മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു

0
295

ദില്ലി: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി നിര്യാതനായി. 84 വയസായിരുന്നു. ദില്ലിയിലെ ആര്‍മി റിസര്‍ച് ആന്റ് റെഫറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ കുറച്ചുദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്‍റെ മരണം ഇന്ന് സ്ഥിരീകരിക്കുകയായിരുന്നു.

അദ്ദേഹത്തിന്‍റെ മകന്‍ അഭിജിത് മുഖര്‍ജിയാണ് അദ്ദേഹത്തിന്‍റെ മരണം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും, കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിംഗും അടക്കമുള്ളവര്‍ പ്രണബ് മുഖര്‍ജിക്ക് ആദരമര്‍പ്പിച്ചു.
ഭാര്യ സുവ്ര മുഖര്‍ജി (2015 സെപ്തംബര്‍ 17 ന് അന്തരിച്ചു). അഭിജിത് മുഖര്‍ജി, ശര്‍മ്മിഷ്ഠ മുഖര്‍ജി, ഇന്ദ്രജിത് മുഖര്‍ജി എന്നിവര്‍ മക്കളാണ്.

അരനൂറ്റാണ്ടു കാലത്തെ ഇന്ത്യയുടെ അധികാര രാഷ്ട്രീയ ചരിത്രം എഴുതുമ്ബോള്‍ മായ്ച്ചുകളയാനാകാത്ത സംഭാവനകള്‍ നല്കിയാണ് പ്രണബ് ദാ എന്ന പ്രണബ് മുഖര്‍ജി അരങ്ങൊഴിയുന്നത്. പ്രധാനമന്ത്രി പദം രണ്ടു തവണ നഷ്ടമായപ്പോഴും മര്യാദകള്‍ ലംഘിക്കാതെ ജനസേവനം തുടര്‍ന്നാണ് പ്രണബ് ഒടുവില്‍ രാഷ്ട്രത്തിന്‍റെ ആദ്യ പൗരനായി ഉയര്‍ന്നത്. ഭരണചാതുര്യവും പ്രായോഗിക രാഷ്ട്രീയവും സമന്വയിക്കുന്ന പ്രണബ് മുഖര്‍ജിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഇന്ത്യയ്ക്ക് ഇന്നുമുതല്‍ നഷ്ടമാകുന്നത്.

ഇന്ത്യ പ്രക്ഷുബ്ധമായ എഴുപതുകളിലും ഇന്ദിരാവധവും സിഖ് തീവ്രവാദവും കണ്ട എണ്‍പതുകളിലും സംഘപരിവാറിന്റെ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ച തൊണ്ണൂറുകളിലും കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് സാധ്യമായ രണ്ടായിരത്തിന്റെ ആദ്യ ദശകത്തിലും, പിന്നെ നരേന്ദ്രമോദിയുടെ ഉയര്‍ച്ചയുടെ കാഴ്ചകളിലും, പ്രണബ് മുഖര്‍ജി ഒതുങ്ങിയും നിറഞ്ഞുമൊക്കെ മൈതാനത്തു തന്നെയുണ്ടായിരുന്നു. പലപ്പോഴും ട്രബിള്‍ ഷൂട്ടറായി നിന്ന് രാജ്യത്തെ നയിച്ചതിനാണ് ആ ഭാരതരത്നം. ചെന്നൈയില്‍ കരുണാനിധിയോ ബിഹാറില്‍ ലാലുപ്രസാദോ പിണങ്ങുമ്ബോള്‍ പ്രണബ് മുഖര്‍ജി പറന്നെത്തുമായിരുന്നു. രാജ്യസഭയിലെ കാല്‍നൂറ്റാണ്ടിനു ശേഷമാണ് തെരഞ്ഞെടുപ്പ് പോരാട്ടത്തിലൂടെ 2004ല്‍ ലോക്സഭയിലെത്തിയത്. പ്രണബ് ഭരിക്കാത്ത മന്ത്രാലയങ്ങള്‍ കുറവ്. വിദേശകാര്യം, പ്രതിരോധം, ധനകാര്യം. പ്രധാനവകുപ്പുകളില്‍ കൈയ്യടക്കത്തോടെ തിളങ്ങിയ മുഖര്‍ജിയില്‍ നിന്ന് 1984ലും 2004 ലും പ്രധാനമന്ത്രി പദം വഴുതി മാറി. ക്ഷമയോടെ പൊതുരംഗത്ത് യാത്ര തുടര്‍ന്ന പ്രണബ് മുഖര്‍ജിയെ തേടി ഒടുവില്‍ ഒന്നാമനാകാനുള്ള ആ വലിയ അവസരം എത്തി.

പ്രതിഭ പാട്ടീല്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് 2012 ജൂലൈ 25 നാണ് അദ്ദേഹം രാഷ്ട്രപതി സ്ഥാനത്തെത്തിയത്. വിവാദങ്ങള്‍ ഒഴിവാക്കി രാജ്യത്തുടനീളം യാത്ര ചെയ്ത് ജനങ്ങളുമായി ബന്ധം സ്ഥാപിച്ച്‌ പ്രണബ് മുഖര്‍ജി അഞ്ചു വര്‍ഷം പരമോന്നത പദത്തില്‍ ഇരുന്നു. രാജ്യം അസഹിഷ്ണുതയിലേക്ക് പോകുമ്ബോള്‍ തുല്യതയെക്കുറിച്ച്‌ ഓര്‍മ്മിപ്പിച്ചു. ദയാഹര്‍ജികളില്‍ തീരുമാനം എടുക്കാന്‍ മടിച്ചില്ല. ബിജെപി അധികാരത്തിലെത്തിയപ്പോള്‍ തര്‍ക്കങ്ങള്‍ക്ക് പോയില്ല. ഓര്‍ഡിനന്‍സുകള്‍ പരിധിവിട്ടപ്പോള്‍ മുന്നറിയിപ്പ് നല്കി. വിരുദ്ധനിലപാടുള്ളവരോട് ഒരിക്കലും മുഖം തിരിഞ്ഞു നിന്നില്ല. ബംഗാളിലെ സിപിഎം നേതാക്കളായ ജ്യോതിബസുവുമായും പിന്നീട് ബുദ്ധദേബ് ഭട്ടാചാര്യയുമായും നല്ല ബന്ധം കാത്തു. ആര്‍എസ്‌എസ് ആസ്ഥാനത്ത് പോകാന്‍ മടിച്ചില്ല, അപ്പോഴും പറയാനുള്ളത് പറഞ്ഞു.

ചട്ടക്കൂടും മര്യാദയും ഭരണഘടനാ തത്വങ്ങളും തീര്‍ത്ത ലക്ഷ്മണരേഖയ്ക്കുള്ളിലായിരുന്നു എന്നും പ്രണബ് മുഖര്‍ജിയുടെ പൊതുജീവിതം. ആ അച്ചടക്കമായിരുന്നു പശ്ചിമ ബംഗാളിലെ മിറാടി എന്ന ചെറിയ ഗ്രാമിത്തില്‍ നിന്ന് റയ്സീന കുന്ന് വരെയുള്ള അത്യുജ്ജ്വല യാത്രയ്ക്ക് പ്രണബ് മുഖ്ര്‍ജിയുടെ പ്രധാന ആയുധം. സ്വാതന്ത്ര്യ സമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കമദ കിങ്കര്‍ മുഖര്‍ജിയുടെയും രാജലക്ഷ്മിയുടെയും മകനായി ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ബംഗാളിലെ മിറാതിയില്‍ 1935 ഡിസംബര്‍ 11 നായിരുന്നു ജനനം. പതിനൊന്ന് കിലോമീറ്റര്‍ നടന്നും പുഴ നീന്തികടന്നും സ്കൂളിലേക്ക് പോയിരുന്ന ബാല്യം, കൊല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് ഉന്നത ബിരുദങ്ങളുമായി പുറത്ത് എത്തിയ പ്രണബ് മുഖര്‍ജി യുഡി ക്ളര്‍ക്ക്, പത്രപ്രവര്‍ത്തകന്‍, അദ്ധ്യാപകന്‍ തുടങ്ങിയ റോളുകള്‍ പരീക്ഷിച്ചാണ് ഒടുവില്‍ ജനസഞ്ചയത്തിലേക്കിറങ്ങിയത്.

വികെ കൃഷ്ണമേനോന്‍റെ ഇലക്ഷന്‍ ഏജന്റായി തുടക്കം. ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തനായി 1969 ല്‍ ആദ്യം രാജ്യസഭയിലേക്കും പിന്നീട് കേന്ദ്ര മന്ത്രിസഭയിലേക്കും എത്തി. 1969 മുതല്‍ അഞ്ച് തവണ രാജ്യസഭയിലും 2004 മുതല്‍ രണ്ട് തവണ ലോക്സഭയിലും അംഗമായി. 23 വര്‍ഷം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയില്‍ അംഗമായിരുന്നു. 1973-74 കാലത്ത് വ്യവസായ-ധനകാര്യ വകുപ്പ് സഹമന്ത്രിയായാണ് കേന്ദ്രമന്ത്രിസഭയിലേക്കെത്തിയത്. 1982 ല്‍ ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായി. 1980 മുതല്‍ 1985 വരെ കോണ്‍ഗ്രസിന്റെ രാജ്യസഭാ കക്ഷി നേതാവുമായിരുന്നു. പ്ലാനിങ് കമ്മിഷന്‍ ഉപാധ്യക്ഷന്‍ (1991-1996), കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി (1993-1995), കേന്ദ്ര വിദേശകാര്യ മന്ത്രി (1995-1996, 2006-2009), കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി (2004-2006), കേന്ദ്ര ധനകാര്യ മന്ത്രി (2009-2012) സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2004 മുതല്‍ 2012 വരെ കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവായിരുന്നു.

രാജീവ് ഗാന്ധിയുമായി അകന്നുവെങ്കിലും സോണിയ ഗാന്ധിയെ അദ്ധ്യക്ഷയാക്കാന്‍ പ്രണബ് മുന്നിലുണ്ടായിരുന്നു. വിവേകാനന്ദന്റെയും രബീന്ദ്രനാഥ് ടാഗോറിന്റെയും ആശയങ്ങള്‍ ഒരു പോലെ സ്വാധീനിച്ച ആ ബംഗാളിയുടെ അസാന്നിധ്യം പ്രധാന ഘട്ടങ്ങളില്‍ രാജ്യത്ത് പ്രകടമാകും. തലയെടുപ്പില്‍, ജനാധിപത്യ ബോധ്യത്തില്‍, നട്ടെല്ല് വളക്കാത്ത പ്രകൃതത്തില്‍, ചരിത്രത്തില്‍ ആഴത്തിലുള്ള താല്‍പര്യത്തില്‍, ഭക്തിയും വിശ്വാസവും പിന്നോട്ടുവലിക്കാത്ത മതേതര മൂല്യങ്ങളില്‍, റൂള്‍ബുക്ക് അല്ലെങ്കില്‍ ചട്ടസംഹിതയോട് കാട്ടിയ പ്രതിബദ്ധതയില്‍, ഭരണഘടനയോട് കാട്ടിയ അചഞ്ചല വിശ്വാസത്തില്‍ എല്ലാത്തിലും ഒന്നാമനായി തിളങ്ങിയ അഞ്ചടി മൂന്നിഞ്ചുകാരനാണ് ഒടുവില്‍ മഹാമാരിക്ക് കീഴടങ്ങിയത്.

കടപ്പാട്: ഏഷ്യാനെറ്റ്


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here