ന്യൂഡൽഹി: ലക്ഷദ്വീപിലെ ഏക പാർലമെന്റ് മണ്ഡലം നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) നിലനിർത്തുമെന്ന് ടൈംസ് നൗ ചാനൽ പുറത്തു വിട്ട ഏറ്റവും പുതിയ സർവ്വേ ഫലം. പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങൾ തിരിച്ച് ടൈംസ് നൗ ചാനലും വി.എം.ആറും ചേർന്ന് നടത്തിയ സർവ്വേ ഫലമാണ് പുറത്തു വന്നിരിക്കുന്നത്. ബി.ജെ.പി യുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ മുന്നണി 38.7 ശതമാനം വോട്ടുകൾ നേടി 272 സീറ്റുകൾ സ്വന്തമാക്കുമെന്ന് സർവ്വേ പ്രവചിക്കുന്നു. 32.6 ശതമാനം വോട്ടുകൾ നേടി യു.പി.എ 147 സീറ്റുകളിൽ വിജയിക്കും. മറ്റുള്ള കക്ഷികൾ എല്ലാവരും ചേർന്ന് 28.7 ശതമാനം വോട്ടുകൾ നേടും. ഇരുമുന്നണികളിലും ഇല്ലാത്ത പാർട്ടികൾ 144 സീറ്റുകൾ സ്വന്തമാക്കും. ഇവർ എടുക്കുന്ന തീരുമാനം നിർണ്ണായകമാവും.
കേരളത്തിൽ 16 സീറ്റുകൾ നേടി കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ്. നേട്ടമുണ്ടാക്കും. എന്നാൽ ഇരുപത് മണ്ഡലങ്ങളിൽ വെറും മൂന്നെണ്ണത്തിൽ മാത്രം എൽ.ഡി.എഫ് വിജയിക്കുമെന്നാണ് സർവ്വേ റിപ്പോർട്ട് പറയുന്നത്. കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് സർവ്വേ പ്രവചിക്കുന്നു.
ജനുവരി മാസം അവസാനം നടത്തിയ സർവ്വേ ഫലമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ മാസം റിപ്പബ്ലിക് ചാനൽ സർവ്വേ പുറത്ത് വന്നിരുന്നു. ലക്ഷദ്വീപിൽ കോൺഗ്രസ് തിരിച്ചു വരും എന്ന് റിപ്പബ്ലിക് ചാനൽ പ്രവചിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ടൈംസ് നൗ ചാനൽ സർവ്വേയിൽ ലക്ഷദ്വീപ് എൻ.സി.പി നിലനിർത്തുമെന്ന സർവ്വേ ഫലം പുറത്തു വന്നിരിക്കുന്നത്. നിലവിലെ എം.പി പി.പി.മുഹമ്മദ് ഫൈസൽ തന്നെയാണ് ഇത്തവണയും എൻ.സി.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഫൈസലിന്റെ പ്രചാരണ പരിപാടികൾ ഔദ്യോഗികമായി തുടങ്ങി കഴിഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥയായി അഡ്വ: ഹംദുള്ള സഈദിനെ തന്നെ മത്സരിപ്പിക്കും എന്ന കാര്യത്തിൽ തത്വത്തിൽ തീരുമാനമായിട്ടുണ്ട്. ഔദ്യോഗികമായി ഹംദുള്ള സഈദിന്റെ പേര് കോൺഗ്രസ് പ്രസിഡന്റ് ശ്രീ.രാഹുൽ ഗാന്ധി ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക