ഇന്ത്യന്‍ തീരത്ത് നിന്നും അപൂര്‍വയിനം മീനിനെ കണ്ടെത്തി

0
750

നിമിഷങ്ങള്‍ക്കുള്ളില്‍ നിറം മാറാന്‍ കഴിയുന്ന അപൂര്‍വയിനം മത്സ്യത്തെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്‌ആര്‍ഐ) ഗവേഷകര്‍ കണ്ടെത്തി. സ്‌കോര്‍പിയോണ്‍ മത്സ്യ വിഭാഗത്തില്‍ പെട്ട വളെര അപൂര്‍വമായ ‘ബാന്‍ഡ്‌ടെയില്‍ സ്‌കോര്‍പിയോണ്‍’ മത്സ്യത്തെയാണ് തമിഴ്‌നാട്ടിലെ സേതുകരൈ തീരത്ത് നിന്ന് ഗവേഷകര്‍ കണ്ടെത്തിയത്. ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഈ മീനിനെ ജീവനോടെ ലഭിക്കുന്നത്. കടല്‍പുല്ലുകളെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി കടലിനടിയിലൂടെയുള്ള ഗവേഷണ സഞ്ചാരത്തിനിടെയാണ് കടല്‍പുല്ലുകള്‍ക്കിടയില്‍ നിന്ന് മത്സ്യത്തെ കണ്ടൈടുത്തത്.ഏറെ സവിശേഷതകളുള്ള ഈ മീന്‍ ഇരകളെ പിടിക്കുന്നതിനും ശത്രുക്കളില്‍ നിന്ന് രക്ഷ നേടാനുമാണ് നിറം മാറുന്നത്.

ആദ്യകാഴ്ചയില്‍ പവിഴത്തണ്ട് പോലെ തോന്നിച്ച മീന്‍, ചെറിയ തണ്ട് കൊണ്ട് തൊട്ടപ്പോള്‍ നിറം മാറാന്‍ തുടങ്ങിയതോടെയാണ് അപൂര്‍വയിനം മത്സ്യമാണെന്ന് കണ്ടെത്താനായതെന്ന് സിഎംഎഫ്‌ആര്‍ഐയിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു.ഒറ്റ നോട്ടത്തില്‍ മീനാണെന്ന് പോലും മനസ്സിലാക്കാനാകാത്ത വിധത്തില്‍ ചുറ്റുപാടുകള്‍ക്ക് സാമ്യമുള്ള നിറത്തില്‍ കിടക്കാന്‍ ഇതിന് കഴിയും. ഇതിനെ പിടിക്കാനുള്ള ശ്രമത്തില്‍, ആദ്യം വെള്ള നിറത്തില്‍ കാണപ്പെട്ട മീന്‍ നിമിഷ നേരം കൊണ്ട് കറുപ്പും പിന്നീട് മഞ്ഞ നിറമായും മാറി.

നട്ടെല്ലില്‍ ശക്തിയേറിയ വിഷമുള്ളത് കാരണമാണ് ഈ വിഭാഗത്തെ പൊതുവായി സ്‌കോര്‍പിയോണ്‍ മത്സ്യം എന്ന് വിളിക്കുന്നത്. അത് കൊണ്ട് തന്നെ ഇവയെ സ്പര്‍ശിക്കുന്നതും അടുത്തു പെരുമാറുന്നതും അപകടകരമാണ്. പ്രത്യേകമായ ഉപകരണങ്ങളുടെ സഹായത്തോടെയാണ് സിഎംഎഫ്‌ആര്‍ഐയിലെ ശാസ്ത്രജ്ഞര്‍ മീനിനെ സ്വന്തമാക്കിയത്.മിക്കവാറും രാത്രികളിലാണ് ഇവ ഇരതേടുന്നത്. ഇര തൊട്ടടുത്ത് വരുന്നത് വരെ കടലിന്റെ അടിത്തട്ടില്‍ ചലനമില്ലാതെ കിടക്കുന്നതാണ് ഇതിന്റെ പതിവ് രീതി. ഇര അടുത്തെത്തിയാല്‍ മിന്നല്‍വേഗത്തില്‍ അകത്താക്കും. കാഴ്ച ശക്തി കൊണ്ടല്ല, മറിച്ച്‌ വശങ്ങളിലുള്ള പ്രത്യേക സെന്‍സറുകളിലൂടെയാണ് ഇവ ഇരതേടുന്നത്. ഇത്തരത്തില്‍ 10 സെ.മീ വരെ അകലെയുള്ള ഞണ്ടിന്റെ ശ്വാസോച്ഛോസം പോലും പെട്ടെന്ന് തിരിച്ചറിയാനുള്ള ശേഷി ഈ മീനിനുണ്ട്. ഇരകളുടെയും ശത്രുക്കളുടെയും സാന്നിധ്യം ധ്രുതഗതിയില്‍ ഇവ തിരിച്ചറിയും.

സിഎംഎഫ്‌ആര്‍ഐയിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ ആര്‍ ജയഭാസ്‌കരന്റെ നേതൃത്വിലുള്ള ഗവേഷക സംഘമാണ് മീനിനെ കണ്ടെത്തിയത്. പഠനത്തിന്റെ ഭാഗമായുള്ള പരിശോധനകള്‍ക്ക് ശേഷം മീനിനെ സിഎംഎഫ്‌ആര്‍ഐയിലെ മ്യൂസിയത്തില്‍ നിക്ഷേപിച്ചു.ഈ പഠനം കറന്റ് സയന്‍സ് ഗവേഷണ ജേണലിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണ് സേതുകരൈ. രാവണനില്‍ നിന്നും സീതയെ രക്ഷിക്കാന്‍ ശ്രീരാമന്‍ ഇവിടെ നിന്നാണ് ശ്രീലങ്കയിലേക്ക് പാലം നിര്‍മിച്ചതെന്നാണ് ഐതിഹ്യം.

കടപ്പാട്: Media One TV


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here