കവരത്തി/കൊച്ചി: ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് നൂറുകണക്കിന് ആളുകൾ മരണപ്പെട്ട സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ കേരളത്തിലും ഒരു രോഗിയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. കേരളത്തിൽ നിന്നും ലക്ഷദ്വീപിൽ എത്തുന്ന യാത്രക്കാരെ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രാലയം നിർദേശം നൽകി. ഈ സാഹചര്യത്തിൽ നാളെ മുതൽ വൻകരയിൽ നിന്നും പുറപ്പെടുന്ന യാത്രക്കാരെ അതാത് പോർട്ടുകളിലെ സ്കാനിംഗ് സെന്ററുകളിൽ പരിശോധന നടത്തണമെന്ന് ലക്ഷദ്വീപ് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.മുഹമ്മദ് അസ്ലം എൽ.എം.എസ് കൊച്ചി സ്റ്റോർ സൂപ്രണ്ടിന് അയച്ച കത്തിൽ നിർദേശിച്ചു.

യാത്രക്കാരെ ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ച് അവരുടെ ശാരീരിക താപനില പരിശോധിക്കും. വൈറസ് ബാധയെന്ന് സംശയം തോന്നിയാൽ വിശദമായ പരിശോധനക്ക് വിധേയമാക്കും. ചൈന സന്ദർശനം കഴിഞ്ഞെത്തിയ വിനോദസഞ്ചാരികളോ, യാത്രക്കാരോ ഉണ്ടെങ്കിൽ അവരെ തൊട്ടടുത്ത മെഡിക്കൽ സെന്ററുകളിൽ എത്തിച്ച് സൂക്ഷ്മമായ പരിശോധനകൾക്ക് ശേഷം മാത്രമേ ദ്വീപിലേക്കുള്ള യാത്ര അനുവദിക്കുകയുള്ളു. www.dweepmalayali.com
ആന്ത്രോത്ത് ദ്വീപിൽ നിന്നും ഇന്ന് ഉച്ചയോടെ ബേപ്പൂരിൽ എത്തിയ യാത്രക്കാരെ പഴയ സ്കാനിംഗ് സെന്ററിൽ വെച്ച് പരിശോധിച്ചു. അസുഖ ലക്ഷണം കാണുന്നവരെ താമസിപ്പിക്കുന്നതിന് വേണ്ടി പുതിയ സ്കാനിംഗ് സെന്ററിന് മുകളിൽ ഐസൊലേഷൻ വാർഡ് ഒരുക്കിയിരുന്നു. ആരും ആശങ്കപ്പെടേണ്ടതില്ലെന്നും, കൃത്യമായ മുൻകരുതലുകൾ എടുക്കുകയാണ് വേണ്ടതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക