മലയാളി രോഗിയെ സന്ദർശിക്കാൻ അബുദാബി കിരീടാവകാശി ആശുപത്രിയിൽ. നമ്മുടെ ഭരണാധികാരികൾ കണ്ടു പഠിക്കട്ടെ.

0
968
പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ മലപ്പുറം കുറുവ പഴമുള്ളൂര്‍ സ്വദേശി മുല്ലപ്പള്ളി അലിയെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നു

അബുദാബി: ചികിത്സയിൽ കഴിയുന്ന മലയാളിയെ കാണാൻ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപസർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശുപത്രിയിലെത്തി. തന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായി കഴിഞ്ഞ 30 വർഷത്തോളം സേവനമനുഷ്ഠിച്ച മലപ്പുറം കുറുവ പഴമുള്ളൂർ സ്വദേശി മുല്ലപ്പള്ളി അലിയെയാണ് ശൈഖ് മുഹമ്മദ് സന്ദർശിച്ചത്.
തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ അലിക്ക് ശൈഖ് മുഹമ്മദിന്റെ സന്ദർശനം ഏറെ ഊർജം പകർന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് എത്തിയ ശൈഖ് മുഹമ്മദ് അലിക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പുവരുത്തുകയും ചെയ്തു. വിദേശയാത്രയിൽ ഭരണാധികാരിയുടെ പേഴ്‌സണൽ സംഘത്തിൽ യാത്രചെയ്യുന്ന അലി കഴിഞ്ഞയാഴ്ച സൗദിയിലും മൊറോക്കോയിലും പോയിരുന്നു. തിരിച്ചെത്തിയശേഷം തലകറക്കവും ഓർമക്കുറവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സതേടിയത്.

എം.ആർ.ഐ. സ്കാൻ ചെയ്തപ്പോൾ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തുകയും ഉടൻ ശസ്ത്രക്രിയ നിർദേശിക്കുകയുമായിരുന്നു. മറ്റൊരു ആശുപത്രിയിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. എന്നാൽ, കിരീടാവകാശിയുടെ നിർദേശപ്രകാരം വിദഗ്ധ ചികിത്സയ്ക്കായി അബുദാബിയിലെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നായ ക്ലീവ് ലാൻഡിലേക്ക് മാറ്റുകയായിരുന്നു.
ഓഫീസിൽനിന്ന് ഫോണിൽ ഒട്ടേറെ അന്വേഷണങ്ങൾ എത്താറുണ്ടെങ്കിലും കിരീടാവകാശി നേരിട്ടെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അലിയുടെ മക്കളായ നസീബും നസീറും നിസാറും പറഞ്ഞു. ഇന്ത്യക്കാരടക്കമുള്ള വിദേശികളുടെ കാര്യത്തിൽ ഭരണാധികാരി ഉറപ്പാക്കുന്ന കരുതലിന്റെ ഉദാഹരണമാണ് ഇതെന്നും അവർ പറഞ്ഞു. ക്രൗൺ പ്രിൻസ് കോർട്ടിൽനിന്ന് പിതാവിന്റെ പരിചരണം ഉറപ്പാക്കാനായി കൃത്യമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും മക്കൾ വ്യക്തമാക്കി.
അലിയുടെ സേവനത്തിനും വിശ്വാസ്യതയ്ക്കും ലഭിച്ച ഏറ്റവും വലിയ അംഗീകാരമായാണ് ശൈഖ് മുഹമ്മദിന്റെ സന്ദർശനത്തെ കണക്കാക്കുന്നതെന്ന് അലിയുടെ ഭാര്യ റംല പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here