ലക്ഷദ്വീപിൽ നിന്നുള്ള ദുരിതാശ്വാസ തുക ഒരു കോടി കവിയും

0
1424

കവരത്തി: മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും എല്ലാം നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി ലക്ഷദ്വീപിൽ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ധനസമാഹരണം നടന്നു വരുന്നു. ഭക്ഷണവും വസ്ത്രവും മറ്റുമായി ദ്വീപിൽ നിന്നും സമാഹരിച്ച വിഭവങ്ങൾ കേരളത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചിരുന്നു. ഇപ്പോഴും വിഭവ സമാഹരണം തുടരുകയാണ്. ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള എല്ലാ ജീവനക്കാരും അവരുടെ ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടുണ്ട്. അതുകൂടി ഉൾപ്പെടുത്തി ആദ്യഘട്ടമെന്നോണം 50 ലക്ഷം രൂപ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ ഫാറൂഖ് ഖാൻ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അറിയിച്ചു കൊണ്ട് കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് കത്തയച്ചു.

കൂടാതെ കേരളത്തിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥികൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരും അവരുടേതായ നിലയിൽ ധനസമാഹരണം നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി വരുന്നു.

ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കുന്നതിന് വേണ്ടി വസ്ത്ര സമാഹരണം നടത്തിയ അമിനിയിലെ സ്കൂളിൽ പൊന്നുമോൻ ഇബ്രാഹിം ഇബ്നു അദ്ഹം ലോകത്തിനു തന്നെ മാതൃകയായി. 70,000/- രൂപ വിലമതിക്കുന്ന പുതു വസ്ത്രങ്ങളാണ് ഈ നാലാം ക്ലാസ്സുകാരൻ പ്രധാനാധ്യാപകന് കൈമാറിയത്. ‘കുട്ടി ഹീറോയുടെ’ വിശാല മനസ്കത ഇന്ന് ദേശീയ മാധ്യമങ്ങളിലും ചർച്ചയായി.

ലക്ഷദ്വീപ് എം.പി പി.പി.മുഹമ്മദ് ഫൈസൽ തന്റെ ഒരു മാസത്തെ ശമ്പളം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അറിയിച്ചു. കൂടുതൽ കേന്ദ്ര സഹായത്തിനായി കേരളം നടത്തുന്ന ശ്രമങ്ങൾക്ക് എം.പി എന്ന നിലയിൽ പാർലമെന്റിന് അകത്തും പുറത്തും എല്ലാ പിന്തുണയും നൽകുമെന്നും ഫെയ്സ്ബുക്കിൽ കുറിച്ച പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.

എൽ.എസ്.എ യുടെ നേതൃത്വത്തിൽ സമാഹരിച്ച് കൊച്ചിയിൽ എത്തിച്ച വിഭവങ്ങൾ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് രിഫാഇയുടെ നേതൃത്വത്തിൽ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചു.

കോഴിക്കോട് മേഖലകളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും കൂടി സമാഹരിച്ച ഒരു ലക്ഷം രൂപ ഡോ.കെ.പി ഹംസക്കോയ, ഡോ.ഹുസ്സൈൻ മണിക്ഫാൻ, ഇക്കാക്ക, ഡോ.കബീർ, ഡോ.ലത്തീഫ്, കെ.കെ ഷമീം, സി.എം.മുഹ്സിൻ, ഡോ.ഷൗക്കത്തലി, അഡ്വ.കെ.പി മുത്ത് എന്നിവർ ചേർന്ന് കോഴിക്കോട് കളക്ടർക്ക് നൽകി.

അമിനി എസ്.എസ്.എഫ് സമാഹരിച്ച 25000 രൂപ സ്ഥലം സബ് ഡിവിഷണൽ ഓഫീസർക്ക് കൈമാറി. ഇങ്ങനെ സംഘടിതമായും അല്ലാതെയും ലക്ഷദ്വീപിലെ സാധാരണക്കാർ സമാഹരിക്കുന്ന തുക ഒരു കോടി കവിയും എന്നാണ് കണക്കാക്കപ്പെടുന്നത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here