മലയാള മനോരമ ഓൺലൈനിൽ ‘കണ്ണെത്താ ദൂരത്തോളം ഒരു കപ്പൽ യാത്ര’ എന്ന തലക്കെട്ടിൽ മാർച്ച് 29-ന് എ.എൻ.ശോഭ എഴുതിയ ലക്ഷദ്വീപ് യാത്രാ വിവരണം വൈറലാവുന്നു. കൊച്ചിയിൽ നിന്ന് കവരത്തി ദ്വീപിലേക്കുള്ള യാത്രയുടെ ഓരോ സ്പന്ദനങ്ങളും വളരെ മനോഹരമായി ശോഭ തന്റെ വിവരണത്തിൽ കുറിച്ചിട്ടുണ്ട്.
യാത്രാ വിവരണത്തിന്റെ പൂർണ്ണ രൂപം വായിക്കാം. ⤵️
കടൽ കണ്ടിട്ടുണ്ടോ. . കടലോരം താണ്ടിയിട്ടുണ്ടോ.. കടലോളം നനഞ്ഞിട്ടുണ്ടോ… ! കടൽ അതെനിക്കെന്നും വിസ്മയമാണ്.
അങ്ങ് ദൂരെ കാണാതെ മറഞ്ഞു കിടക്കുന്ന അറ്റത്തോളം അതെന്നെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു. തലക്കുമീതെ അടിച്ചുയരുന്ന തിരക്കപ്പുറം കടലിനെ പുൽകാനാവാതെ തീരത്തേക്ക് കരഞ്ഞോടുന്ന കൊച്ചുകുട്ടിയാവുകയെ വഴിയുള്ളു. കാരണം, അതിനപ്പുറം അതെന്റെ ജീവനെ പകരം ചോദിക്കാറുണ്ട്. ഒരിക്കലെങ്കിലും ആ ഭയത്തെ തോൽപ്പിച്ച് പുറംകടൽ കാണണം. എന്നും എപ്പോഴും കൊതിപ്പിച്ച് പിൻവാങ്ങുന്ന തിരമാലകളോടോക്കെ കെറുവിച്ച് ഞാൻ പിണങ്ങി നിന്നു. നോക്കിക്കൊ, ഒരു നാൾ ഞാൻ വരും. നിങ്ങളുടെ കൂടെ, അങ്ങ് അങ്ങ്, ദൂരെ ദൂരെ തീരമില്ലാ കടലിലെ തിരകൾ കാണാൻ.
കടലുപോലെ തന്നെ കപ്പലിന്റെ ഉള്ളവും എങ്ങിനെ എന്നറിയാതെ, കൊച്ചിയിൽ നങ്കൂരമിട്ട കപ്പലുകളെ ദൂരെ നിന്ന് മാത്രം നോക്കിക്കണ്ട ഓർമ്മകൾ. എങ്ങിനെയാണ് ഒരു കപ്പൽ യാത്രക്കുള്ള അവസരം ഒരുക്കുന്നതെന്ന് ചിന്തയിൽ പോലും കടന്നു വന്നില്ല. കാരണം അപ്രാപ്യമെന്ന് ഉള്ളിലെവിടെയൊ ഉറപ്പിച്ച് വെച്ചിരുന്നു. ടിക്കറ്റെടുത്ത് നീങ്ങി തുടങ്ങിയ തീവണ്ടിയിൽ ചാടി കയറുന്നതും വിമാനമേറാൻ പരിശോധനകളിലൂടെ കടന്നപോവുന്നതും അതിനകവും ചിട്ടയും വട്ടവുമെല്ലാം സിനിമകളിലെങ്കിലും പരിചിതം.പക്ഷേ ഒരു യാത്രകപ്പൽ ഞാൻ കണ്ട വിദേശസിനിമകളിൽ പോലും കടന്നുവന്നില്ല. അല്ല, അതിനുമാത്രം ഒന്നും ഞാൻ കണ്ടിട്ടില്ല എന്നതും സത്യം.
കൊച്ചിത്തീരത്തെ ചെളിവെള്ളത്തിൽ നിന്നും കവരത്തിയെ ലക്ഷ്യമിട്ട കോറൽസ് എന്ന കപ്പൽ തീരക്കടലിന്റെ പച്ചപ്പിലേക്കും ആഴക്കടലിന്റെ നീലിമയിലേക്കും നീന്തിനീങ്ങുമ്പോൾ വെള്ളത്തിന്റെ നിറവ്യത്യാസം കൃത്യമായ് അടയാളപ്പെടുത്തുന്നുണ്ടായിരുന്നു. പതിയെ നിരങ്ങിനീങ്ങിത്തുടങ്ങിയ ജലയാനം ക്രമേണ വേഗമാർജ്ജിക്കുമ്പോൾ, വന്ന വഴികളിലെ വെൺനുരകൾ കൂടുതൽ വെണ്മയോടെ പതഞ്ഞുയർന്നു, ഒപ്പം അരികുകളിലെ ഇളക്കങ്ങൾ ചെറിയ തിരകളാവാൻ തുടങ്ങിയിരുന്നു. പക്ഷെ അതിനപ്പുറം കടൽ കൊച്ചോളങ്ങൾ നിറഞ്ഞ ഒരു വലിയ തടാകം പോലെ പരന്നു കിടന്നു. അരികുകൾ ആകാശക്കുടയോട് ചേർന്ന് നിന്നു.
ഇതൊക്കെ അല്ലെങ്കിലും ഇങ്ങനെ തന്നെ അല്ലേ എന്ന നിസ്സാരവൽക്കരിക്കരുത്. കന്നിക്കപ്പൽ യാത്രയുടെ കടലോളം എന്നിൽ നിറഞ്ഞ തിരകളാവുകയായിരുന്നു. പഴംകഥകളിലെ കപ്പൽ യാത്രകളിൽ ആദ്യം കേൾക്കുന്നതും കടൽചൊരുക്കിനെ കുറിച്ചാണ്. ഛർദ്ദിച്ച് തളർന്ന് മരണത്തോളം എത്തുന്ന യാത്രകൾ. പക്ഷെ എനിക്ക് കപ്പലിന്റെ ഉള്ളറകളിൽ ചെറുചലനം പോലും അറിയാൻകഴിഞ്ഞില്ല.
എന്നാൽ രാത്രിയിൽ കടൽ കപ്പലിനെ തൊട്ടിലാട്ടുമ്പോൾ ചിലപ്പോൾ താഴെ വീണു പോവുമോ എന്നു തോന്നിപ്പോവുകയും ചെയ്തു. പക്ഷെ പറഞ്ഞുകേട്ട കടൽചൊരുക്കും പ്രശ്നങ്ങളുമായി ആരുംതന്നെ ബുദ്ധിമുട്ടുന്നത് കണ്ടില്ല. മാത്രമല്ല, മിക്കവാറും എല്ലാവരും സ്വന്തം സീറ്റുകളിൽ ഇരിക്കാതെ മെസ്സിലും ചുറ്റും വരാന്തപോലുള്ള അരികുവശങ്ങളിലും വന്നിരിക്കുന്നുണ്ടായിരുന്നു.
പ്രവേശനമില്ലാത്തയിടങ്ങൾ വേർത്തിരിക്കപ്പെട്ടിരുന്നെങ്കിലും കടൽ കണ്ടിരിക്കാൻ ഇഷ്ടം പോലെ ഇടം ഉണ്ടായിരുന്നു. പുറംകടലിൽ കപ്പൽ നല്ല വേഗത്തിലായിരിക്കുന്നു. ചുറ്റുപാടും വെള്ളത്തിനപ്പുറം മറ്റൊന്നും കാണാനില്ല. നല്ല വെളിച്ചമെങ്കിലും സൂര്യൻ പടിഞ്ഞാറ് ചായാൻ തുടങ്ങിയിരിക്കുന്നു. നടുക്കടലിൽ ഉദയാസ്തമയങ്ങൾ എങ്ങിനെയെന്നത് ഒരു കൗതുകമായതിനാൽ പടിഞ്ഞാറെ വരാന്തയിൽ നിലയുറപ്പിച്ചു..
നല്ല ചൂടു വെയിലിലും കടൽകാറ്റിന്റെ ഇളം തണുപ്പ്. കണ്ണടപ്പിക്കുന്ന വെളിച്ചവുമായ് ജ്വലിച്ചു നിന്ന സൂര്യൻ പതിയെ ചുവന്നു തുടുക്കാൻ തുടങ്ങി. കടലിൽ താണുപോവുന്നതും തുടർന്ന് ചുവപ്പുരാശി പുതച്ച ആകാശവും നല്ലൊരു കാഴ്ചയായ് ഏറെ വൈകുവോളം ബാക്കി നിന്നു. പകൽചൂട് രാത്രിയിലെ തണുത്ത കാറ്റിനു വഴി മാറി. ഒപ്പം കാറ്റിന്റെ തീവ്രതയും കൂടിയതു പോലെ.രാത്രിയിലെ കടലിനു വല്ലാത്തൊരു ഭംഗിയാണ്. അരികിൽ നിന്ന് താഴെ കടലിലേക്ക് നോക്കുമ്പോൾ ആഞ്ഞു വലിക്കുന്ന പ്രതീതി. ഒന്ന് ചാടിയാൽ എവിടെ എത്തുമെന്ന ചിന്ത. ഈ ഓളപരപ്പിനു താഴെ എന്തെന്ന ഓളംതല്ലൽ. വെറുതെ നോക്കിനിന്നു ചിന്തകളെ അലയാൻ വിടുമ്പോൾ കൊച്ചിതീരത്തു നിന്നും പുറപ്പെട്ട അറേബ്യൻ സീ എന്ന കപ്പൽ മറ്റൊരു ദ്വീപിനെ ലക്ഷ്യമാക്കി അൽപം മാറി യാത്ര ചെയ്യുന്നുണ്ടായിരുന്നു.
രാത്രി ഭക്ഷണം കഴിഞ്ഞ് യാത്രക്കാരിൽ മിക്കവരും സ്വന്തം സ്ഥാനങ്ങൾ വിട്ട് കടൽകാണാൻ ഡെക്കിൽ എത്തിയിരുന്നു. കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്കും തിരിച്ചും സ്ഥിരമായി യാത്രചെയ്യുന്നവർ തന്നെയായിരുന്നു അധികവും. പാസഞ്ചർ ട്രെയിനിലെ സീസൺ യാത്രക്കാരെ പോലെ അവർ പരിചയം പുതുക്കുന്നത് ആദ്യം കൗതുകമായിരുന്നു. പിന്നെയാണ് ലക്ഷദ്വീപിൽ മറ്റു ദ്വീപുകളിൽ ഉള്ളവർക്ക് പോലും പരസ്പരം അറിയാമെന്നത് മനസ്സിലായത്.
അവർ സ്വയം ദ്വീപുകാരെന്ന് പരിചയപ്പെടുത്തി മറ്റുള്ളവരെ കരക്കാരെന്ന് വിളിച്ചു.”ഏതു ദ്വീപിൽ നിന്നാ” എന്ന ചോദ്യം പലരിൽ നിന്നും കിട്ടി. കാഴ്ചക്കാരിയായ് വരുന്നെന്ന് പറയുമ്പോൾ ഓരോരുത്തരും അവരുടെ ദ്വീപിനെ കുറിച്ച് വാചാലരാവുന്നു. ചിലർ കപ്പലിന്റെ മുകൾത്തട്ടിൽ നീണ്ടു നിവർന്നു കിടക്കുന്നത് വീണ്ടും പഴയകഥകളെ ഓർമ്മിപ്പിച്ചു. കപ്പൽ തീരത്തടുത്താൽ ടിക്കറ്റ് വാങ്ങി കപ്പലിൽ കേറാം. കിട്ടിയ ഇടത്തിൽ ഇരുന്നോ കിടന്നോ യാത്രചെയ്യാം.
കുട്ടിയായിരിക്കുമ്പൊഴേ ഓടത്തിൽ കയറി മംഗലാപുരത്തിനു പോയ കഥ പറഞ്ഞയാൾക്ക് എപ്പോൾ തീരമണയും എന്ന് ഉറപ്പില്ലാത്ത യാത്രകളുടെ ദുരിതങ്ങൾ ഇന്നും ഓർമ്മയിൽ ഉണ്ട്. പ്രായം മങ്ങലേൽപ്പിക്കാത്ത ഓർമ്മകൾ കയ്യിലെ ജപമാല തിരിയുന്നതിനോടൊപ്പം അടർന്നു വീണുകൊണ്ടിരുന്നു.അവധിക്ക് നാട്ടിൽ പോവുന്ന ദ്വീപ് സ്വദേശികളായ വിദ്യാർത്ഥികൾ ഓരോ കപ്പൽ യാത്രയും ആസ്വദിക്കുകയാണെന്നു തോന്നി. കോളേജ് വിദ്യാർത്ഥിനികളായ പലരും വിവാഹിതർ. അഞ്ചും ആറും വർഷമായി കേരളത്തിൽ പഠിക്കുന്നവരെങ്കിലും അവരെ കൊണ്ടു പോവാൻ ആരെങ്കിലും ദ്വീപിൽ നിന്നും വന്നിരുന്നു. “തനിച്ച് യാത്രചെയ്യാറില്ല” എന്ന് പറയുമ്പോൾ അതെന്തോ തെറ്റാണെന്ന ഭാവം ചിലരുടെ മുഖത്ത് തെളിഞ്ഞോ എന്നൊരു സംശയം. ഒരിടത്ത് വെക്കേഷനു നാട്ടിലേക്ക് പോവുന്ന സ്കൂൾകുട്ടികളുടെ അന്താക്ഷരി രാത്രി ഏറെയായിട്ടും തുടരുന്നുണ്ടായിരുന്നു.
കപ്പൽ യാത്രയെന്ന് പറയുമ്പോൾ കുറെയേറെ ചോദ്യങ്ങൾ ഉയരും.അതിലെങ്ങിനെ ഇരിക്കും കിടക്കും ഭക്ഷണം കിട്ടും അങ്ങിനെ നൂറായിരം. ട്രെയിനിലെ ബെർത്തുകൾ ഒരു ഹാളിൽ നിരത്തി വെച്ചതുപോലെ ബങ്ക് ക്ലാസ്സ്, നാലുപേർക്ക് ഉള്ള ബെർത്തും അറ്റാച്ച്ഡ് ബാത്ത്‌റൂമുമായി കാബിൻ അങ്ങിനെ ട്രെയിനിലെ പോലെ തന്നെ വിവിധ ക്ലാസുകൾ ഉണ്ട്. ഒരു കൊച്ചു കാന്റീൻ പോലെ മെസ്സ് ഉണ്ട്. മറ്റു സൗകര്യങ്ങളുമുണ്ട്.
നാനൂറു യാത്രക്കാർക്കുള്ള കോറൽസും 250 പേരെ കയറ്റാവുന്ന അറേബ്യൻ സീയുമാണു എനിക്ക് യാത്രചെയ്യാൻ കഴിഞ്ഞ കപ്പലുകൾ. അറേബ്യൻ സീയെക്കാൾ പുത്തനായ കോറൽസ് കുറച്ചുകൂടെ സൗകര്യമുള്ളതുമാണ്. യാത്രതുടങ്ങും മുമ്പെ കൊച്ചിയിൽ നിന്നു കപ്പലിൽ മുഴങ്ങിയ ഒരു അനൗൻസ്‌മെൻറ് എന്തിനെന്ന് അത്ഭുതപ്പെടുത്തി. കപ്പൽ പരിശോധിക്കാൻ സർവ്വെയർ വരുന്നുണ്ട് എല്ലവരും സ്വന്തം സ്ഥനങ്ങളിൽ പോയിരിക്കണമെന്നായിരുന്നു അത്.
സർവ്വെയർ വന്ന് എല്ലാം സുരക്ഷിതമെന്ന് ഉറപ്പുവരുത്തിയതിനു ശേഷമായിരുന്നു യാത്രതുടങ്ങിയത്. തീരം കടക്കുവോളം നാവിക സേനക്കാർ കൂട്ടുവന്നു. പിന്നെ നിയന്ത്രണം കപ്പൽ ജോലിക്കാർക്ക് വിട്ടുകൊടുത്തു. വട്ടത്തിൽ കറങ്ങി നീളത്തിൽ കപ്പലോടിക്കുന്ന എഞ്ചിൻ മുറി കാണാൻ ചെന്നപ്പോൾ അവിടെ ജോലിക്കാരെല്ലാം ദ്വീപുകാർ തന്നെ. കപ്പലിന്റെ വിവിധ കോണുകളിൽ നിന്നും കാമറകൾ പിടിച്ചെടുക്കുന്ന് ദൃശ്യങ്ങൾ അവിടെ സ്ക്രീനിൽ തെളിയുന്നുണ്ടായിരുന്നു.
തീരം വിട്ടു കഴിഞ്ഞാൽ മുകളിലെ വലിയ ചില്ലുകൂട്ടിലുള്ളവർക്കാണു ചുമതലയെന്ന് പറഞ്ഞ് മുകൾത്തട്ടിലേക്ക് പോവുമ്പോൾ കടലറിയാത്ത കരക്കാരിയുടെ ചോദ്യനിരകളിൽ അവർക്ക് ചിരിയുയുത്തരങ്ങൾ. എതിരെ വരുന്ന കപ്പലുകൾ എങ്ങിനെയാണ് വഴിമാറുക എന്നതിന് “റോഡിൽ സൈക്കിളോടിക്കുമ്പോൾ മാറി കൊടുക്കുമ്പോലെ” എന്ന് പറയുമ്പോൾ കരയും കടലും അവർക്ക് ഒരു പോലെ. ദൂരെ മിന്നുന്ന വെളിച്ചം മറ്റൊരു ദ്വീപിലെ ലൈറ്റ് ഹൗസെന്നും, ആ പോവുന്നത് മറ്റൊരു കപ്പലെന്നും ചൂണ്ടി പറഞ്ഞ് അറ്റമില്ലാ കടലിലും കാഴ്ചകൾ അടയാളപ്പെടുത്തിക്കൊണ്ടിരുന്നു. അവിടെയാണ് കപ്പൽ ചാലുകൾ വരഞ്ഞു കിടന്നത്.
സ്കാനിംഗ് സെന്ററിൽ നിന്നും കയ്യിലുള്ള വസ്തുവകകൾ എല്ലാം പരിശോധിച്ച് കപ്പലിൽ കേറുമ്പോൾ ആദ്യം വരവേറ്റത് തികച്ചും അപരിചിതമായ ഒരു മണമായിരുന്നു. മെസ്സിലെ ദ്വീപു ബിരിയാണിയുടെ മണം. കപ്പലിൽ എല്ലായിടത്തും ആ മണം പരന്നൊഴുകുന്നുണ്ടായിരുന്നു. വിനിഗർ ചേർത്ത റ്റ്യൂണയായിരുന്നു ചോറിനൊപ്പവും കിട്ടിയത്, ഒപ്പം പരിപ്പ് കറിയും. രാത്രി അത്താഴം കഴിഞ്ഞും കട്ടൻ ചായക്കും ഓമ്‌ലൈറ്റിനും കാത്തു നില്കാൻ ഇഷ്ടം പോലെ ആൾക്കാർ ഉണ്ടായിരുന്നു.
മെസ്സിൽ ഭക്ഷണം തയ്യാറാവുമ്പോൾ എല്ലാം മൈക്കിലൂടെ അനൗൺസ്‌മന്റ് മുഴങ്ങും.എന്ത് എവിടെ എന്നറിയാതെ ആ സന്ദേശം കേട്ട് നിന്ന എന്റെ പകപ്പ് കണ്ടാവാം എന്റെ തൊട്ടടുത്ത ബെർത്തിലെ ഒരു കൊച്ചു പയ്യൻ സഹായത്തിനെത്തി. കിൽത്തൻ ദ്വീപിൽ നിന്നും കോഴിക്കോട് വന്നു പഠിക്കുന്ന പത്താം ക്ലാസ്സുകാരൻ അവധിക്ക് നാട്ടിൽ പോവുകയാണു.
ആദ്യമായാണ് കപ്പലിൽ കയറുന്നതെന്ന് പറഞ്ഞപ്പോൾ ഓരോ ഇടവും കൊണ്ടു നടന്ന് കാണിക്കാൻ കൊച്ചുകൂട്ടുകാരനു വലിയ സന്തോഷം. നേരം വെളുക്കും മുമ്പ് തന്നെ ഇരുട്ട് നിറഞ്ഞ വെളിച്ചത്തിൽ ദൂരെ ദ്വീപ് കാണിച്ച് കാത്തിരിപ്പിനു വേഗം കൂട്ടിതരാനും ഏറെ ഉത്സാഹമായിരുന്നു.കരയോടു അടുത്തെത്തി എത്ര പതുക്കെയാണെന്നോ കപ്പൽ വെള്ളത്തിൽ നിരങ്ങിനിരങ്ങി തീരം തൊടുന്നത്. കടൽ താണ്ടിയെത്തിയതിന്റെ യാതൊരു അഹങ്കാരവുമില്ലാതെ ഒരു ഓളം പോലും അധികമായ് ഉയർത്താതെ പതിയെ പതിയെ ഒരു മണിക്കൂറിലധികം എടുത്തായിരുന്നു ഇറങ്ങാൻ കഴിഞ്ഞത്.
എങ്ങനെയായിരുന്നു ആ യാത്രയെന്ന് ചോദിച്ചാൽ….
വാനം ഒരു വട്ടക്കുട്ടയായ് കുടപിടിച്ചു; നക്ഷത്രങ്ങളാൽ അങ്കിതം. താഴെ വെള്ളം പായവിരിച്ചു; ഓളങ്ങളാൽ സമൃദ്ധം. അരികുകൾ പരസ്പരം ചേർന്നു നിന്നു; കണ്ണെത്താദൂരത്തിനുമപ്പുറം. നടുവിൽ ആകാശം നോക്കി കപ്പലങ്ങിനെ മലർന്നു കിടന്നു നീന്തി; അങ്ങ് ദൂരെ ഒരു തീരവും തേടി.അതിൽ ഞാനും.
കടപ്പാട്: മനോരമ ഓൺലൈൻ/ എ.എൻ.ശോഭ.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക