വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ; പ്രഖ്യാപിച്ചത് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻറ്റണി

0
809
www.dweepmalayali.com

ന്യൂഡല്‍ഹി: അഭ്യൂഹങ്ങള്‍ക്കും കാത്തിരിപ്പിനും വിരാമം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട് ലോക്‌സഭ മണ്ഡലത്തില്‍ മല്‍സരിക്കും. ദക്ഷിണേന്ത്യയില്‍ മല്‍സരിക്കണമെന്ന തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് തീരുമാനമെന്ന് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച കോണ്‍ഗ്രസ് സീനിയര്‍ നേതാവ് എ കെ ആന്റണി വ്യക്തമാക്കി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

കര്‍ണാടക, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതൃത്വം രാഹുല്‍ഗാന്ധി തങ്ങളുടെ സംസ്ഥാനങ്ങളില്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദക്ഷിണേന്ത്യയില്‍ മല്‍സരിക്കണമെന്ന പ്രവര്‍ത്തകരുടെ കൂടി ആവശ്യം കണക്കിലെടുത്താണ് കോണ്‍ഗ്രസ് ഇത്തരത്തില്‍ തീരുമാനം എടുത്തതെന്ന് ആന്റണി പറഞ്ഞു. ഏറ്റവും അനുയോജ്യമായ മണ്ഡലമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വയനാട്ടില്‍ മല്‍സരിക്കാന്‍ എഐസിസി നേതൃത്വം തീരുമാനിച്ചത്.

തീരുമാനം എല്ലാവരും കൂടിയാലോചിച്ച്‌ എടുത്തതാണെന്ന് ആന്റണി വിശദീകരിച്ചു. ട്രൈ ജംഗ്ഷന്‍ എന്ന നിലയിലാണ് വയനാട് തെരഞ്ഞെടുത്തത്. കര്‍ണാടകയിലെ ചാമരാജ് നഗര്‍, തമിഴ്‌നാട്ടിലെ നിലഗിരി, തേനി പ്രദേശങ്ങളും അതിരിടുന്ന സീറ്റാണ് വയനാട്. അതിനാലാണ് വയനാട് തെരഞ്ഞെടുത്തത്. രാഹുല്‍ഗാന്ധി വരുന്നതോടെ കേരളത്തിലും ദക്ഷിണേന്ത്യയിലും കോണ്‍ഗ്രസ് തരംഗം ഉണ്ടാക്കുമെന്ന് എ കെ ആന്റണി പറഞ്ഞു. അമേഠിക്ക് പുറമെ, രണ്ടാം‌ മണ്ഡലമായാണ് രാഹുല്‍ വയനാട് തെരഞ്ഞെടുത്തത്.

രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമെന്ന് ആദ്യം സൂചന നല്‍കിയത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ വേളയിലായിരുന്നു ഉമ്മന്‍ചാണ്ടി ഈ സൂചന നല്‍കിയത്. ഇതോടെ രാഹുലിനെ സ്വാഗതം ചെയ്ത് സിദ്ദിഖ് പ്രചാരണത്തില്‍ നിന്നും പിന്‍മാറുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിക്കാത്തത് കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകരെ നിരാശരാക്കിയിരുന്നു. എത്രയും വേഗം വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്ന് മുസ്ലിം ലീഗ് നേതൃത്വവും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here