കൊച്ചി: ലക്ഷദ്വീപിന്റെ അഭിമാനമായി ആന്ത്രോത്ത് ദ്വീപ് സ്വദേശി ശ്രീ.തട്ടാംപൊക്കാട മൻസൂർ ഫോറിൻ ഗോയിങ്ങ് (എഫ്.ജി) മാസ്റ്റേഴ്സ് പരീക്ഷ പാസ്സായി. കപ്പിത്താൻ പദവിയിലേക്ക് കാലെടുത്ത് വെക്കുന്ന രണ്ടാമത്തെ ലക്ഷദ്വീപുകാരനാണ് മൻസൂർ. മിനിക്കോയ് ദ്വീപ് സ്വദേശി ശ്രീ.ക്യാപ്റ്റൻ അലി ഔഗോത്തിയാണ് ലക്ഷദ്വീപിൽ നിന്നും ആദ്യമായി കപ്പിത്താനായി സേവനമനുഷ്ഠിച്ചിട്ടുള്ളത്.
www.dweepmalayali.com
ഒരു നാവികന് എത്തിപ്പിടിക്കാവുന്ന ഏറ്റവും വലിയ പദവിയാണ് കപ്പിത്താൻ ആവുക എന്നത്. ഓരോ നാവികന്റെയും ഏറ്റവും വലിയ സ്വപ്നവും അതു തന്നെയാണ്. പ്രീ-സീ ട്രെയ്നിംഗ്, കാഡറ്റ് ട്രെയ്നിംഗ്, സെക്കന്റ് മൈറ്റ്, സെക്കന്റ് ഓഫീസർ, ചീഫ് ഓഫീസർ, മാസ്റ്റേഴ്സ്, ഓരോ റാങ്കുകൾക്കുമിടയിലെ പ്രത്യേക സി.ഒ.സി പരീക്ഷകൾ എന്നീ കടമ്പകൾ കടന്നാണ് ഓരോ നാവികനും കപ്പിത്താനായി ചുമതലയേൽക്കുന്നത്. ഈ കടമ്പകളോരോന്നും സമയബന്ധിതമായി പൂർത്തീകരിച്ചാണ് ശ്രീ.മൻസൂർ എഫ്.ജി മാസ്റ്റേഴ്സ് പരീക്ഷ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്. 2010 മുതൽ നമ്മുടെ ലക്ഷദ്വീപ് കപ്പലുകളിൽ സെക്കന്റ് മൈറ്റ് മുതൽ ചീഫ് ഓഫീസർ വരെയായി സേവനമനുഷ്ഠിച്ചു വരുന്ന ശ്രീ.മൻസൂർ ഇനി ദ്വീപ് കപ്പലുകളിലെ വീൽഹൗസിൽ കപ്പിത്താനായി ഉണ്ടാകും.
2005-ൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു കീഴിൽ തുറമുഖ വകുപ്പ് സ്പോൺസർ ചെയ്ത ആദ്യ നോട്ടിക്കൽ സയൻസ് വിദ്യാർഥിയാണ് അദ്ദേഹം. അന്ന് രണ്ടു സീറ്റുകൾ സ്പോൺസർ ചെയ്യുന്നതിനായി നോട്ടിഫിക്കേഷൻ വിളിച്ചിരുന്നെങ്കിലും മൻസൂർ മാത്രമാണ് അപേക്ഷിച്ചത്. പഠനം പൂർത്തിയാക്കിയ അദ്ദേഹം പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ ബോണ്ട് പ്രകാരം അന്ന് ലക്ഷദ്വീപ് കപ്പലുകളുടെ നടത്തിപ്പ് ചുമതല വഹിച്ചിരുന്ന ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ(എസ്.സി.ഐ) ഉടമസ്ഥതയിലുള്ള ഒരു ഓയിൽ ടാങ്കർ കപ്പലിൽ കാഡറ്റ് ട്രെയ്നിയായി സേവനം ആരംഭിച്ചു. പിന്നീട് എം.വി ടിപ്പു സുൽത്താൻ കപ്പലിലും കാഡറ്റ് റാങ്കിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2010-ൽ ഫോറിൻ ഗോയിങ്ങ് സെക്കന്റ് മൈറ്റ് പരീക്ഷ പാസ്സായ അദ്ദേഹത്തിന് 2011-ൽ സെക്കന്റ് ഓഫീസറായി പ്രമോഷൻ ലഭിച്ചു. ഇതിനിടെ രണ്ടു തവണ വിദേശ കപ്പലുകളിൽ കോൺട്രാക്ടുകൾ ചെയ്ത അദ്ദേഹം 2013 മുതൽ നമ്മുടെ ലക്ഷദ്വീപ് കപ്പലുകളിൽ തന്നെ സേവനമനുഷ്ഠിച്ചു വരികയാണ്. 2016-ൽ ചീഫ് മൈറ്റ് സി.ഒ.സി കടമ്പയും കൂടി പാസ്സായ അദ്ദേഹം 2018 വരെ എൽ.ഡി.സി.എല്ലിന് കീഴിലുള്ള ലക്ഷദ്വീപിലെ വിവിധ കപ്പലുകളിൽ ചീഫ് ഓഫീസറായി സേവനമനുഷ്ഠിച്ചു. കഴിഞ്ഞ ഏപ്രിൽ മാസം സൈൻ ഓഫ് ചെയ്തതിനു ശേഷം മാസ്റ്റേഴ്സ് (എഫ്.ജി) പരീക്ഷ പൂർത്തിയാക്കുകയായിരുന്നു. തന്നെ പഠിപ്പിച്ച, തന്നിലെ നാവികനെ ഈ ഉയരത്തിലേക്ക് എത്തിക്കുന്നതിന് തന്നെ പാകപ്പെടുത്തിയെടുത്ത ലക്ഷദ്വീപ് കപ്പലുകളിൽ തന്നെ തുടർന്നും സേവനമനുഷ്ഠിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ക്യാപ്റ്റൻ മൻസൂർ ദ്വീപ് മലയാളിയോട് പറഞ്ഞു.
www.dweepmalayali.com
കളമശ്ശേരി എച്ച്.എം.ടി കമ്പനിയിൽ നിന്നും വിരമിച്ച ശ്രീ.പി.വി.പി കാസ്മിക്കോയയുടെയും ശ്രീമതി.ടി.പി മുംതാസിന്റെയും മകനാണ് ക്യാപ്റ്റൻ മൻസൂർ. ലക്ഷദ്വീപ് കളക്ടർ കം ഡെവലപ്മെന്റ് കമ്മീഷണറായിരുന്ന കെ.കെ.സൈയ്ത് മുഹമ്മദ് സാഹിബിന്റെ പേരക്കുട്ടിയാണ്. പ്ലസ്ടൂ വരെയുള്ള സ്കൂൾ വിദ്യാഭ്യാസം കളമശ്ശേരി എൻ.എ.ഡി കേന്ത്രീയ വിദ്യാലയത്തിലാണ് പൂർത്തിയാക്കിയത്. അതിനു ശേഷം സതേൺ അക്കാഡമി ഫോർ മാരിടൈം സ്റ്റഡീസിൽ നിന്നും ബി.എസ്.സി നോട്ടിക്കൽ സയൻസ് പൂർത്തിയാക്കി. ലക്ഷദ്വീപ് പോർട്ട് ഡിപ്പാർട്ട്മെന്റാണ് ഈ കോഴ്സ് സ്പോൺസർ ചെയ്തത്. ഭാര്യയായ തിരുവനന്തപുരം സ്വദേശിനി ജിനു മൻസൂർ കൊച്ചി ഇൻഫോപാർക്കിൽ സീനിയർ സോഫ്റ്റ്വെയർ എഞ്ചിനീയറായി സേവനമനുഷ്ഠിക്കുന്നു. മകൾ ഷെഹ്സീന് ഇപ്പോൾ രണ്ടു വയസ്സാണ്.
www.dweepmalayali.com
അഭിമാനമാകരമായ നേട്ടം കരസ്ഥമാക്കിയ ക്യാപ്റ്റൻ മൻസൂറുമായി ദ്വീപ് മലയാളിയുടെ പ്രതിനിധി പ്രത്യേക അഭിമുഖം നടത്തിയിരുന്നു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ താഴെ കൊടുക്കുന്നു.
ക്യാപ്റ്റൻ പദവിയിലേക്ക് എത്തുന്നതിലൂടെ ലക്ഷദ്വീപിന്റെ അഭിമാനമായി മാറിയ താങ്കൾക്ക് ആദ്യമായി ദ്വീപ് മലയാളിയുടെ അഭിനന്ദനങ്ങൾ. ഒരു കാഡറ്റ് ട്രെയ്നിയായി തുടങ്ങിയ താങ്കൾ ഇന്ന് കപ്പിത്താന്റെ കുപ്പായമണിയാൻ ഒരുങ്ങുകയാണ്. ഈ സന്തോഷ വേളയിൽ എന്താണ് പറയാനുള്ളത്? ഒരു നാവികനായി മാറുന്നതിന് താങ്കൾക്ക് എന്താണ് പ്രചോദനമായത്?
ദ്വീപ് മലയാളിയുടെ അഭിനന്ദനങ്ങൾക്ക് ആദ്യമായി നന്ദി അറിയിക്കുന്നു. എന്റെ അമ്മാവൻ ഡോ.ഫാറൂഖ് എം.വി.ടിപ്പു സുൽത്താൻ, എം.വി ഭാരത് സീമ തുടങ്ങിയ എസ്.സി.ഐ കപ്പലുകളിൽ മെഡിക്കൽ ഓഫീസറായിരുന്നു. സ്കൂൾ അവധിക്ക് നാട്ടിൽ വരുമ്പോഴും മറ്റും കൂടുതലും അദ്ദേഹത്തോടെപ്പമായിരുന്നു യാത്ര. അദ്ദേഹത്തിന്റെ യൂണിഫോമും അവരുടെ അച്ചടക്കവും, തൊഴിൽ സംസ്ക്കാരവുമെല്ലാം അന്ന് മുതൽ എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. കപ്പലിനോട് ഒരു പ്രത്യേക അഭിനിവേശം ഉണ്ടായിരുന്നു. ഡോ.ഫാറൂഖ് തന്നെയാണ് ഈ മേഖലയിൽ എത്തുന്നതിന് എന്തൊക്കെ ചെയ്യണം എന്ന് പറഞ്ഞു തന്നത്. പോർട്ട് ഡിപ്പാർട്ട്മെന്റ് സ്പോൺസർ ചെയ്യാൻ തയ്യാറായപ്പോൾ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. പ്രസ്തുത കോഴ്സിന് അപേക്ഷിച്ചത് ഞാൻ മാത്രമായിരുന്നത് കൊണ്ട് ഭാഗ്യവശാൽ മത്സരമില്ലാതെ എനിക്ക് കോഴ്സിന് ചേരാനായി. കോഴ്സ് കഴിഞ്ഞ മുറക്ക് ജോലിയിൽ പ്രവേശിക്കാനായത് കൊണ്ട് തന്നെ ജോലിയോടൊപ്പം തുടർന്നുള്ള സി.ഒ.സി പരീക്ഷകൾക്ക് ഒരുങ്ങുന്നതിന് കൂടുതൽ എളുപ്പമായി. ഇപ്പോൾ ഏതൊരു നാവികന്റെയും ലക്ഷ്യമായ മാസ്റ്റേഴ്സ് പൂർത്തിയാക്കാൻ സാധിച്ചതിൽ വളരെ സന്തോഷം.
തുടർന്നും ലക്ഷദ്വീപ് കപ്പലുകളിൽ തന്നെ സേവനമനുഷ്ഠിക്കാനാണോ ആഗ്രഹിക്കുന്നത്?
അതെ. കാരണം എന്നെ സ്പോൺസർ ചെയ്തതും പരിശീലനം നൽകിയതും എന്നിലെ നാവികനെ രൂപപ്പെടുത്തി എടുത്തതും എന്റെ നാടും എല്ലാം ലക്ഷദ്വീപ് ആണ്. അതുകൊണ്ട് തന്നെ ക്യാപ്റ്റൻ പദവിയിൽ എത്തുമ്പോൾ കൂടുതൽ ഉത്തരവാദിത്തത്തോടെ ലക്ഷദ്വീപിന് വേണ്ടി സേവനം ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
നാവിക മേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന പുതുതലമുറക്ക് എന്ത് നിർദേശങ്ങളാണ് താങ്കൾ നൽകാനാഗ്രഹിക്കുന്നത്?
ആദ്യമായി അവരോട് പറയാനുള്ളത്, ഈ മേഖലയോട് അവർക്ക് താത്പര്യം ഉണ്ടാവണം. വേറെ ആരെങ്കിലും പറഞ്ഞത് കൊണ്ടോ, നല്ല വരുമാനം കിട്ടുന്ന ജോലിയാണ് തുടങ്ങിയ മറ്റ് ഗുണങ്ങൾ മാത്രം കണ്ടു കൊണ്ടോ ഈ മേഖല തിരഞ്ഞെടുക്കരുത്. അങ്ങനെ വരുന്നവർ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ട് നേരിടും. മറിച്ച് ഈ മേഖല നമ്മെ ആകർഷിക്കണം. ഷിപ്പിംഗിനെ കുറിച്ചും, സമുദ്ര യാത്രകളെക്കുറിച്ചും പഠിക്കാനും, ഈ മേഖലയിൽ ജോലി ചെയ്യുന്നതിനുമുള്ള താത്പര്യം ഉണ്ടാവണം. ഈ മേഖലയിൽ ജോലി ചെയ്യുമ്പോൾ കുടുംബ ജീവിതം ആസ്വദിക്കാൻ സാധിക്കുന്നില്ല എന്നൊക്കെ പറഞ്ഞ് പലരും പിന്നീട് മറ്റു മേഖലകളിലേക്ക് തിരിയാറുണ്ട്. അത് നമ്മൾ ഈ മേഖലയെ കുറിച്ച് നന്നായി മനസ്സിലാക്കാതെ ഈ മേഖലയിൽ വന്നു പെട്ടതുകൊണ്ടാണ്. മറ്റ് ജോലികളെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമായ ഒരു മേഖലയാണെന്ന് സമ്മതിക്കുന്നു. എന്നാൽ ഈ മേഖലയോട് മാനസികമായി താത്പര്യമുണ്ടെങ്കിൽ വളരെ വ്യത്യസ്തമായ തികച്ചും സാഹസികമായ, എന്നാൽ ആ സാഹസികത ഒരുപാട് ആസ്വദിക്കാൻ സാധിക്കുന്ന ഒരു തൊഴിൽ മേഖലയാണിത്. വേറെ ആരോ പറഞ്ഞത് കൊണ്ട് മാത്രം ഈ മേഖല തിരഞ്ഞെടുക്കുന്നത് പിന്നീട് ദോഷം ചെയ്യും.
ദീർഘ കാലമായി ലക്ഷദ്വീപുകാർ ബുദ്ധിമുട്ട് നേരിടുന്ന ഒരു മേഖലയാണ് കപ്പൽ യാത്രാ മേഖല. ഈ യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് എന്ത് നിർദേശങ്ങളാണ് താങ്കൾക്ക് നൽകാനുള്ളത്?
1.ലോകത്തിലെ എല്ലാ തുറമുങ്ങളിലും തലപ്പത്തിരിക്കുന്നത് പരിചയസമ്പന്നരായ ക്യാപ്റ്റന്മാരാണ്. ആന്തമാൻ ദ്വീപുകളിൽ വരെ തുറമുഖ വകുപ്പിന്റെ ഡയറക്ടർ തസ്തികയിൽ ക്യാപ്റ്റന്മാരാണ് സേവനമനുഷ്ഠിക്കുന്നത്. എന്നാൽ ലക്ഷദ്വീപ് പോർട്ട് & ഷിപ്പിംഗ് വകുപ്പിന്റെ തലവൻ ഡാനിക്സ് ഓഫീസറാണ്. ഈ മേഖലയുമായി ഒരു ബന്ധവുമില്ലാത്ത ഡാനിക്സ് ഓഫീസർമാരെ മാറ്റി തൽസ്ഥാനത്ത് പരിചയസമ്പന്നനായ ക്യാപ്റ്റനെ നിയമിക്കണം.
2. പോർട്ട് ഡിപ്പാർട്ട്മെന്റിലും കപ്പലിലെ വെൽഫയർ, താലി തുടങ്ങിയ തസ്തികകളിലും സാധാരണക്കാരായ ആളുകളെയാണ് ഇപ്പോൾ നിയമിച്ചിരിക്കുന്നത്. അവർക്ക് ഷിപ്പിംഗ് മേഖലയിലെ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പരിമിതികൾ ഉണ്ട്. അതുകൊണ്ട്, അവരെ മാറ്റി അത്തരം തസ്തികകളിൽ നോട്ടിക്കൽ, മറൈൻ എഞ്ചിനീയറിംഗ് മേഖലയിൽ പഠനം പൂർത്തിയാക്കിയ, ജോലി ചെയ്യുന്ന ആളുകളെ നിയമിക്കണം.
3.നമ്മൾ നേരിടുന്ന യാത്രാ പ്രശ്നങ്ങൾ നമുക്ക് ലഭ്യമായ കപ്പലുകളുടെ കുറവ് കൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. നമ്മുടെ യാത്രാ ആവശ്യങ്ങൾ ഒരു പരിധി വരെ നിറവേറ്റുന്നതിന് ആവശ്യമായ കപ്പലുകൾ നമുക്ക് ഉണ്ട്. പക്ഷെ, അത് കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിൽ വരുന്ന വീഴ്ചയാണ് യാത്രാ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നത്. നിലവിലെ സെക്ടർ വൈസ് പ്രോഗ്രാമിങ്ങും, ഒരു കപ്പൽ സ്റ്റാന്റ് ബൈ നിർത്തുന്ന രീതിയും, യാത്രക്കാരുടെ ആവശ്യപ്രകാരം നൽകുന്ന അഡീഷണൽ പ്രോഗ്രാമും എല്ലാം മുമ്പത്തെ അപേക്ഷിച്ച് യാത്രാ പ്രശ്നങ്ങൾ ഒരു പരിധിവരെ കുറച്ചു കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. എന്നാലും ചില സീസണുകളിൽ യാത്രാ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. ഈ സീസണുകളിൽ വരുന്ന യാത്രക്കാരുടെ എണ്ണം കൃത്യമായി അറിയാത്തത് കൊണ്ടാവാം ഇത്തരം ബുദ്ധിമുട്ടുകൾ നേരിടുന്നത്. അതിന് ശാസ്ത്രീയമായ സർവേ നടത്തി ആവശ്യമായ പ്രോഗ്രാമിങ്ങ് തയ്യാറാക്കണം.
4.നമ്മുടെ കപ്പലുകൾ റിപ്പയറിംഗിനായി പോകുമ്പോൾ ഒരുപാട് ദിവസം ഡോക്കിൽ വെറുതെ കെട്ടിയിടുകയാണ്. ആ സംവിധാനം മാറണം. വളരെ വലിയ തുക കൊടുത്താണ് നമ്മൾ ഓരോ പ്രാവശ്യവും കപ്പലുകൾ ഡോക്കിൽ അയക്കുന്നത്. അതുകൊണ്ട് തന്നെ, നമ്മുടെ കപ്പലുകൾ സമയബന്ധിതമായി റിപ്പയറിംഗ് ചെയ്ത് തരേണ്ട ബാധ്യത ഷിപ്പിയാർഡിനും, കാലതാമസമില്ലാതെ കപ്പൽ തിരിച്ചു കിട്ടേണ്ട അവകാശം നമുക്കുമുണ്ട്. ഈ വിഷയത്തിൽ പോർട്ട് ഡിപ്പാർട്ട്മെന്റും എൽ.ഡി.സി.എല്ലും കർക്കശമായ നിലപാടുകൾ സ്വീകരിക്കണം. റിപ്പയറിംഗിന് ഡോക്കിൽ പോയി അവിടെ കപ്പലുകൾ വെറുതെ കെട്ടിയിടുന്ന രീതി മാറണം. അതിന് ബന്ധപ്പെട്ട അധികാരികൾ വേണ്ട നടപടികൾ എടുക്കണം.
ലക്ഷദ്വീപിലെ മുഴുവൻ കപ്പലുകളിലും പൂർണ്ണമായി ദ്വീപുകാർ മാത്രം സേവനം ചെയ്യുന്ന കാലം അതി വിദൂരമല്ല. ആ നല്ല നാളെയുടെ പുലരിക്കായി നമുക്ക് കാത്തിരിക്കാം. ദ്വീപ് മലയാളിയുടെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഞങ്ങളോട് താങ്കളുടെ വിലപ്പെട്ട സമയം ചിലവഴിച്ചതിന് നന്ദി.
റിപ്പോർട്ട്: സി.കെ
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
Al hamdulillah…. Iniyum orupad uyarangalil ethette
Al hamdulillah…& Congratzzz. Iniyum orupad uyarangalil ethette