കവരത്തി: ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിൽ ഇന്ന് ദ്വീപിലെ ആദ്യത്തെ പെട്രോൾ പമ്പിന്റെ ഉദ്ഘാടന ചടങ്ങിനിടയിൽ ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. കണിശവും കൃത്യവുമായ വാക്കുകളില്‍ അഡ്മിനിസ്ട്രേഷനെ നേരിട്ട് വിമർശിച്ചുകൊണ്ടുള്ള പ്രസംഗത്തിനൊടുവിലാണ് വമ്പിച്ച കരഘോഷങ്ങൾക്കും ആരവങ്ങൾക്കും ഇടയിലൂടെ ഫൈസൽ നാടകീയമായി ഇറങ്ങിപ്പോയത്.
പെട്രോൾ പമ്പിന്റെ ഉദ്ഘാടനച്ചടങ്ങ് വലിയ ആഘോഷമാക്കി മാറ്റാൻ അഡ്മിനിസ്ട്രേഷൻ നേരത്തേ തീരുമാനിച്ചിരുന്നു. പുറത്തുനിന്നുള്ള ഇവന്റ് മാനേജ്‌മന്റ് കമ്പനിയുടെ സഹായത്തോടെ വമ്പൻ പരിപാടിയാണ് ഭരണകൂടവും ഇന്ത്യൻ ഓയിൽ കോർപറേഷനും ചേർന്ന് സംഘടിപ്പിച്ചത്. എല്ലാ ഉദ്യോഗസ്ഥരും നിർബന്ധമായി പങ്കെടുക്കണമെന്ന് ഉത്തരവിറക്കി. കുട്ടികളെ മുഴുവനായും പങ്കെടുപ്പിക്കാൻ പ്രധാനാധ്യാപകർക്ക് കർശന നിർദ്ദേശം കൊടുക്കുകയും പൊതുപരീക്ഷകൾ വരെ മാറ്റി വെക്കുകയും ചെയ്തു. ഭരണകൂടം നടത്തിയ എല്ലാ ഒരുക്കങ്ങളെയും ഒരു പത്ത് മിനിറ്റ് പ്രസംഗം കൊണ്ട് നിഷ്പ്രഭമാക്കിക്കളഞ്ഞിരിക്കുകയാണ് ലക്ഷദ്വീപ് എം പി.
പ്രഫുൽ പട്ടേലിനെ മാത്രം പുകഴ്ത്തിയുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേഷ്ടാവ് അൻബരസു ഐ.എ.എസ് ന്റെ എഴുതിത്തയ്യാറാക്കിയ സ്വാഗതപ്രസംഗത്തിന് ശേഷമാണ് എം.പി ഫൈസൽ പ്രസംഗപീഠത്തിലെത്തിയത്. “ലക്ഷദ്വീപുകാർ ആരും തന്നെ വികസനത്തിനെതിരല്ല, പക്ഷെ ഏതു തരത്തിലുള്ള വികസനമാണ് വേണ്ടത് എന്നതാണ് പ്രശ്നം. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട ഈ സൗകര്യം 2004-5 കാലത്ത് എന്റെ മുൻഗാമിയായ പി.പി കോയ എം.പിയായ സമയം മുതൽ തുടങ്ങിയ ശ്രമങ്ങളുടെ ഫലമാണ്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഉദ്യോഗസ്ഥരടക്കമുള്ള ഒരുപാട് ആളുകളുടെ പരിശ്രമങ്ങളുടെ ഫലമാണ് ഈ പദ്ധതി. അത്തരം ആളുകൾ ആവശ്യപ്പെട്ടത് മൂലമാണ് ഈ ചടങ്ങിൽ പങ്കെടുത്തതും. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെയും ജനങ്ങളുടെയും പങ്കാളിത്തമില്ലാത്ത നയങ്ങൾ ജനങ്ങൾ തള്ളിക്കളയും. എകാധിപത്യ ഭരണത്തിന്റെ ആഘോഷമാണിതെന്ന് കരുതരുത്. ഞങ്ങൾ ഒരുപാട് ക്ഷമിച്ചുകഴിഞ്ഞു.
കിരാതമായ ഭരണപരിഷ്കാരങ്ങൾ ആഘോഷിക്കപ്പെടേണ്ടതല്ല, എതിർക്കപ്പെടേണ്ട ഒന്നാണ്. ദുരിതമനുഭവിക്കുന്ന എന്റെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഞാൻ ഈ വേദിയിൽ നിന്നും ഇറങ്ങിപ്പോകുകയാണ്, നീണ്ട കരഘോഷങ്ങൾക്കിടയിലൂടെ അദ്ദേഹം പറഞ്ഞു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെ വിമർശിച്ചു കൊണ്ടുള്ള പ്രസംഗത്തിൽ മുൻ അഡ്മിനിസ്‌ട്രേറ്റർമാരായ ഫാറൂഖ് ഖാനും ദിനേശ്വർ ശർമയും ദ്വീപുകാർക്ക് പ്രിയപ്പെട്ടവരായിരുന്നു എന്നും അവർ ചെയ്ത സേവനങ്ങൾ മറക്കാനാവാത്തതാണെന്നും കൂട്ടിച്ചേർക്കാൻ ഫൈസൽ മറന്നില്ല. ജനങ്ങൾ കരഘോഷങ്ങളോടെയാണ് മുൻ അഡ്മിനിസ്‌ട്രേറ്റർമാരുടെ പേര് പരമാർശിച്ചതിനെ വരവേറ്റത്.
പ്രസംഗം അവസാന ഘട്ടത്തിലെത്തിയതോടെ ജനങ്ങളുടെ ഇടയിൽ നിന്നും മുദ്രാവാക്യങ്ങളുയർന്നു തുടങ്ങിയിരുന്നു. ഫൈസൽ മുദ്രാവാക്യം വിളിച്ച് നടന്നിറങ്ങിയതോടെ കാണികൾ ഇരിപ്പിടങ്ങൾ വിട്ട് അദ്ദേഹത്തെ അനുഗമിച്ചു. പട്ടേലും പട്ടേലിന്റെ പോലീസും നോക്കിനിൽക്കെ എം.പിയും അദ്ദേഹത്തെ പിന്തുടർന്ന ആൾക്കൂട്ടവും ഗാന്ധി പ്രതിമയുടെ മുൻപിൽ തടിച്ചുകൂടി പ്രതിഷേധം തുടർന്നു. ഇതൊക്കെ കണ്ട് അന്തം വിട്ടുനിന്ന പോലീസ് കുറച്ചുസമയത്തേക്ക് പൂർണമായും നിഷ്‌ക്രിയരായിപ്പോയി. അങ്കലാപ്പ് പട്ടെലിന്റെ മുഖത്തും പ്രകടമായിരുന്നു. വളരെ സൗമ്യമായി ചിരിച്ചുമാത്രം ആളുകളെ സ്വീകരിച്ചിരുന്ന ഫൈസൽ പത്ത് മിനിറ്റ് രൗദ്രഭാവം പുറത്തെടുത്തപ്പോഴേക്കും താൻ ഭരിക്കുന്ന പ്രദേശത്തെ എം പി യുടെ ആത്മഹത്യാ കുറിപ്പിൽ ഇടം നേടിയ പട്ടേൽ എന്ന ഏകാധിപത്യ മനോഭാവമുള്ള അഡ്മിനിസ്‌ട്രേറ്റർ അസ്വസ്ഥനാവുന്നുണ്ടായിരുന്നു. പിന്നീട് പ്രഫുൽ പട്ടേൽ നടത്തിയ പ്രസംഗത്തിൽ ആ നിരാശ പ്രതിഫലിക്കുകയും ചെയ്തു.
പാർട്ടി മത ജാതി ഭേദമന്യേ ലക്ഷദ്വീപുകാർ ഒന്നടങ്കം സമൂഹ മാധ്യമങ്ങളിലും പുറത്തും എം പി ഫൈസലിന് അഭിവാദ്യമർപ്പിച്ചു കൊണ്ടിരിക്കുകയാണ്. പ്രഫുൽ പട്ടേലിനെതിരെ ചെറുവിരലനക്കാൻ പോലുമാകാതെ നിഷ്‌ക്രിയരായി കിടന്ന ഒരു ജനവിഭാഗത്തിന് പുത്തനുണർവാണ് ഈ സംഭവത്തോട് കൂടി ലഭിച്ചിരിക്കുന്നത്. പട്ടേലിനെതീരെ മുദ്രാവാക്യങ്ങളുയർത്തി ലക്ഷദ്വീപ് എം പി പി പി മുഹമ്മദ് ഫൈസൽ വേദിയിൽ നിന്നും നടന്നിറങ്ങിയത് ജനഹൃദയങ്ങളിലേക്കാണ്. ഈ ഇറങ്ങിപ്പോക്ക് ചരിത്രമാകും, ഒരു ജനതയുടെ വീറുള്ള ചെറുത്തുനില്പിന്റെ ചരിത്രം.
കടപ്പാട്: ദ്വീപ് ഡയറി
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക