കൊച്ചി: മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി യുവതി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. ലക്ഷദ്വീപ് കൽപേനി സ്വദേശികളായ മുഹമ്മദ് താഹിർ ഹുസൈൻ (24), നവാൽ റഹ്മാൻ (23), സി.പി. സിറാജ് (24), ചേർത്തല എഴുപുന്ന സ്വദേശിനി സോനു സെബാസ്റ്റ്യൻ (23), തൃശൂർ സ്വദേശി അൽത്താഫ് (24) എന്നിവരാണ് നാർകോട്ടിക് സെൽ അസി. കമീഷണറുടെ കീഴിലെ ഡാൻസാഫ് സംഘത്തിന്‍റെ പിടിയിലായത്.
കൊച്ചി സിറ്റി ഡാൻസാഫും എളമക്കര പൊലീസും ചേർന്നു നടത്തിയ പരിശോധനയിൽ 0.34 ഗ്രാം എം.ഡി.എം.എയും 155 ഗ്രാം കഞ്ചാവുമായി പ്രതികളെ പിടികൂടുകയായിരുന്നു. 190 ഗ്രാം കഞ്ചാവുമായി അക്ബർ എന്നയാളെ കഴിഞ്ഞ ദിവസം സി.ഐ.എസ്.എഫ് പിടികൂടി ഹാർബർ പൊലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കറുകപ്പള്ളി ലോഡ്ജിൽ താമസിച്ചിരുന്ന പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. നാർകോട്ടിക് സെൽ പൊലീസ് അസി. കമീഷണർ കെ.എ. അബ്ദുൽ സലാം, എളമക്കര പൊലീസ് സബ് ഇൻസ്പെക്ടർ എയിൻ ബാബു, ഡാൻസാഫ് സംഘം, എളമക്കര പൊലീസ് എന്നിവർ സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.

ഇത്തരം മയക്കുമരുന്ന് മാഫിയയെക്കുറിച്ച് വിവരം ലഭിച്ചാൽ യോദ്ധാവ് ആപ്പിന്റെ 9995966666 എന്ന വാട്സ്ആപ് നമ്പറിലേക്ക് വിവരങ്ങൾ അറിയിക്കാം. കൂടാതെ കൊച്ചി പൊലീസ് കമീഷണറേറ്റ് നാർകോട്ടിക് സെൽ അസി. കമീഷണറുടെ 9497990065 എന്ന നമ്പറിലേക്കോ ഡാൻസാഫ് സംഘത്തിന്‍റെ 9497980430 എന്ന നമ്പറിലേക്കോ വിവരം അറിയിക്കാം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക