
എന്നാൽ വിദ്യാഭ്യാസ രംഗത്ത് മൊത്തത്തിൽ തുഗ്ലക്ക് പരിഷ്കാരങ്ങൾ നടപ്പിലാക്കുന്ന ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്, വരുന്ന അധ്യായന വർഷം മുതൽ കവരത്തി ബി.എഡ് സെന്ററിലെ രണ്ടു വർഷ ബി.എഡ് കോഴ്സ് നിർത്തലാക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി 2017-ൽ പുതുക്കേണ്ടിയിരുന്ന കാലിക്കറ്റ് സർവകലാശാലയുമായുള്ള കരാർ ഇതുവരെയും ലക്ഷദ്വീപ് ഭരണകൂടം പുതുക്കിയിട്ടില്ല. അടുത്ത വർഷം മുതൽ കാലിക്കറ്റ് സർവകലാശാലയുടെ രണ്ടു വർഷ ബി.എഡ് കോഴ്സിന് പകരം മൈസൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷന്റെ (ആർ.ഐ.ഇ) നാലു വർഷത്തെ ഇന്റഗ്രേറ്റഡ് ഡിഗ്രി കം ബി.എഡ് കോഴ്സ് തുടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ഈ കോഴ്സ് അനുസരിച്ച് ട്രിപ്പിൾ ഡിഗ്രി (മൂന്ന് വിഷയങ്ങൾ മൈൻ പേപ്പറുകളായി തിരഞ്ഞെടുത്ത് കൊണ്ട് പഠിക്കുന്നതോടൊപ്പം ബി.എഡ് കൂടി പൂർത്തിയാക്കുന്ന രീതി) നാല് വർഷം കൊണ്ട് പാസ്സാവാൻ സാധിക്കും. ഡിഗ്രിയോടൊപ്പം തന്നെ ബി.എഡ് കൂടി നൽകുന്ന ഇന്റഗ്രേറ്റഡ് കോഴ്സുകൾ എല്ലാ കോളേജുകളിലും ആരംഭിക്കണമെന്ന എൻ.സി.ടി.ഇയുടെ സർക്കുലർ മറയാക്കിയാണ് കവരത്തിയിലെ ബി.എഡ് കോഴ്സ് നിർത്തലാക്കാനുള്ള ആലോചനകൾ പുരോഗമിക്കുന്നത്. ഇന്റഗ്രേറ്റഡ് കോഴ്സുകൾ ആരംഭിക്കണം എന്ന് നിർദേശിക്കുമ്പോൾ തന്നെ നിലവിലെ ബി.എഡ് കോഴ്സ് നിർത്തലാക്കണമെന്ന് എൻ.സി.ടി.ഇ സർക്കുലറിൽ പറയുന്നില്ല. അങ്ങനെ നിർത്തലാക്കിയാൽ നിലവിൽ മൂന്നു വർഷത്തെ ഡിഗ്രി പഠനം നടത്തുന്ന വിദ്യാർഥികളെ അത് സാരമായി ബാധിക്കും. അവർക്ക് പിന്നീട് അധ്യാപന രംഗത്തേക്ക് കടന്നുവരാൻ സാധിക്കാതെ വരും. ഇന്റഗ്രേറ്റഡ് കോഴ്സുകൾ ആരംഭിക്കുകയാണെങ്കിൽ അത് ആന്ത്രോത്തിലെയും കടമത്ത് ദ്വീപിലേയും സെന്ററുകളിലാണ് ആരംഭിക്കേണ്ടത്. അവിടെയാണ് ഡിഗ്രി കോഴ്സുകൾ നടന്നുവരുന്നത്.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക