്സിലേറ്റി സാധാരണ പോലെ 2001-ൽ ഡൽഹിയിൽ എത്തിയ അദ്ദേഹം അസുഖ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. അത് അദ്ദേഹത്തിന്റെ അവസാന യാത്രയാണെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. 2001 ജൂൺ 30-ന് അദ്ദേഹം മരണപ്പെട്ടു എന്ന വാർത്ത ദ്വീപുകളിൽ എത്തി. ഞെട്ടലോടെയാണ് ആ വാർത്ത ദ്വീപുകാരൻ കേട്ടത്. നാട്ടിലെത്തിച്ച അദ്ദേഹത്തിന്റെ ഭൗതിക ശരീരം കൽപ്പേനി ജുമുഅത്ത് പള്ളിയിൽ ഖബറടക്കം ചെയ്തു.
അദ്ദേഹത്തിന്റെ പാരത്രീക ജിവിതം സന്തോഷകരമാവട്ടെ എന്ന പ്രാർത്ഥനയോടെ, മരണമില്ലാത്ത ആ സ്മരണകൾക്ക് മുന്നിൽ ദ്വീപ് മലയാളിയുടെ ഓർമ്മപ്പൂക്കൾ.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക