അമിനി: നാട്ടിലെ പ്രാധമിക പഠനശേഷം കോഴിക്കോട് എലത്തൂരിൻ നിന്നും ഉന്നത വിദ്യാഭ്യാസം നേടി തിരിച്ചെത്തിയ ചെറുപ്പക്കാരന് കൃഷി വകുപ്പിൽ ഫീൽഡ് മാനായി ജോലി വാഗ്ദാനം ലഭിക്കുന്നു. എന്നാൽ തനിക്ക് രാജ്യത്തിന് വേണ്ടി സേവനം നടത്താൻ ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യാനാണ് ആഗ്രഹമെന്ന് ആ യുവാവ് തീർത്തു പറഞ്ഞു. തന്റെ ആഗ്രഹം ലക്ഷദ്വീപിന്റെ ആദ്യത്തെ അഡ്മിനിസ്ട്രേറ്ററായിരുന്ന മൂർക്കോത്ത് രാമുണ്ണിയെ അറിയിക്കുന്നു. അഡ്മിനിസ്ട്രേറ്റർ അദ്ദേഹത്തിന് ഇന്ത്യൻ ആർമിയിൽ ചേരാൻ അവസരമൊരുക്കി. വെടിയുണ്ടകൾ ചീറിപ്പായുന്ന രാജ്യാതിർത്തിയിലേക്ക് പോവാനായി ഒരുങ്ങുന്ന ചെറുപ്പക്കാരനോട് “അങ്ങോട്ട് പോവണോ മോനെ. നീ അവിടെ വെടിയേറ്റ് വീണു മരിച്ചു വീണാൽ…….” എന്ന് തന്റെ പൊന്നുമ്മ ചോദിക്കുന്നു. “എന്തായാലും മരിക്കില്ലേ ഉമ്മാ…. അത് നമ്മുടെ നാടിന് വേണ്ടിയാവുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ” എന്ന് ആ യുവാവ് മറുപടി പറയുന്നു. ആ ഉമ്മ നിറകണ്ണുകളോടെ ആ പൊന്നുമോനെ യാത്രയാക്കുന്നു.
1965 ഇന്ത്യ പാക്കിസ്ഥാൻ യുദ്ധം. അമിനി പള്ളിച്ചപ്പുര വീട്ടിൽ നിന്നുള്ള മുത്തുകോയ എന്ന ആ യുവാവ് ഇന്ത്യൻ സേനക്ക് വേണ്ടി യുദ്ധഭൂമിയിൽ പങ്കെടുക്കുന്നു. ആ യുദ്ധഭൂമിയിൽ വെറും 26 വയസ്സുള്ള ആ യുവാവ് രാജ്യത്തിന് വേണ്ടി മരിച്ചു വീഴുന്നു. ലക്ഷദ്വീപിൽ നിന്നും ഇന്ത്യൻ ആർമിയിൽ എത്തുന്ന ആദ്യ വ്യക്തി എന്ന നിലക്ക് ഏവരും ആ രക്തസാക്ഷിയെ അറിഞ്ഞിരുന്നു. എന്നാൽ ആ വീരജവാന് അർഹിക്കുന്ന ആദരവും അംഗീകാരവും നൽകുന്നതിന് മാത്രം നമ്മൾ ബോധവാന്മാരാവാതെ പോയി. ഇന്നിതാ അദ്ദേഹത്തെ ആദരിച്ചു കൊണ്ട് അമിനിയിലെ സ്കൂളിന് ജവാൻ മുത്തുകോയ മെമ്മോറിയൽ ഗവൺമെന്റ് സീനിയർ സെക്കണ്ടറി സ്കൂൾ എന്ന് നാമകരണം ചെയ്തിരിക്കുന്നു. അതിന് മുൻകൈയ്യെടുത്ത ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫാറൂഖ് ഖാൻ, രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ജവാന്മാരെ എങ്ങിനെ ബഹുമാനിക്കണം എന്ന് നമ്മെ ബോധ്യപ്പെടുത്തി. ഇത് പ്രതിരോധ മേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന പുതുതലമുറക്ക് പ്രചോദനം നൽകുമെന്ന കാര്യത്തിൽ സംശയമില്ല. അദ്ദേഹത്തെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടി ചിത്രീകരിച്ച “മുത്തു ബുളക്ക് ” എന്ന ഡോക്യുമെന്ററി ഈ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് യൂറ്റ്യൂബിൽ റിലീസ് ചെയ്തു. ശഹീദ് ജവാൻ മുത്തുകോയ മെമ്മോറിയൽ ഗവൺമെന്റ് സീനിയർ സെക്കണ്ടറി സ്കൂളിന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തീകരിച്ച ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ദഹലാൻ ലക്ഷദ്വീപ് ആണ്. ക്രിയേറ്റീവ് ഹെഡ്: നൗഫർഖാൻ കുലി. എഡിറ്റിംഗ്: വിപിൻ വിജയൻ. ഡി.ഒ.പി: കാസിം ബി.സി, തബ്ശീർ കവരത്തി. ശബ്ദാവതരണം: ബിനോയ് കോട്ടക്കൽ. വി.എഫ്.എക്സ്: ദീപു പ്രസാദ്. ആർട്സ്: സാഹിർ ആർട്സ്. ഡോക്യുമെന്ററിയുടെ പൂർണ്ണമായ വീഡിയോ താഴെ കൊടുക്കുന്നു. കണ്ടതിന് ശേഷം പരമാവധി ഷെയർ ചെയ്യണമെന്ന് അഭ്യർഥിക്കുന്നു. രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിച്ച ഈ വീരജവാനെ ലോകം അറിയട്ടെ.
രാജ്യത്തെ 130 കോടി ജനങ്ങൾ നിർഭയരായി കിടന്നുറങ്ങുന്നത് നമ്മുടെ ജവാന്മാർ വെയിലും മഴയും മഞ്ഞും വകവെക്കാതെ അതിർത്തിയിൽ നമുക്കായി കാവൽ നിൽക്കുന്നത് കൊണ്ട് മാത്രമാണ്. അവരുടെ സേവനം നമ്മൾ മറന്നുകൂടാ. പുതുതലമുറ ഈ രാജ്യത്തിന് കാവലായി മാറാൻ ഇത് ഒരു പ്രചോദനമാവട്ടെ.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക